
ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?
ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?

ഗാഡ്ഗിൽ മാമൻ്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശത്ത് കണ്ടുകൂടാത്ത “വൻകിട”‘ നിർമ്മിതികളിൽ പെടുത്താവുന്ന രണ്ട് കെട്ടിടങ്ങൾ.
അതായത് ഉണ്ണീ, ശക്തിസ്വരൂപിണിയായ പ്രകൃതീദേവി ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ ഒരു എൻ്റർടെയിൻമെൻ്റിന് ഉല്ലാസതാണ്ഡവം സെറ്റപ്പാക്കുമ്പോൾ അതിന് തടസം ഉണ്ടാക്കാൻ ശക്തമായ മാനുഷിക നിർമ്മിതികൾ ഒന്നും പാടില്ല. ഒറ്റ നിരത്തിന് ഫ്ലാറ്റ് ആക്കാൻ പാകത്തിലുള്ള കൂരകൾ മാത്രം ആവാം. കുന്നിൻചരുവിലെ പാമരന്മാർക്ക് അതുമതി. പാറക്കല്ലും കോൺക്രീറ്റും വെച്ചുള്ള പരിപാടികളൊക്കെ നിരപ്പായ പ്രദേശത്തെ ലക്ഷ്മീകാന്തന്മാർക്ക് മാത്രം ഉള്ളതാണ്.
ഓരോ പ്രദേശത്തെ ഓരോ പ്ലോട്ടിലും മണ്ണിൻ്റെ ഘടനയും വെള്ളപ്പാച്ചിലും ചെരിവും ഇരിപ്പു വശവുമൊക്കെ നോക്കി ശരിയായി ജിയോളജിക്കൽ അസസ്മെൻ്റ് നടത്തി മാത്രം നിർമ്മാണാനുമതി നൽകുന്നതാണ് ശാസ്ത്രീയ രീതി. അല്ലാതെ നാടുതിരിച്ച് ഓരോരോ ചാപ്പ കുത്തി ആളുകളെ ഭീതിയിലാഴ്ത്തുന്നത് അപ്രായോഗികതയാണ്. അശാസ്ത്രീയതയാണ്. അതുകൊണ്ടാണ് മാമൻ്റെ റിപ്പോർട്ട് മുൻ ഭരണാധികാരികൾ ചവറ്റുകുട്ടയിലിട്ടത്.
പശ്ചിമഘട്ടത്തിലെ കൃഷിക്ക് രാസവളം ഉപയോഗിക്കരുത്. വാർഷിക വിളകൾ പാടില്ല തുടങ്ങിയവയാണ് ഗാഡ്ഗിൽ മാമൻ്റെ റിപ്പോർട്ടിലെ പ്രധാന ഹൈലൈറ്റുകൾ.
പിന്നെ പാറക്കോറികൾ. അത് മാമന് തീരെ കണ്ടുകൂടാ. മഹാരാഷ്ട്രയിലെ ഏതോ നഗരത്തിൽ മാമൻ താമസിക്കുന്നത് പാറ പൊട്ടിക്കാത്ത വള്ളിക്കുടിലിലോ ഗുഹയിലോ മറ്റോ ആയിരിക്കണം. കേരളത്തിലെ അദ്ദേഹത്തിൻ്റെ ആർമി അംഗങ്ങളും അങ്ങനെയാണല്ലോ.
പലരുടേയും ധാരണ ഇദ്ദേഹം ഒരു ജിയോളജിസ്റ്റ് ആന്നെന്നാണ്. പക്ഷേ പുള്ളി പഠിച്ചത് ബയോളജിയും സുവോളജിയുമാണ്. കൃഷി ആപ്പീസറായി പിന്നീട് പരിസ്ഥിതിയിലേക്ക് തിരിഞ്ഞു.
പാറക്കോറികൾ ഒരു തരത്തിലും ഉരുൾപൊട്ടലിന് കാണമാവുന്നില്ല എന്ന് വിദഗ്ദരായ നിരവധി ഭൗമശാസ്ത്രജ്ഞർ അടിവരയിട്ട് പറയുന്നുണ്ട്. പക്ഷേ മാമൻ പറയുന്നതാണ് നാട്ടിലെ വാട്ട്സാപ്പ് മാമൻമാർക്ക് വേദവാക്യം.
അല്ലെങ്കിൽത്തന്നെ ഈ ചൂരൽമലയുടെ കാര്യം നോക്കുക കുറഞ്ഞത് പത്തു കിലോമീറ്ററിനുള്ളിൽ ഒരു ക്വാറി പോലുമില്ല.
ചൂരൽമല ഉൽഭവസ്ഥാനത്തിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് മുണ്ടക്കയിലെ ഏറ്റവുമടുത്ത ജനവാസ കേന്ദ്രത്തിലേക്ക് മൂന്നു കിലോമീറ്ററിൽ അധികം ദൂരമുണ്ട്. മനുഷ്യസ്പർശമേൽക്കാത്ത കാടാണ് ആ പ്രദേശം മുഴുവൻ. അതിനുള്ളിൽ മഴയല്ലാത്ത ഒരു ശക്തിയും ഒരിടപെടലും നടത്തിയിട്ടില്ല.
