![](https://nammudenaadu.com/wp-content/uploads/2021/02/pmod.jpg)
മോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ കാര്യങ്ങളിനി എളുപ്പമാകില്ല. കെട്ടുറപ്പുള്ള ഭരണവും ശക്തമായ പ്രതിപക്ഷവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്ന് കാലം വീണ്ടും തെളിയിച്ചു. ഭരണഘടന ഉറപ്പുവരുത്തുന്ന മതേതര കാഴ്ചപ്പാടുകളും ജനാധിപത്യ മൂല്യങ്ങളും തച്ചുടച്ച് തകര്‍ത്തെറിയാന്‍ ആരെയും അനുവദിക്കില്ലെന്ന ഒരു ജനസമൂഹത്തിന്റെ ഉറച്ച തീരുമാനം അധികാര കേന്ദ്രങ്ങള്‍ക്ക് തുടര്‍ന്നുള്ള നാളുകളില്‍ ചൂണ്ടുപലകയാണ്.
![](https://nammudenaadu.com/wp-content/uploads/2021/10/modipm-1024x639.jpg)
മൂന്നാം തവണ അധികാരത്തിലേറിയെങ്കിലും 18-ാം ലോകസഭാതെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ മോടിക്കേറ്റ മങ്ങല്‍ ചില്ലറയൊന്നുമല്ല. 10 വര്‍ഷത്തെ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള കൂട്ടുഭരണത്തിനുശേഷം ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തിലേറിയാലും സഖ്യകക്ഷികളെ ആശ്രയിക്കേണ്ട സാഹചര്യം ബിജെപിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഭരണത്തിന്റെ നിയന്ത്രണച്ചരട് സഖ്യകക്ഷികളുടെ കൈകളിലേയ്ക്ക് ഇനിയുള്ള നാളുകളില്‍ വഴുതിമാറും. ഭരണസംവിധാനത്തിനുള്ളില്‍ ഭരണം കയ്യാളുന്ന ബദല്‍ശക്തികള്‍ പത്തിവിരിച്ചാടും. ആര്‍എസ്എസ് ആസ്ഥാനത്ത് രൂപപ്പെടുന്ന പദ്ധതികള്‍ അതേപടി ഭരണത്തില്‍ നടപ്പിലാക്കുവാന്‍ സാധിക്കാത്ത നിസ്സഹായതയില്‍ സഖ്യകക്ഷികളുടെ മുമ്പില്‍ മുഖ്യകക്ഷിക്ക് യാചിച്ചു നില്‍ക്കേണ്ട ഗതികേട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചതും മോദി തോറ്റതും മോദി.
ഇന്ത്യയുടെ ആത്മാവ്
ഭരണത്തിന്റെ ഏകാധിപത്യ ശൈലി ജനാധിപത്യരാജ്യം തള്ളിക്കളയുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഭരണശൈലികളില്‍ മാറ്റവും പുതുഘടനയുമുണ്ടാകണം. ജനകീയ വിഷയങ്ങളും പ്രശ്‌നങ്ങളും കൂടുതല്‍ ജനകീയ പൊതുവേദികളില്‍ ചര്‍ച്ചചെയ്യപ്പെടണം. അടിച്ചേല്പിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഇനി വിലപ്പോവില്ല. വര്‍ഗ്ഗീയവിഷം ചീറ്റിയുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കും വര്‍ഗ്ഗീയ തീവ്രവാദസംഘടനകളെ കയറൂരി വിട്ടുള്ള അക്രമങ്ങള്‍ക്കും ഹിന്ദി മേഖലയില്‍ തിരിച്ചടി കിട്ടിയത് തിരിച്ചറിയണം. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ചൈതന്യം നഷ്ടപ്പെടരുത്. മതം, ഭാഷ, വിശ്വാസപ്രമാണങ്ങള്‍, ജീവിതശൈലി, രാഷ്ട്രീയം, സംസ്‌കാരം എന്നിവയെല്ലാം ഈ മണ്ണില്‍ നിലനിര്‍ത്തണം. ആര്‍ഷ ഭാരത സംസ്‌കാരമെന്നത് ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയും ഇന്ത്യയുടെ ചൈതന്യവുമാണ്. ഭരണഘടനയാകട്ടെ ഇന്ത്യയുടെ ആത്മാവും. ഭരണഘടനാ ശില്പികളുടെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളും അധികാരത്തിലേറുന്ന പുതുതലമുറയും കാണാതെ പോകരുതെന്നും ഭരണഘടന ഭാരതമക്കള്‍ക്ക് ഉറപ്പാക്കുന്ന സ്വാതന്ത്ര്യവും സമത്വവും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെക്കുറിച്ച് വലിയ പരാതികളില്ല. വന്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നില്ല. രാജ്യം ഏകാധിപത്യത്തിലേയ്ക്ക് പോകുമെന്ന ആശങ്കയും ഫലത്തില്‍ പരിഹരിക്കപ്പെട്ടു.
