
ഗാന്ധിഭവന് സംസ്ഥാന നാടകോത്സവം 15 മുതല്‍ കൊല്ലം സോപാനത്തില്‍
കൊല്ലം: പത്തനാപുരം ഗാന്ധിഭവന് കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ 22 വരെ കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ സംസ്ഥാന നാടകോത്സവം നടക്കും. ഉദ്ഘാടനം 15 ന് വൈകിട്ട് 4 ന് നടന് ഇന്ദ്രന്‍സ് നിര്‍വ്വഹിക്കും. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന് പ്രേംകുമാര്‍, നാടകരചയിതാവും തിരക്കഥാകൃത്തുമായ ഹേമന്ദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രൊഫഷണല്‍ നാടകങ്ങളാണ് മത്സരിക്കുന്നത്. 15 ന് കൊല്ലം അനശ്വരയുടെ ‘സുപ്രീംകോര്‍ട്ട്’, 16 ന് കൊല്ലം അശ്വതീഭാവനയുടെ ‘കുരങ്ങുമനുഷ്യന്‍’, 17 ന് ഓച്ചിറ സരിഗയുടെ ‘നളിനാക്ഷന്റെ വിശേഷങ്ങള്‍’, 18 ന് കൊച്ചിന് ചന്ദ്രകാന്തയുടെ ‘അന്നം’, 19 ന് കൊല്ലം സുരഭിയുടെ ‘ഇവിടെ ഒരു പുഴ ബാക്കിയായി’, 20 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വേനലവധി’, 21 ന് കൊല്ലം ആത്മമിത്രയുടെ ‘അടുക്കളപക്ഷി’, 22 ന് തിരുവനന്തപുരം സംഘകേളിയുടെ ‘മക്കളുടെ ശ്രദ്ധയ്ക്ക്’ എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാദിവസവും വൈകിട്ട് 6.30 നാണ് നാടകം. ഒന്നാം സ്ഥാനത്ത് എത്തുന്ന നാടകത്തിന് 50,000 രൂപയും ഫലകവും, രണ്ടാം സ്ഥാനത്തിന് 40,000 രൂപയും ഫലകവും, മൂന്നാം സ്ഥാനത്തിന് 35,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. മേയ് അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയോടനുബന്ധിച്ച് എല്ലാദിവസവും 4.30 മുതല്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളും സെമിനാറുകളും കലാപരിപാടികളും നടക്കും.
സാംസ്കാരികവകുപ്പുമായി ചേര്‍ന്ന് ‘ഗാന്ധിഭവന് കലാസാംസ്കാരിക കേന്ദ്രം’ അവശത അനുഭവിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ ക്ഷേമത്തിനായി 40 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കലാമേഖലയില്‍ കഷ്ടതയനുഭവിക്കുന്ന കൊല്ലം ജില്ലയിലുള്ള 10 പേര്‍ക്ക് വീടുവയ്ക്കാന്‍ വസ്തു, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 100 കലാകാരന്മാര്ക്ക് പ്രതിമാസ പെന്ഷന്, 200 കലാകാരന്മാര്ക്ക് ഒരു ജോഡി വീതം വസ്ത്രം, 60 വയസ്സ് കഴിഞ്ഞ 25 കലാകാരന്മാര്ക്ക് ആദരവും ധനസഹായവും, ആരോഗ്യവും തൊഴിലും നഷ്ടപ്പെട്ട കലാകാരന്മാരുടെ കുടുംബസംഗമം, സംസ്ഥാന നാടകോത്സവം എന്നിവയാണ് ഈ വര്‍ഷത്തെ പദ്ധതികള്‍.
പത്രസമ്മേളനത്തില്‍ ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, ഗാന്ധിഭവന് കലാസാംസ്കാരികകേന്ദ്രം ചെയര്മാന് കെ.പി.എ.സി. ലീലാകൃഷ്ണന്, കണ്‍വീനര്‍ അനില്‍ ആഴാവീട്, കോ-ഓര്‍ഡിനേറ്റര്‍ കോട്ടാത്തല ശ്രീകുമാര്‍, കണ്ട്രോളിംഗ് ഓഫീസര്‍ ബി. പ്രദീപ്, സ്വാഗതസംഘം ചെയര്മാന് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, കണ്‍വീനര്‍ ബൈജു എസ്. പട്ടത്താനം എന്നിവര്‍ പങ്കെടുത്തു.