എന്നിട്ടും വരാനുള്ള ഉരുൾപൊട്ടലിന് ഒരു വിഘാതവും ഉണ്ടായില്ല. ഉണ്ടാവില്ല എന്നു തന്നെയാണ് നമ്മളും പറയുന്നത്. മഴയെ തടുക്കാൻ തൽക്കാലം മറ്റൊന്നിനുമാവില്ല.
മഴ ശക്തിപ്പെടുമ്പോൾ, റെഡ് ഓറഞ്ച് അലർട്ടുകൾ വരുമ്പോൾ ഇത്തരം പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതല്ലാതെ തൽക്കാലം വേറെ വഴികളൊന്നുമില്ല.
പ്രഭവസ്ഥാനത്തിന് നാലു കിലോമീറ്ററപ്പുറം മുണ്ടക്ക പ്രദേശവും കഴിഞ്ഞാണ് ചായത്തോട്ടങ്ങളും മറ്റും വരുന്നത്. താഴെ ചായത്തോട്ടം വന്നതുകൊണ്ട് നാലുകിലോമീറ്റർ മുകളിൽ ഉരുൾ പൊട്ടി എന്ന തിയറിയും കൊണ്ട് ഈ വഴിക്ക് ആരും വരരുത്.
അനാവശ്യമായ കാൽപ്പനിക പരിസ്ഥിതി പ്രേമം വിതറാതിരുന്നെങ്കിൽ ആവശ്യത്തിന് പാറ ഉണ്ടായിരുന്നെങ്കിൽ ആളുകൾ നല്ല കയ്യാലകളും കെട്ടിടങ്ങളും ഉണ്ടാക്കിയേനെ. കുറച്ചു പേർ കൂടി മരിക്കാതിരുന്നേനെ.
നോർവേയിലും സ്വിസിലുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടാവാറുണ്ട്. ഒരു മാതിരി എല്ലാ വീടുകളും ചെരിവുകളിൽ ആണുള്ളത്. പക്ഷേ എല്ലാ ചെരിവുകളും കൂറ്റൻ പാറക്കല്ലുകൾ കൊണ്ടുവന്ന് കെട്ടി ഭദ്രമാക്കിയിട്ടുണ്ടാവും. അതത് പ്രാദേശത്തെ ഏറ്റവും അടുത്ത ഉറവിടത്തിൽ നിന്നും പാറ പൊട്ടിച്ചെടുക്കാൻ അവർക്ക് മടിയില്ല.
അവിടെ പ്രകൃതീദേവിയും ശക്തിയുമൊന്നുമില്ലല്ലോ. മനുഷ്യൻ്റെ സുരക്ഷയ്ക്കും നിലനിൽപ്പിനും ആന്ന് പ്രാധാന്യം. ഒരു വശത്ത് കാട്ടിൽ നിന്ന് ആവശ്യം പോലെ മരം വെട്ടും. അപ്പുറത്ത് മുറപോലെ വച്ചു പിടിപ്പിക്കുകയും ചെയ്യും.
നമ്മൾ ഇവിടെ കടൽക്കിഴവൻ മാമൻമാരുടെ ഊളത്തരങ്ങളും പരിസ്ഥിതിഭ്രാന്തും തലയിലേറ്റി നാട് മുടിപ്പിക്കും.
ഗാഡ്ഗിലിനെ ഈയവസരത്തിൽ പൊക്കിക്കൊണ്ട് നടക്കുന്നവരിൽ കൂടുതലും കഥയറിയാത്ത പാവങ്ങളാണ്. ഇടനാട്ടിൽ ജീവിക്കുന്ന കുറച്ചുപേർ മതരാഷ്ട്രീയ വ്യത്യാസമില്ലാതെ കുത്തിത്തിരിപ്പിന് ഇറങ്ങിയിട്ടുണ്ട് എന്നതും വിസ്മരിക്കുന്നില്ല.
അശാസ്ത്രീയയും ജൈവ-കാൽപ്പനികവൽക്കരണവുമാണ് ഗാഡ്ഗിൽ റിപ്പോർട്ടിൻ്റെ ഏറ്റവും വലിയ പ്രശ്നം. പശ്ചിമഘട്ടത്തിൽ പാറ പൊട്ടിക്കരുത് വലിയ നിർമിതികൾ പാടില്ല ജൈവകൃഷി മാത്രം ചെയ്യണം എന്നതൊക്കെ സാധാരണക്കാർക്ക് കേട്ടാൽ ശരിയെന്ന് തോന്നുന്ന അശാസ്ത്രീയവും അപ്രായോഗികവുമായ നിർദ്ദേശങ്ങളായിരുന്നു.
പശ്ചിമഘട്ടം കേരളത്തിൽ അവസാനിക്കുന്നില്ല. മഹാരാഷ്ട്രയും കടന്ന് ഗുജറാത്ത് വരെ ഉണ്ട്. അവിടെയൊന്നും ഇല്ലാത്ത ഓളമാണ് അൽപ്പം വിവരവും വിദ്യാഭ്യാസവും ഉള്ള കുറേ മലയാളികൾക്ക്.
നമ്മുടെ ദൗർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ.
Shinto Paul