ദത്ത് വിവാദം: ഒടുവിൽ കുഞ്ഞ് അനുപമയുടെ കൈകളിൽ

Share News

തിരുവനന്തപുരം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.

ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്.

കുഞ്ഞ് അനുപമയുടേതാണെന്ന ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള സിഡബ്ല്യുസി റിപ്പോര്‍ട് ഗവണ്‍മെന്റ് പ്ലീഡര്‍ എ ഹക്കിം കോടതിക്ക് കൈമാറി. നേരത്തെ കേസ് ഈ മാസം 30 ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനം.

അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറി.

കുറ്റക്കാര്‍ക്കെതിരെ സമരം തുടരും: ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദക്കേസിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞുമായി സമരപ്പന്തലിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു

കുഞ്ഞിനെ കൈയില്‍ കിട്ടിയതില്‍ വളരെ അധികം സന്തോഷമുണ്ട്. ഒപ്പം നിന്ന എല്ലാവരോടും നന്ദി. മറ്റ് കാര്യങ്ങള്‍ വിശദമായി പിന്നീട് പറയുമെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു.

വൈകീട്ട് നാലുമണിയോടെയാണ് ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച്‌ വിധി പുറപ്പെടുവിച്ചത്. ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

ഡി.എന്‍.എ പരിശോധനാഫലം അനുപമക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെയും നിലപാട്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡി.എന്‍.എ ഫലം വന്നതാണ് കേസില്‍ നിര്‍ണായകമായത്.

Share News