ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ.
ലോഹ തോട്ടി ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ബഹു. കേരള സംസഥാന -വൈദ്യുതി വകുപ്പുമന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടിയുടെ ബോധവൽക്കരണ സന്ദേശം.. കഴിയുന്ന ആളുകളിലേക്കും ഷെയർ ചെയ്യുക…. മഹത്തായ ഈ യജ്ഞത്തിൽ പങ്കാളിയാകുക.
ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ.
സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇക്കൊല്ലം നാളിതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് ഇവിടെ വില്ലൻമാരാകുന്നത്.
ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്.ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം.