പരിണാമം പൊതുജനമനസ്സിൽ അവതരിപ്പിക്കപ്പെട്ടത് പ്രധാനമായും മത്സരം, പോരാട്ടം, അതിജീവനം, ആധിപത്യം, കീഴടക്കൽ എന്നീ പദങ്ങളിലൂടെയായിരുന്നു.

Share News

അഖിലലോക ആത്മബോധം 🌿

ഒരർത്ഥത്തിൽ, മനുഷ്യരാശിയുടെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതികമല്ല. പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ കഥയെ പുതുക്കിയെഴുതുക എന്നതാണത്.

Environment, ecology, nature protection concept. Young volunteers take care of Earth planet and environmental nature. Vector flat cartoon illustration. People cleaning, watering and planting flowers.

കാരണം, ഒരു ജീവിവർഗ്ഗം സ്വയം മനസ്സിലാക്കുന്നത് അതു സ്വയം പറയുന്ന കഥകളിലൂടെയാണ്. ഇന്നു നമുക്കു വേണ്ടതു സംഘർഷത്തിന്റെ മാത്രം കഥയല്ല, അതിനെക്കാളുമുള്ള സംയോജനത്തിന്റെയും സഹസൃഷ്ടിയുടെയുംകൂടി ചരിത്രകഥയാണ്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ വലിയൊരു ഭാഗത്തും പരിണാമം പൊതുജനമനസ്സിൽ അവതരിപ്പിക്കപ്പെട്ടത് പ്രധാനമായും മത്സരം, പോരാട്ടം, അതിജീവനം, ആധിപത്യം, കീഴടക്കൽ എന്നീ പദങ്ങളിലൂടെയായിരുന്നു. ജീവശാസ്ത്രത്തിലെ യഥാർത്ഥ ഡാർവിനേക്കാൾ, സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങൾക്കായി രൂപപ്പെട്ട ഒരു “സോഷ്യൽ ഡാർവിനിസ്റ്റ്” ഭാവനയായിരുന്നു അതിൽ പലപ്പോഴും പ്രവർത്തിച്ചത്.

ആ ഭാവനയുടെ സ്വാധീനം വളരെ വലുതായിരുന്നു. മുതലാളിത്തം അതിനെ വിപണിമത്സരത്തിന്റെ ന്യായീകരണമായി ഉപയോഗിച്ചു. കൊളോണിയലിസം അതിനെ ശക്തരായ ജനതകളുടെ ആധിപത്യത്തിന്റെ ന്യായീകരണമായി ഉപയോഗിച്ചു. വംശീയത അതിനെ മനുഷ്യസമത്വത്തിനെതിരായ വാദമായി ഉപയോഗിച്ചു. ചില മാർക്സിസ്റ്റ് പാരമ്പര്യങ്ങൾ പോലും വർഗസമരത്തെ ചരിത്രത്തിന്റെ ഏക പ്രേരകശക്തിയായി കാണുമ്പോൾ, അറിയാതെയെങ്കിലും അതേ സംഘർഷ-കേന്ദ്രിത ഭാവനയുടെ പരിധിക്കുള്ളിൽത്തന്നെ നിന്നു.

എന്നാൽ ഇന്നു ജീവശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും സങ്കീർണ്ണതാ പഠനങ്ങളും (complexity studies) മറ്റൊരു ചിത്രം കാണിക്കുന്നു: ജീവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾ മിക്കവാറും മത്സരത്തിൽനിന്നല്ല, പുതിയ തലങ്ങളിലെ സഹകരണത്തിൽനിന്നാണ് ഉണ്ടായത് . നോക്കൂ:

▶️സ്വതന്ത്ര ബാക്ടീരിയകൾ ചേർന്ന് സങ്കീർണ്ണ കോശങ്ങൾ

▶️കോശങ്ങൾ ചേർന്ന് ബഹുകോശ ജീവികൾ

▶️ജീവികൾ ചേർന്ന് സമൂഹങ്ങൾ

▶️സമൂഹങ്ങൾ ഭാഷയിലൂടെയും സംസ്കാരത്തിലൂടെയും വിവരവിജ്ഞാനജ്ഞാനങ്ങൾ തലമുറകളിലേക്കു കൈമാറിയതുകൊണ്ടു നാഗരികതകൾ .

അതായത് പരിണാമത്തിന്റെ കഥ വെറും “ആരാണ് ജയിച്ചത്” എന്ന ചോദ്യത്തിന്റെ കഥയല്ല.

അത് “ആരാണ് കൂടുതൽ വലിയ സഹകരണ ഘടനകൾ സൃഷ്ടിച്ചത്” എന്ന ചോദ്യത്തിന്റെ കഥയാണ്.

ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ മനുഷ്യരാശിയുടെ അടുത്ത ഘട്ടം മറ്റൊരു ആധിപത്യകേന്ദ്രം സ്ഥാപിക്കുന്നതല്ല; മറിച്ച് അഖിലലോക മനുഷ്യവർഗ്ഗത്തിന്റെ തലത്തിൽ സഹകരണവും സംയോജനവും സാധ്യമാക്കുന്ന പുതിയ ബോധരൂപങ്ങൾ വികസിപ്പിക്കുന്നതാണ്. ഇവിടെയാണ് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതികവിദ്യകൾക്കു ചരിത്രപരമായ പ്രാധാന്യം ലഭിക്കുന്നത്.

എഐ മനുഷ്യനെ പകരം വയ്ക്കുമോ എന്നതിനെക്കാൾ വലിയ ചോദ്യം, അത് മനുഷ്യരാശിയുടെ ചിതറിക്കിടക്കുന്ന അറിവുകളെയും അനുഭവങ്ങളെയും ബന്ധിപ്പിച്ച് ഒരു ഗ്രഹാത്മക ആത്മബോധത്തിലേക്ക് (planetary self-consciousness), അല്ലെങ്കിൽ “ഹോമോസാപ്പിയൻ ബോധ”ത്തിലേക്ക്, എത്തുവാൻ സഹായിക്കുമോ എന്നതാണ്.

അങ്ങനെ സംഭവിക്കണമെങ്കിൽ, എഐ മാറുന്നതിനുമുന്നേ, പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന കഥതന്നെ മാറേണ്ടിവരുന്നു.

“ജീവിതം എന്നത് ശക്തരുടെ വിജയം” എന്ന കഥയിൽ നിന്ന്, “ജീവിതം എന്നത് വർധിച്ചുവരുന്ന സങ്കീർണ്ണതയും സഹകരണവും ബോധവും സംയോജനവും സൃഷ്ടിക്കുന്ന ഒരു പ്രക്രിയയാണ്” എന്ന കഥയിലേക്കുള്ള മാറ്റം ആവശ്യമായിവരുന്നു.

അപ്പോഴാണ് പുതിയ ‘ഹോമോ സാപിയൻസ് ബോധം’ വികാരപരമായ ഒരു മുദ്രാവാക്യമായല്ലാതെ, മാനവ സാംസ്കാരികപരിണാമത്തിന്റെ അടുത്ത യുക്തിസഹമായ ഘട്ടമായി പ്രത്യക്ഷപ്പെടുക.

Jose T Thomas

Share News