സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ. തയ്യിൽ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾക്കൊപ്പം ( ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ )ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു.
പതഞ്ഞൊഴുകുന്ന, പൊട്ടിച്ചിരിക്കുന്ന അരുവികളും കാട്ടാറുകളും പോലെയാണ് ചില ഗ്രന്ഥങ്ങൾ, എഴുത്തുകൾ. അനുവാദത്തിനു കാത്തുനിൽക്കാതെ തീരം തേടിയടുക്കുന്ന തിരകൾ പോലെ അവ ഹൃദയത്തിൽ വന്ന് കയറിയിരിക്കും. മനസിനെ രോമാഞ്ചമണിയിക്കും.
വാക്കുകൾ കൊണ്ട് ആനന്ദം ചാർത്തും. എഴുത്തുകളിൽ വേറെ ചിലത് അനർഗളം ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴകൾ പോലെയാണ്. ഏകാന്തസുന്ദരമായ അവയുടെ തീരത്തുനിൽക്കുന്ന പൂമരങ്ങൾ നിലയ്ക്കാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പൂവിതളുകൾ കാറ്റിൽ പുഴയിലൂടെ അലസഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച എത്ര ചേതോഹരവും അനിർവചനീയവുമാണ്.
ഗ്രന്ഥങ്ങളിൽ മറ്റു ചിലത് ഹിമവൽസാനുക്കളിലെ ഏറ്റവും ഉയർന്ന ഗിരിമുകളുകൾ പോലെ നിർവചിക്കാനാവാത്ത വിധം പ്രൗഡഗാംഭീര്യമാർന്നതും, ആഴി പോലെ അഗാധം.ഇവയെല്ലാം ഒത്തുചേരുന്നൊരു ഗ്രന്ഥം, എഴുത്ത് വാസ്തവത്തിൽ എത്ര ചേതോഹരമായിരിക്കും.
കൊച്ചിയിൽ എറണാകുളം ലൂർദ് ആശുപത്രി കോൺഫറൻസ് ഹാളിൽ പ്രകാശനം ചെയ്യപ്പെട്ട , പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും അനുഗൃഹീത എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിലിന്റെ ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ എന്ന ഏഴാമത്തെ ഗ്രന്ഥം വാസ്തവത്തിൽ അങ്ങനെയൊന്നത്രെ. സമീപ വർഷങ്ങളിൽ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല ഗ്രന്ഥങ്ങളിലൊന്ന്. ഇത് പുറത്തുവരുന്നതിനു മുൻപു തന്നെ പലവട്ടം വായിക്കാൻ ലഭിച്ചത് ഈ ജീവിതത്തിലെ ഒരു പുണ്യമായി മനസ് എഴുതിയിടുന്നു.
എഴുത്തിന്റെ സുവർണകാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുപതുകളിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനും കഥാകൃത്തും മാധ്യമ പ്രവർത്തകനുമാണ് ഡോ. ജോർജ് തയ്യിൽ.
നോവലിസ്റ്റ് കെ. സുരേന്ദ്രൻ, പദ്മരാജൻ തുടങ്ങി മുട്ടത്തുവർക്കി വരെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെയൊക്കെ ഏറ്റവും അടുത്ത സുഹൃത്തും, അവരെ കുറിച്ചൊക്കെ നിരന്തരം എഴുതുകയും ചെയ്തിരുന്ന യുവ എഴുത്തുകാരൻ. പിൽക്കാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച പത്ര പ്രസിദ്ധീകരനത്തിന്റെ സ്ഥാപകപ്രവർത്തന പങ്കാളിയും അതിന്റെ പത്രാധിപരുമായിരുന്ന വ്യക്തി.
പഠിക്കുന്ന കാലത്തു തന്നെ എഴുത്തിൽ തിളങ്ങിയിരുന്ന പ്രതിഭ.അങ്ങനെ പത്രപ്രവർത്തകനും എഴുത്തുകാരനും കഥാകൃത്തുമായി ജീവിതം ആരംഭിച്ച ഡോ. ജോർജ് തയ്യിൽ എന്ന ഏറെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ അതിമനോഹരവും അതേസമയം ഒട്ടേറെ വിഷയങ്ങളിലൂടെ അതിസുന്ദരമായ്, അതീവ ഗൗരവത്തോടെ കടന്നുപോകുന്നതുമായ ജീവിതസഞ്ചാരക്കുറിപ്പുകളാണ് ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ എന്ന ഗ്രന്ഥം.