ജനങ്ങളെ വെല്ലുവിളിക്കരുത്
ഭരണത്തോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ പല ജനദ്രോഹ നിയമനിര്‍മ്മാണങ്ങളും ഭരണകക്ഷി നേരിട്ട തിരിച്ചടിയുടെ മുഖ്യകാരണങ്ങള്‍ തന്നെ. ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച കര്‍ഷകവിരുദ്ധ കരിനിയമങ്ങളും അതിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭവും കനലായും അഗ്നിജ്വാലയായും ഹിന്ദിയുടെ ഹൃദയഭൂമിയില്‍ കേന്ദ്രസര്‍ക്കാരിനെ വിഴുങ്ങി. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ഗീയ ഗ്രൂപ്പുകള്‍ നടത്തിയ കടന്നാക്രമങ്ങളും അഴിഞ്ഞാട്ടവും തിരിച്ചടിയായി. ഏകീകൃത സിവില്‍ കോഡും ഏകീകൃത നികുതിയും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം ആശയപരമായി പുരോഗമനമെങ്കിലും ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളേയും ഫെഡറല്‍ സംവിധാനങ്ങളേയും മതവിശ്വാസങ്ങളേയും വെല്ലുവിളിക്കുന്നതാണെന്ന് ജനം തിരിച്ചറിഞ്ഞ് പ്രതികരിച്ചു. സാധാരണ ജനങ്ങളുടെ ജീവിതത്തെ വെല്ലുവിളിച്ച് ഒരു സര്‍ക്കാരിനും ഭാരതമണ്ണില്‍ നിലനില്പില്ലെന്ന് തുടര്‍ഭരണം ലഭിച്ചാലും ഓര്‍മ്മപ്പെടുത്തുന്നു. മണിപ്പൂരില്‍ സമാധാനം സാധ്യമാക്കുന്നതിലുണ്ടായ പരാജയവും, ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങളും നോട്ടുനിരോധനത്തിന്റെ ആഘാതങ്ങളും ഭരണഘടന അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും അധികാരത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സമീപനവും പാര്‍ലമെന്റില്‍ അതിവേഗം പാസാക്കുന്ന ബില്ലുകളും തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്ക് തിരിച്ചടിയായി.
ശക്തമായ പ്രതിപക്ഷം വേണം
ശക്തമായ പ്രതിപക്ഷമില്ലാതിരുന്നതിന്റെ മറവില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനൊരുങ്ങിയ കേന്ദ്രഭരണത്തിനെതിരെയുള്ള വിധിയെഴുത്തായും തെരഞ്ഞെടുപ്പ് ഫലം മാറി. ജനാധിപത്യത്തിന്റെ അന്തഃസത്ത രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദവും ശ്രവിക്കാനുള്ള ഭരണാധികാരികളുടെ തുറന്ന സമീപനമാണ്. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ശൈലിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ദുര്‍ബലമായ പ്രതിപക്ഷമല്ല ആത്മവിശ്വാസവും ചങ്കുറപ്പും തന്റേടവുമുള്ള ക്രിയാത്മകമായ പ്രതിപക്ഷമാണ് വേണ്ടത്. ഇന്ത്യ ആ ദിശയിലേയ്ക്ക് 2024ല്‍ മാറി ചിന്തിക്കാന്‍ തുടങ്ങുന്നത് പ്രതീക്ഷയേകുകയും ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്യുന്നു.
