സ്വയം തുലയരുതേ കോണ്‍ഗ്രസേ!|പ്രിയങ്കയുടെ ഭാവി തകർത്തു
കോണ്‍ഗ്രസ് പ്രവർത്തകർക്കു രാജ്യത്താകെ ആവേശം നൽകുമായിരുന്ന സഹോദരി പ്രിയങ്ക വദ്രയെ രാഷ്ട്രീയമായി തകർത്തതാകും രാഹുൽ ചെയ്ത മറ്റൊരു അപരാധം. തോൽക്കുമെന്ന് ഉറപ്പുണ്ടായിരുന്ന യുപിയിൽ മാത്രമായി പ്രിയങ്കയെ തളച്ചിടാനുള്ള തീരുമാനം പാടെ തെറ്റാണ്. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ മഹിളാ, യൂത്ത് കോണ്‍ഗ്രസുകളുടെ ചുമതല പ്രിയങ്കയ്ക്കു നൽകിയിരുന്നെങ്കിൽ അവർക്കു വലിയ സ്വീകാര്യത കിട്ടുമായിരുന്നു. ഇക്കാര്യം സോണിയയെ താൻ നേരത്തെ അറിയിച്ചിരുന്നതാണെന്നു പ്രഫ. പി.ജെ. കുര്യൻ പറയുന്പോഴാണ് പ്രിയങ്കയുടെ കാര്യത്തിലെ വീഴ്ച തെളിയുന്നത്.
പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയ രീതിയും രാഷ്്ട്രീയക്കാരനോ, കോണ്‍ഗ്രസുകാരനോ പോലുമല്ലാത്ത നവജോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതും, കാര്യമായ ജനപിന്തുണയോ കഴിവോ തെളിയിക്കാത്ത ചരണ്‍ജിത് സിംഗ് ചന്നിയെ നേതാവാക്കിയതും അടക്കം രാഹുൽ എടുത്ത തീരുമാനങ്ങൾ പലതും തെറ്റാണെന്നു കാലം തെളിയിച്ചു.
വേണം, ശക്തമായ പ്രതിപക്ഷം
“ഒന്നും പഠിക്കാതെ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് ദീപികയിലെ ഇതേ പംക്തിയിൽ എഴുതിയിരുന്ന കാര്യങ്ങളിൽ ഇപ്പോഴും മാറ്റമുണ്ടായില്ലെന്നതാണു ഖേദകരം. ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നു കരുതിയിരുന്നവർ അടക്കം നേതാക്കളും എംപിമാരും എംഎൽഎമാരും ഓരോന്നായി പാർട്ടി വിടുന്പോഴാണു നേതൃത്വത്തിന്റെ വീഴ്ചകൾ തുടരുന്നത്. പരന്പരാഗതമായി കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്ന ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, ബ്രാഹ്മണ വോട്ടുബാങ്കുകളുടെ ചോർച്ച തടയാനുമായില്ല.
സംഘടനാ തെരഞ്ഞടുപ്പു നടത്താതെ കോണ്‍ഗ്രസിന് ഇനി മറ്റു വഴികളില്ല. താഴേത്തട്ടു മുതലുള്ള തെരഞ്ഞെടുപ്പിലൂടെയാകണം പുതിയ അധ്യക്ഷൻ വരേണ്ടത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു സമരങ്ങൾ നയിക്കാൻ കഴിയട്ടെ. പാർട്ടിയിൽനിന്നകന്ന വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തു തിരികെ കൊണ്ടുവരികയും വേണം. മതതര നിലപാടിൽ വെള്ളം ചേർക്കാതിരിക്കുകയാകും സുപ്രധാനം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിൽ ജനതയുടെ അവകാശമാണ്.