
വിവാദ പ്രസംഗം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം.
നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതേസമയം വിവാദമായ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലർച്ചെ നാലോടെ ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയിൽ ജോർജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പി.സി. ജോർജിന്റെ വാഹനത്തിൽ മകൻ ഷോണ് ജോർജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോർജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത പുറത്തു വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
ഇതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരൻ എആർ ക്യാന്പിലെത്തിച്ച പി.സി. ജോർജിനെ കാണണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പോലീസ് അനുമതി നല്കിയില്ല. തുടർന്ന് പോലീസിനെതിരേ രൂക്ഷമായ പ്രതികരണമാണ് കേന്ദ്രമന്ത്രി നടത്തിയത്.
കേന്ദ്രമന്ത്രിക്കുപോലും പ്രവേശനം നിഷേധിക്കുന്ന നിലപാട്, ഇതാണോ കേരളത്തിലെ ജനാധിപത്യം എന്നായിരുന്നു മുരളീധരന്റെ ചോദ്യം.
രാവിലെ 10.10 ന് എആർ ക്യാന്പിൽ ജോർജുമായി എത്തിയ പോലീസ് സംഘം രണ്ടു മണിക്കൂർ നേരം ചോദ്യം ചെയ്തതിനുശേഷം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനായി കൊണ്ടുപോയി. അവധി ദിവസമായതിനാൽ കോടതി സമുച്ചയത്തിനു സമീപത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. ജാമ്യം നൽകരുതെന്നും രണ്ടാഴ്ചത്തേക്ക് ജോർജിനെ റിമാൻഡ് ചെയ്യണമെന്നുമുള്ള ആവശ്യമാണ് പോലീസ് മജിസ്ട്രേറ്റിനു മുന്നിൽവച്ചത്. എന്നാൽ, ഉപാധികളോടെ ജോർജിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ആശ കോശി ജാമ്യം അനുവദിച്ചു.
മതവിദ്വേഷം വരുത്തുന്ന തരത്തിൽ പ്രസംഗങ്ങൾ നടത്തുവാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.