രാജ്യാന്തര ബന്ധം-ജനക്ഷേമം
![](https://nammudenaadu.com/wp-content/uploads/2020/11/modi1new.jpg)
ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളില്‍ കഴിഞ്ഞ നാളുകളിലെ മോദി ഭരണത്തിലുണ്ടായ കുതിച്ചുചാട്ടം പ്രശംസനീയമാണ്. അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ നരേന്ദ്രമോദിക്കായിയെന്ന പരമാര്‍ത്ഥം നിഷേധിക്കാനാവില്ല. ജനക്ഷേമം ലക്ഷ്യം വെച്ചുള്ള പല പദ്ധതികളും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നതും വാസ്തവമാണ്. കോവിഡിനുശേഷം അയല്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചുനില്‍ക്കുക മാത്രമല്ല കുതിച്ചു മുന്നേറിയത് ഭരണനേട്ടം തന്നെ. ദേശീയ സുരക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്. ഭീകരവാദശ്രമങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും ഭരണനേട്ടമാണ്. രാജ്യാന്തര വ്യാപാരങ്ങളിലും നയങ്ങളിലും ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ആഗോളവിപണിയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ശക്തിയായി ഇന്ത്യ മാറി. ജി20യും ബ്രിക്‌സും ഇന്ത്യന്‍ സാമ്പത്തിക വ്യാപാര ഇടനാഴിയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും അതിവിശേഷം തന്നെ. ഗള്‍ഫ് രാജ്യങ്ങളെ കോര്‍ത്തിണക്കാനും ആഫ്രിക്കന്‍ രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്താനും ചൈനയെ ഒതുക്കാനും റഷ്യയെ പിണക്കാതെ അമേരിക്കയെ സ്‌നേഹിക്കാനും യൂറോപ്യന്‍ രാജ്യങ്ങളെ മാറോണടയ്ക്കാനും നരേന്ദ്രമോദിക്കായെന്നത് അഭിമാനകരമാണ്. ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയായി വളര്‍ത്തുന്നതില്‍ വഴി തുറക്കാനും കേന്ദ്രസര്‍ക്കാരിനായി. ലോകരാഷ്ട്രങ്ങളുമായി വിവിധ തലങ്ങളില്‍ മത്സരിക്കാന്‍ കെല്പുള്ളവരാണ് ഇന്ത്യക്കാരെന്ന് മോദി തെളിയിച്ചു. പക്ഷേ വന്‍കിട കോര്‍പ്പറേറ്റുകളിലൂടെ മാത്രം ഇന്ത്യന്‍ ജനതയെ നോക്കിക്കണ്ട മോദി ഭരണത്തിന് ഗ്രാമീണ കര്‍ഷകജനതയുടെ കണ്ണീര് കാണാനായില്ലെന്നുളളത് വസ്തുതയാണ്. കരിഞ്ഞുണങ്ങിയ കൃഷിഭൂമിയില്‍ നിന്ന് അല്പം വൈകിയാണെങ്കിലും കര്‍ഷകസമൂഹം വസ്തുതകള്‍ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണത്തിനെതിരെ കണ്ണീരോടെ പ്രതികരിച്ചത് ‘ഇന്ത്യ’ മുന്നണിക്ക് നേട്ടമായി.
