..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി

Share News

എന്റപ്പൻ പാലം

കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്.

സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് ഹോട്ടലോ ബസ് സർവ്വീസോ ഒക്കെ (പഴയ കാര്യമാണ് പറയുന്നത്). പക്ഷെ സർക്കാർ ഇത്തരം പദ്ധതികൾ ഏറ്റെടുത്താൽ പൊതുവെ നഷ്ടത്തിൽ എത്തുകയാണ് പതിവ്.

അല്ലെങ്കിൽ തന്നെ സർക്കാർ ഈ ഹോട്ടലും ട്രാൻസ്പോർട്ടും ഒന്നും നടത്തണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. ഗവൺമെന്റിന്റെ പണി ഭരണമാണ്, കച്ചവടം അല്ല. നയങ്ങൾ രൂപീകരിക്കുക, നിയമങ്ങൾ ഉണ്ടാക്കുക, അത് നടപ്പിലാക്കുക, ഇതൊക്കെ ആണ് ചെയ്യേണ്ടത്. നല്ല ഉദ്യോഗസ്ഥരെ സോപ്പ് കമ്പനി നടത്താൻ വിട്ടാൽ എങ്ങനെയാണ് ഭരണം നടത്തുന്നത് ?

അടിസ്ഥാന സൗകര്യ വികസനത്തിനായാലും ക്ഷേമ പ്രവർത്തനത്തിന് ആയാലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ ആണെങ്കിലും സർക്കാരിനും പണം ഉണ്ടായേ പറ്റൂ.

ലോകത്തെ അനവധി സർക്കാരുകൾ അനവധി രീതികളിൽ എളുപ്പത്തിൽ പണം ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് സിംഗപ്പൂരിൽ ഒരു കാറു വാങ്ങണമെങ്കിൽ ആദ്യം തന്നെ കാറ് വാങ്ങാനുള്ള “അവകാശം” വാങ്ങണം. ഇത് (Certificate of Eligibility) സർക്കാർ ലേലം ചെയ്യുകയാണ്. ഓരോ മാസവും എത്ര CoE കൊടുക്കാം എന്ന് സർക്കാർ തീരുമാനിക്കുന്നു. അതിന് കാറ് വാങ്ങണം എന്ന് ആഗ്രഹമുള്ള എല്ലാവരും അവരുടെ ബിഡ് കൊടുക്കുന്നു. അതനുസരിച്ച് CoE യുടെ വില തീരുമാനിക്കുന്നു. ചില മാസങ്ങളിൽ ഒരു കാറിന്റെ വിലയിലും കൂടുതൽ വരും CoE യുടെ വില. വർഷത്തിൽ പതിനായിരം കോടി രൂപയിൽ അധികമാണ് സിംഗപ്പൂർ സർക്കാരിന്റെ CoE വരുമാനം. അഞ്ചു പൈസ ചിലവില്ലാതെ കിട്ടുന്ന വരുമാനമാണ്.

കേരളത്തിൽ എളുപ്പത്തിൽ നടപ്പിലാക്കാവുന്നതാണ്. നമ്മൾ അല്പം സോഷ്യലിസ്റ്റ് ഒക്കെ ആയതിനാൽ ഒരു വീട്ടിലെ ആദ്യത്തെ കാറ് CoE ഇല്ലാതെ വാങ്ങാം എന്ന് വക്കാം. പക്ഷെ രണ്ടാമത്തെ കാറ് വാങ്ങാനുള്ള അവകാശം വിലക്ക് വാങ്ങണം എന്ന് തീരുമാനിച്ചാൽ കോടിക്കണക്കിന് രൂപ ചുമ്മാ വരും.

ലണ്ടൻ നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടി തിരക്കുണ്ടായ കാലത്ത് ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ ഒരു “തിരക്ക് നികുതി” കൊണ്ട് വന്നു. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ ലണ്ടൻ നഗരത്തിലേക്ക് പ്രവേശിക്കാൻ ഒരു പ്രത്യേക നികുതി കൊടുക്കണം (congestion tax). നടപ്പിലാക്കുന്നതിന് മുൻപ് ഏറെ എതിർപ്പ് ഉണ്ടായെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. ഇപ്പോൾ വർഷത്തിൽ ആയിരത്തി ഇരുന്നൂറ് കോടി രൂപ ലണ്ടൻ നഗരത്തിന് കിട്ടുന്നു. വാഹനങ്ങൾ തിരക്കിൽ കിടന്നു കളയുന്ന സമയത്തിന്റെയും ഇന്ധനത്തിനെയും ലാഭം അതിന്റെ പതിന്മടങ്ങ് എന്നാണ് കണക്ക്. നമ്മൾ ഇത് കണ്ടു പഠിച്ചാൽ എറണാകുളം നഗരത്തിനെങ്കിലും ഒരു പത്തമ്പത് കോടി രൂപ ചുളുവിൽ ഉണ്ടാക്കാൻ പറ്റും, തിരക്കും കുറയും.