എഴുപതുകളുടെ ആദ്യം കൈയിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായി ജർമനിയിലെ മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ജോർജ് തയ്യിൽ എന്ന മൂന്നാം ലോകക്കാരനെ സ്വന്തം കുടുംബത്തോട് ചേർത്തു വച്ച ഒരു മഹദ് വ്യക്തിയോടുള്ള ആദരസൂചകമായിട്ടു കൂടിയാണ് ഡോ. തയ്യിൽ അതിസുന്ദരമായ ഒഴുക്കോടെ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ആ മഹദ് വ്യക്തി ജോർജ് റാറ്റ്സിങ്ങർ എന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയാണ്.
അദ്ദേഹവുമായി അഞ്ചു പതിറ്റാണ്ട് നീണ്ട ഒരു അപൂർവ ആത്മബന്ധത്തിന്റെ അത്യപൂർവവും അതീവ ഹൃദ്യവുമായ കഥ കൂടിയാണ് ‘ സ്വർണം അഗ്നിയിലെന്നപോലെ ‘. സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ. തയ്യിൽ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾക്കൊപ്പം ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു.
ഇരുപത് കൊല്ലത്തിലേറെയാണ് ജോർജ് റാറ്റ്സിംഗറുടെ, പിന്നീട് ബെനഡിക്റ്റ് പതിനാറാമന്റെ കുടുംബവുമായി, ആ കുടുംബത്തിലെ ഒരംഗമെന്നോണം ഡോ. ജോർജ് തയ്യിൽ ഏറ്റവുമടുത്ത് ബന്ധപ്പെട്ടിരുന്നത്.
അതീവചാരുതയാണ് ഡോ. തയ്യിൽ ഈ ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്ക്. ഒരരുവിപോലെ അതങ്ങനെ അനർഗളം അതിസുന്ദരം പതഞ്ഞൊഴുകുകയാണ്, ബവേറിയൻ ഫോക് സംഗീതം പോലെ, മ്യൂനിക്കിന്റെ അതുല്യമായ മനോഹാരിത പോലെ, ചുവപ്പും വെള്ളയും നീലയും മഞ്ഞയും നിറങ്ങളിൽ വിടർന്നു നിൽക്കുന്ന ട്യൂലിപ്സ് പുഷ്പങ്ങൾ തീർക്കുന്ന ചേതോഹരമാർന്ന വർണപ്രപഞ്ചങ്ങൾ പോലെ. എന്തൊരു ചാരുതയാണ്, കാല്പനികതയാണ്, ഒപ്പം ഗഹനമാണ് ഡോ. തയ്യിലിന്റെ ഭാഷയ്ക്ക്.
നോക്കൂ ഒരു സാമ്പിൾ – ‘ വലിച്ചു മുറുക്കുന്നതിനു മുൻപ് പൊട്ടിപ്പോയ തന്ത്രികൾ പോലെ ആ ജീവിതം ചിതറിപ്പോയി. ‘ ക്ലെശങ്ങളുടെയും സങ്കടങ്ങളുടെയും ഉടഞ്ഞു തകർന്ന താഴ്വര ‘ എന്ന് വേറൊന്ന്. കൂടുതൽ ഉദ്ധരിക്കുന്നില്ല.’ ഗദ്ഗദം കൊള്ളുന്ന മനോവേദനയുടെ നനുത്ത ഇതളുകൾ വിടരുന്ന മനോഹരമായ വാക്കുകൾ ചേർത്തുവച്ച വരികളിലൂടെ അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നു ‘ എന്നാണ് താരാശങ്കർ ബന്ദോപാധ്യായ എന്ന അതുല്യ എഴുത്തുകാരനെ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകളിൽ ഡോ. ജോർജ് തയ്യിൽ വിശേഷിപ്പിച്ചിട്ടുള്ളത് .
വാസ്തവത്തിൽ സ്വർണം അഗ്നിയിലെന്നപോലെ എന്ന ഗ്രന്ഥത്തിൽ അദ്ദേഹത്തിന്റെ എഴുത്തും എത്ര മനോഹരം!!!
ജോയ് പീറ്റർ