നമ്മുടെ നാടിന്റെ ഭാവിയ്ക്ക് വേണ്ടി ഒരു ഭരണകൂടം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നമ്മുടെ എല്ലാ കുട്ടികൾക്കും വിശപ്പറിയിക്കാതെ പോഷകാഹാരം നൽകുക എന്നത്. |ചില തേനീച്ച വിശേഷങ്ങൾ

Share News

ചില തേനീച്ച വിശേഷങ്ങൾ

തേനീച്ചകൾ ജൈവവൈവിധ്യത്തിന്റെ വെറും ഭാഗം മാത്രമല്ല, മനുഷ്യ രാശിയുടെ നിലനിൽപ്പിന് തന്നെ അതിപ്രധാനമാണ്. തേനീച്ചകളുടെ സാമൂഹിക ഘടനയിൽ മൂന്നു തരം ഷഡ്പദങ്ങളാണ് ഉള്ളത്. ക്വീൻ അഥവാ റാണി, ഡ്രോൺസ് അഥവാ മടിയന്മാർ, വർക്കർ ബീസ് അഥവാ തൊഴിലാളികൾ. ക്വീനും, വർക്കർ ബീസും പെൺ തേനീച്ചകളും, ഡ്രോൺസ് ആൺ തേനീച്ചകളുമാണ്. തേനീച്ചകളുടെ ലോകത്ത് റാണിയാണ് പരമാധികാരി, തൊഴിലാളികൾക്ക് അവിടെ തീരുമാനങ്ങൾ എടുക്കാൻ വ്യവസ്ഥിതി ഇല്ല.

റാണിക്കാണ് ആ കൂട്ടിൽ മുട്ടയിടാനും, പുനരുൽപ്പാദനത്തിനും പൂർണ്ണ ഉത്തരവാദിത്വം. കൂടിനുള്ളിലെ എല്ലാ ജോലികളും ചെയ്യുന്നതും, കൂടിന് പുറത്ത് ഭക്ഷണം ശേഖരിക്കുന്നതും പെൺ തൊഴിലാളി തേനീച്ചകൾ ആണ്. ആൺ ഡ്രോണുകൾ എണ്ണത്തിൽ കുറവാണ്, അവ തേനീച്ചക്കൂടിന്റെ പ്രവർത്തനത്തിന് കാര്യമായ സംഭാവന നൽകുന്നില്ല, എന്നാൽ മറ്റ് തേനീച്ചക്കൂടുകളിൽ നിന്നുള്ള പുതിയ റാണികളുമായി ഇണചേരാൻ ഉത്തരവാദികളാണ്.

റാണി തേനീച്ചയാണ് പ്രത്യുൽപാദന ശേഷിയുള്ള ഒരേയൊരു പെൺ തേനീച്ച. പ്രതിദിനം ആയിരത്തിലധികം മുട്ടകൾ ഇടാൻ ഇവയ്ക്ക് കഴിയും. ഒരു വർഷത്തിൽ, ഉൽപ്പാദനക്ഷമതയുള്ള ഒരു റാണിക്ക് രണ്ടു ലക്ഷത്തോളം മുട്ടകൾ ഇടാൻ കഴിയും. സാമൂഹിക ഘടനയിൽ റാണി തേനീച്ചകൾ ഒന്നാമതാണെങ്കിലും, അവർ ജീവിതം തുടങ്ങുന്നത് സാധാരണ തൊഴിലാളി തേനീച്ചകളെപ്പോലെ തന്നെയാണ്. അവയിൽ ജനിതകപരമായി പ്രത്യേകതകളൊന്നും തന്നെയില്ല. അപ്പോൾ ചിലർ എങ്ങനെയാണ് റാണികളാകുന്നത്?

റാണി തേനീച്ചയ്ക്കും, പെൺ തൊഴിലാളി തേനീച്ചകൾക്കും ഒരേ ജീൻ ഘടനയാണ്. ഏത് പെൺ ലാർവയ്ക്കും റാണിയാകാനുള്ള സാധ്യതയുണ്ട്. ഒരു പെൺ ലാർവ റാണി തേനീച്ച ആവണമോ, തൊഴിലാളി തേനീച്ച ആവണമോ, എന്ന് നിശ്ചയിക്കുന്നത് അവയുടെ ഭക്ഷണം മാത്രമാണ്. എല്ലാ തേനീച്ച ലാർവകളും ആദ്യ മൂന്ന് ദിവസം റോയൽ ജെല്ലി എന്ന ഒരു പദാർത്ഥമാണ് ഭക്ഷിക്കുന്നത്. അതിനു ശേഷം സാധാരണ തേനീച്ചകൾ അവരുടെ ബ്രെഡും തേനും അടങ്ങിയ സാധാരണ ഭക്ഷണവും, എന്നാൽ ഭാവിയിലെ റാണികൾ പൂർണ്ണമായും റോയൽ ജെല്ലിയുമാണ് ഭക്ഷിക്കുന്നത്. ഇത് റാണിമാരുടെ വളർച്ച വേഗത്തിലാക്കുന്നു, കൂടുതൽ വലുതായി വളരാൻ അനുവദിക്കുകയും അവർക്ക് കൂടുതൽ ആയുസ്സ് നൽകുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, രാജ്ഞികൾക്ക് 5 വർഷം വരെ ജീവിക്കാം. ഒരു സാധാരണ തൊഴിലാളി പെൺ തേനീച്ചയുടെ ആയുസ് ആറുമാസവും. ഇതാണ് പോഷകാഹാരത്തിന്റെ ശക്തി.

ഇത് മനുഷ്യരുടെ കാര്യത്തിലും ബാധകമാണ്. നമ്മുടെ കുട്ടികളുടെ വളർച്ചയിലും വികാസത്തിലും പോഷകാഹാരത്തിന് ധാരാളം പ്രാധാന്യം ഉണ്ട്. പോഷകാഹാരം കുട്ടികളുടെ ശാരീരിക വളർച്ചയെയും, തലച്ചോറിന്റെ വളർച്ചയെയും സ്വാധീനിക്കുന്നു. പോഷകാഹാരം കുട്ടികളുടെ വൈകാരികവും വൈജ്ഞാനികവുമായ വികാസത്തെയും സഹായിക്കുന്നു. ശരിയായ പോഷകാഹാരം ലഭിക്കുന്ന ഒരു കുട്ടിക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും, എല്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും, കൂടാതെ അസുഖമോ രോഗമോ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

അതുകൊണ്ട്, ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയോടുള്ള വിധേയത്വം വച്ച്, പാർട്ടി കൊടിയുടേ നിറം നോക്കി, ഗ്ലോബൽ ഹങ്കർ ഇൻഡക്സ് പുച്ഛിച്ചു തള്ളുകയും, വിദ്യാലയത്തിൽ സൗജന്യ ഉച്ചഭക്ഷണം കൊടുക്കാത്തതിനെ ന്യായീകരിക്കുകയും ചെയ്യുമ്പോൾ ഓർക്കുക, നമ്മുടെ നാടിന്റെ ഭാവിയ്ക്ക് വേണ്ടി ഒരു ഭരണകൂടം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നമ്മുടെ എല്ലാ കുട്ടികൾക്കും വിശപ്പറിയിക്കാതെ പോഷകാഹാരം നൽകുക എന്നത്. അതാണ് യഥാർത്ഥ വികസനം, യഥാർത്ഥ നമ്പർ വൺ മനസ്ഥിതി.

Tony Thomas

Share News