അന്നദാനത്തിലൂടെ ദൈവം മനുഷ്യരിലെത്തുന്നു-ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

Share News

കൊല്ലം: പുതിയ തലമുറയ്ക്ക് ഭക്ഷണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കേണ്ടി വന്നിരിക്കുന്ന സാഹചര്യമാണെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. അന്നത്തിലൂടെ അന്നദാതാവായ ദൈവം മനുഷ്യരിലെത്തുകയാണ്. ഏറ്റവും നല്ലത് സഹോദരങ്ങള്‍ക്കു പങ്കുവയ്ക്കാനുള്ള മനസ് കുട്ടികളില്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

കുഞ്ഞുങ്ങളില്‍ നിന്നും ഭക്ഷണതപ്പൊതി സ്വീകരിച്ച് വിശക്കുന്നവനു പങ്കുവയ്ക്കുന്ന അഗതികള്‍ക്കൊരു ചോറ് പൊതി പദ്ധതി പുതിയ തലമുറകള്‍ക്കുള്ള നന്മ പാഠങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു വികെയര്‍ പാലിയേറ്റീവ് മുഖ്യ രക്ഷാധികാരിയും, ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ബിഷപ് പറഞ്ഞു.

2009 നവംബര്‍ 23ന് വിക്ടോറിയ ആശുപത്രിയില്‍ ആരംഭിച്ച പദ്ധതി കൊവിഡ് കാലത്ത് നിന്നുപോയെങ്കിലും വീണ്ടും ആരംഭിക്കുന്നതിന്റെ ഉദ്ഘാടനമാണ് ബിഷപ് നിര്‍വ്വഹിച്ചത്.

ഇനി മുതല്‍ വികെയര്‍ പാലിയേറ്റീവും രൂപതയുടെ ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രൊലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ഒരുമിച്ചായിരിക്കും ചോറുപൊതി വിതരണം നടത്തുക. വികെയര്‍ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. കെപിഎസി ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രൊലൈഫ് ഡയറക്ടര്‍ ഫാ. ജോയ്സന്‍ ജോസഫ്, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, വികെയര്‍ പാലിയേറ്റീവ് കെയര്‍ ട്രഷറര്‍ ബെറ്റ്സി എഡിസണ്‍, വൈസ് ചെയര്‍മാന്‍ ഇഗ്‌നേഷ്യസ് വിക്ടര്‍, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share News