കേരളത്തിൽ അയ്യായിരവും പതിനായിരവും ചതുരശ്ര അടി ഉള്ള വീടുകൾ ആളുകൾ ഉണ്ടാക്കുന്നുണ്ട്. അതിനെതിരെ നിയമം ഒന്നുമില്ല. നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില കെട്ടിടത്തിന്റെ വിസ്തീർണ്ണം അനുസരിച്ച് കൂട്ടുന്ന ഒരു സംവിധാനം ഉണ്ടാക്കാം. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടിക്ക് മുകളിൽ ഉള്ള വീടുകൾക്ക് വാങ്ങുന്ന ഓരോ വസ്തുവിന്റെയും വിലയിൽ ഓരോ അഞ്ഞൂറടിക്കും 20 ശതമാനം വരെ “പൊങ്ങച്ച നികുതി” ഈടാക്കാം. പൊങ്ങച്ചം കൂടി വരുന്ന കാലമാണ്, നികുതിയും കൂടും.

യൂണിവേഴ്സിറ്റികളിൽ ഉള്ള കെട്ടിടങ്ങൾക്കും പ്രോഗ്രാമുകൾക്കും ഒക്കെ വലിയ പണക്കാരുടെ പേരിട്ടു കാശു വാങ്ങുന്ന ഒരു പരിപാടി അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുണ്ട്. നമുക്കുള്ള ആയിരക്കണക്കിന് സ്‌കൂൾ കെട്ടിടങ്ങൾക്കൊക്കെ ആരുടെയെങ്കിലും പേരിടുന്ന ഒരു പരിപാടി തുടങ്ങാവുന്നതേ ഉള്ളൂ. എത്ര പൈസ മുടക്കാം എന്ന് ആ നാട്ടിൽ ലേലത്തിന് വച്ചാൽ മതി. പൈസക്കും പൊങ്ങച്ചത്തിനും നാട്ടിൽ ഒരു കുറവുമില്ല. വെറുതെ കിടക്കുന്ന കെട്ടിടത്തിനൊക്കെ ഒരു പേരാകും. സർക്കാരിന് കുറച്ചു കാശും.

കൊച്ചിയിൽ മെട്രോ സ്റ്റേഷന്റെ പേരുകൾ ഒക്കെ ലേലം ചെയ്തു വിറ്റു മെട്രോ കാശുണ്ടാക്കുമ്പോൾ കേരളത്തിലെ കെ എസ് ആർ ടി സി സ്റ്റോപ്പുകളുടെ ഒക്കെ പേര് വിറ്റ് കെ എസ് ആർ ടി സിക്കും കുറച്ചു കാശുണ്ടാക്കി കൂടെ ?

സ്വിറ്റസർലണ്ടിൽ തുരു തുരെ പാലങ്ങൾ ആണ്, ചെറുതും വലുതുമായി അനവധി. മിക്കവാറും പാലങ്ങൾക്ക് ഒരു പേരുണ്ട്. നമ്മുടെ നാട്ടിൽ ഇതിന് ആ സ്ഥലത്തിൻ്റെ പേരോ നാട്ടുകാർ കൊടുക്കുന്ന പേരോ ആണ്. ഉദാഹരണത്തിന് പെരുമ്പാവൂരിൽ നിന്നും വെങ്ങോലക്ക് പോകുന്ന പി പി റോഡിലുള്ള ആദ്യത്തെ പാലത്തിനെ പേര് പാത്തിപ്പാലം എന്ന്. അതിന് എന്ത് അർത്ഥമാണ് ഉള്ളത്. ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. സർക്കാരിനാകട്ടെ പണം കിട്ടുന്നത് കൂടാതെ ഒരിക്കൽ ഉൽഘാടനം ചെയ്ത പാലം വീണ്ടും ഉൽഘാടനം ചെയ്യുകയും ആവാം.ഈ പേരൊക്കെ ലൈഫ് ടൈം വാങ്ങുകയോ വർഷത്തേക്ക് വാങ്ങുകയോ അഞ്ചു വർഷത്തേക്ക് വാങ്ങുകയോ ഒക്കെ ചെയ്യുന്ന പല സ്കീമുകൾ ഉണ്ടാക്കാം.

പണമില്ലാത്തത് കൊണ്ട് ഒരു പദ്ധതിയും മുടങ്ങേണ്ട കാര്യമില്ല !

മുരളി തുമ്മാരുകുടി

(വരാനിരിക്കുന്ന കാലടി പാലം, അത് ഞാനിങ്ങെടുക്കുവാ)

Share News