ഭരണവിരുദ്ധത കേരളത്തില്‍
![](https://nammudenaadu.com/wp-content/uploads/2021/05/pmcm.jpg)
ബിജെപിക്ക് ഒരു സീറ്റ് കേരളത്തില്‍ ലഭിച്ചതൊഴിച്ചാല്‍ 2019ലെ ലോകസഭാതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് 2024 ലെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ് ഒളിച്ചോട്ടം നടത്താന്‍ വരട്ടെ. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം വിളിച്ചറിയിക്കുന്ന ചില സത്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഭരണവിരുദ്ധ വികാരം. കടമെടുത്ത് ധൂര്‍ത്ത് നടത്തുന്ന ഒരു ഭരണം ഈ നാടിന് ആവശ്യമുണ്ടോയെന്ന ചിന്ത സാധാരണ ജനങ്ങളിലും വ്യാപകമാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രമായിട്ടുള്ള ഭരണം വേണോയെന്ന ചോദ്യമുയരുന്നു. വികസനങ്ങളെല്ലാം വഴിമുട്ടി, ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു. വര്‍ഗ്ഗീയശക്തികളുടെ മാത്രമല്ല ഭീകരവാദികളുടെയും താവളമായി കേരളം മാറിയോ എന്ന ആശങ്കയും വളരുന്നു. മദ്യവും മയക്കുമരുന്നും ഒഴുക്കി ഇവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. ജനകീയ ബാങ്കുകള്‍ പോലും ജനനേതാക്കള്‍ കവര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയ രംഗത്തെ അതിപ്രസരം വോട്ടുചെയ്യാനുള്ള ജനങ്ങളുടെ ചിന്താഗതിയിലും ഇടിവുവരുത്തി. പുതുതലമുറ പഠിക്കാനും ജീവിക്കാനും നാടുവിട്ടോടുന്ന ദുര്‍വിധി. ഉദ്യോഗസ്ഥതലം അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. വിദ്യാലയങ്ങളില്‍ പഠിക്കാന്‍ കുട്ടികളില്ലാതെ സീറ്റുകള്‍ കാലി. സ്‌നേഹവും സാഹോദര്യവും വിശ്വാസങ്ങളും പങ്കുവെച്ച മണ്ണില്‍ വര്‍ഗ്ഗീയ ശക്തികള്‍ വിഷം ചീറ്റുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കൂട്ടര്‍ക്ക് കുടപിടിച്ച് സംരക്ഷകരായി മാറുന്ന ദുരവസ്ഥ. വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്ത രാഷ്ട്രീയവും ഭരണസംവിധാന പരാജയവും ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന അരാഷ്ട്രീയത്തിന്റെ ആഴവും കേരളമണ്ണിലിന്ന് വളരെ വലുതാണ്.
അടിമകളല്ല; വര്‍ഗ്ഗീയത വേണ്ട
![](https://nammudenaadu.com/wp-content/uploads/2022/06/Secularism-in-India-2.jpg)
ജനാധിപത്യ രാജ്യത്ത് തങ്ങള്‍ രാജാക്കളും ജനങ്ങള്‍ അടിമകളുമാണെന്ന് കരുതുന്ന നേതൃത്വങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായും 2024ലെ പൊതുതെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. കാവിയും ചുവപ്പും ചരിത്രം മറക്കരുതെന്നും ഇന്ത്യയില്‍ ആര്‍ക്കും ഗ്യാരണ്ടിയില്ലെന്നും കേരളസമൂഹവും ഇന്ത്യന്‍ ജനതയും മുന്നറിയിപ്പു നല്‍കി.
വികസനമന്ത്രം വര്‍ഗീയ തന്ത്രമാകുന്നത് വിലപ്പോയില്ല. ഭരണഘടനയില്‍ പൊളിച്ചെഴുത്തും പാടില്ലെന്നത് ജനം പറയുന്നു. വര്‍ഗീയതയ്ക്കും വിഷം ചീറ്റുന്ന വിദ്വേഷ സംസ്‌കാരത്തിനും ജനഹൃദയങ്ങളെ കീഴടക്കാനായില്ല. തീവ്രവാദത്തിനും കപടദേശീയതയ്ക്കും കടിഞ്ഞാണിടണമെന്നും അധികാരത്തിലേറാന്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാവില്ലന്നുമുള്ള ജനകീയ നിലപാടും മുന്നറിയിപ്പും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നു.
