സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.

Share News

“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്.

സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…”

മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ സംഭവിക്കുന്ന വിസ്ഫോടനങ്ങൾ കഥപറച്ചിലിന്റെ സാങ്കല്പിക ലോകത്തല്ല സംഭവിക്കുന്നത് പക്ഷേ മാറുന്ന മലയാളിയുടെ സ്വകാര്യ ഗൃഹാന്തരീക്ഷത്തിലാണെന്ന് എനിക്ക് തോന്നുന്നു. കോവിഡ് കാലത്ത് ക്വാറന്റീനിൽ പെട്ട് കുറെ കാലത്തിന് ശേഷം ഒരുമിച്ച് കഴിയേണ്ടി വന്ന അമ്മയ്ക്കും മക്കൾക്കുമിടയിൽ പുകയുന്ന അസ്വസ്ഥതകൾ ഈ നോവലിൻറെ 120 പേജുകളെയും ചൂട് പിടിപ്പിക്കുന്നു.

ആദ്യം ഈ പുസ്തകത്തെ പറ്റി കേട്ടപ്പോൾ അറുപത് പിന്നിട്ട വിധവയായ വീട്ടമ്മ മക്കൾക്കൊപ്പം താമസിക്കാൻ കൂട്ടാക്കാതെ വിരമിക്കൽ മന്ദിരത്തിലേക്ക് പോകുന്നതിൽ ഒരു കിടയറ്റ നോവലിന് സ്കോപ്പുണ്ടോ എന്ന് ഞാൻ ആലോചിക്കാതെ ഇരുന്നില്ല. പക്ഷെ, എങ്ങനെ നിങ്ങൾ വിരമിക്കൽ കാലത്തെ അഭിമുഖീകരിക്കുന്നു എന്ന മലയാളി പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യാത്ത വലിയൊരു ചോദ്യത്തെ, അതിന്റെ എല്ലാ സങ്കീര്ണതകളെയും ഉദ്വേഗ ഭരിതമായ ഒരു നോവലിലൂടെ ലളിതമായി അവതരിപ്പിക്കുകയാണ് യൂറോപ്പിലെ ബർഗൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് എടുത്ത സാമൂഹ്യ ശാസ്ത്രജ്ഞൻ കൂടിയായ നോവലിസ്റ്റ് തോമസ് സാജൻ.

നിരുപാധികമായ സ്നേഹ സംരക്ഷണത്തിന്റെ കോട്ടയാണ് കുടുംബം എന്നത് ശിഥിലമായ ഒരു വ്യാജ നിര്മിതിയായി പലപ്പോഴും മാറുന്ന കാഴ്ച്ചയെ ഈ നോവൽ മടി കൂടാതെ അഭിമുഖീകരിക്കുന്നുണ്ട്. സ്വാർത്ഥതയും സംഘർഷവും പല രീതിയിൽ പുറത്തേക്ക് ബഹിർഗമിക്കുമ്പോഴും സാജൻ ഏതാണ്ട് എല്ലാ ഖണ്ഡികകളിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന നർമത്തിന്റെ പൊട്ടുകൾ ഈ നോവലിനെ അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നു.

കേരളത്തിലും ഡോറാമ്മയുടെ മകൻ താമസമാക്കിയിരിക്കുന്ന നോർവേയിലും ആയി വികാസം പ്രാപിക്കുന്ന ഈ നോവൽ മലയാളി വായനക്കാർ ഇന്നേ വരെ പരിചയപ്പെട്ടിട്ടില്ലാത്ത നവീനവും വ്യത്യസ്തവുമായ പ്രമേയവും പശ്ചാത്തലവുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധിയും മനേകാ ഗാന്ധിയും ലാറി ബക്കറും TN ശേഷനും പൊടുന്നനെ കയറി വന്നു കടന്നു പോകുന്ന, വിപ്ലവം ജിൻ മുതൽ സിവറ്റ് കോഫി വരെ പ്രതിപാദ്യമാകുന്ന മലയാളത്തിലെയും ആംഗലേയത്തിലെയും പല പുസ്തകങ്ങളും സന്ദര്ഭ വശാൽ വളരെ മനോഹരമായി പരാമർശിക്കപ്പെടുന്ന, പുതുമയാർന്ന പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമായ നോവൽ ആണ് ഡോറാമ്മ വിപ്ലവം.

അതി ശക്തമായ അനേകം വാങ്മയങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ വായനാനുഭവം ഈടുറ്റ ഒരു പുസ്തകം വായിച്ചതിന്റെ സന്തോഷമാണ് എനിക്ക് തന്നത്. ആകെ ഒരു കുഴപ്പമുള്ളത് എന്റെ അടുത്ത സുഹൃത്തായിപ്പോയത് കൊണ്ട് ഞാൻ ഈ പറഞ്ഞതൊക്കെ അടുപ്പത്തിന്റെ പുറത്ത് പറഞ്ഞതാകാം എന്ന് തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളത് മാത്രമാണ്.

സാജന്റെ ആദ്യ നോവലിനെക്കുറിച്ചു സുഹൃത്തെന്ന നിലയിൽ അഭിമാനമുള്ളപ്പോൾ തന്നെ കേരളത്തിലെ ഏത് മികച്ച സാഹിത്യ ചർച്ചയിലും ഇടം ലഭിക്കാൻ അർഹതയുള്ള പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഡോറാമ്മ വിപ്ലവം എന്ന് പറയാൻ ആത്മവിശ്വാസമുണ്ട്.

ഒപ്പം ഈ ലഘു നോവലിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങളും പ്രചാരവും വളരെ പ്രോത്സാഹന ജനകമാണ് എന്ന് അറിയാൻ കഴിയുന്നത് ചെറുതല്ലാത്ത സന്തോഷം തരുന്നു.

Manu P Toms

Share News