ജനങ്ങള്‍ വിഢികളല്ല
രാമക്ഷേത്രം പണിത അയോധ്യയിലും ഹിന്ദിയുടെ ഹൃദയഭൂമിയിലും ബിജെപിക്ക് ഏറ്റ തിരിച്ചടിയുടെ പാഠം പഠിക്കണം. എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ക്രൂരതയും കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന കിരാത സമീപനവും ഭരണനേതൃത്വങ്ങളുടെ അടിച്ചമര്‍ത്തലും വിലപ്പോവില്ലെന്ന് ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് കേരള കേന്ദ്ര ഭരണ നേതൃത്വങ്ങള്‍ക്ക് അവഗണിക്കാനാവില്ല. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും വര്‍ഗ്ഗീയവാദങ്ങള്‍ക്കും വിദ്വേഷ വിളമ്പലുകള്‍ക്കും ചൂട്ടുപിടിക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദൈവത്തിന്റെ സ്വന്തം നാട് മറുപടി നല്‍കിയതില്‍ തെറ്റില്ല. കേരളത്തിലെ യുഡിഎഫിന്റെ വിജയം അവരുടെ നേട്ടമല്ല ഒരു സാങ്കേതികത്വം മാത്രമാണ്. സംസ്ഥാന ഭരണത്തോടുള്ള എതിര്‍പ്പാണ് വോട്ടില്‍ പ്രതിഫലിച്ചത്. ബിജെപിക്ക് കേരളത്തില്‍ വോട്ടുകൂടിയതിനും പ്രധാനഘടകം ഈ എതിര്‍പ്പു തന്നെ. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് കേരളത്തിലും ഒരു രാഷ്ട്രീയ പൊളിച്ചടുക്കലിന് ഇനി അധികകാലമില്ലെന്നുള്ളതാണ്. തൃശൂരിലെ ബിജെപി വിജയം പാര്‍ട്ടിയുടെ വിജയമല്ല; ഒരു വ്യക്തിയുടെ അദ്ധ്വാനത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ജനകീയ ബന്ധത്തിന്റെയും ബാക്കി പത്രമാണ്. ഇതു തുടര്‍ന്നാല്‍ ഇനിയും ഇത്തരം വിജയങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കും. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തിയും എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ ചീത്തവിളിച്ചും സംസ്ഥാന ഭരണ പാര്‍ട്ടികള്‍ നടത്തിയ വിദ്വേഷ അജണ്ടകള്‍ കള്ളവിലാപങ്ങളായി ഒഴുകിപ്പോയി.
പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും ആഘാതത്തില്‍ മുതലെടുത്ത് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയവരുടെ അഹന്തയും ധാര്‍ഷ്ഠ്യവും ധൂര്‍ത്തും പ്രളയത്തില്‍ ഒലിച്ചുപോകുന്നതുപോലെ ജനങ്ങളുടെ നിലപാടില്‍ തകര്‍ന്നടിഞ്ഞു. സംസ്ഥാന സാമ്പത്തിക നയങ്ങളിലെ സര്‍ക്കാര്‍ പരാജയവും അക്രമരാഷ്ട്രീയവും മദ്യം മയക്കുമരുന്നിന്റെ ഒഴുക്കും ഭരണസംവിധാനങ്ങളിലെ ധൂര്‍ത്തും സഹകരണ ബാങ്കുകളിലെ കൊള്ളയും അഴിമതിയും പെന്‍ഷന്‍ മുടങ്ങിയതും വിലത്തകര്‍ച്ചയും കെടുകാര്യസ്ഥതയും നിലവിലെ ഭരണത്തോട് ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിച്ചപ്പോള്‍ യുഡിഎഫിനും ബിജെപിക്കും അവരറിയാതെ വോട്ടായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിഷേധത്തിന്റെയും നീതി നിഷേധത്തിന്റെയും അടയാളങ്ങള്‍ കേരളസമൂഹം പ്രകടിപ്പിച്ചുതുടങ്ങിയതിന്റെ നേര്‍ സാക്ഷ്യമാണ് നോട്ടയ്ക്കുകിട്ടിയ അരാഷ്ട്രീയ വേട്ടുകളും. ഇരുധ്രുവരാഷ്ട്രീയം നാളെ മാറ്റിമറിക്കപ്പെടുമെന്നും ഉറപ്പാണ്.
കോണ്‍ഗ്രസും കണ്ണുതുറക്കണം
![](https://nammudenaadu.com/wp-content/uploads/2022/03/sonia-gandhi-rahul-gandhi-sad.jpg)
കോണ്‍ഗ്രസ് നേതൃത്വ യുഡിഎഫിനെ ദേശീയ തെരഞെടുപ്പില്‍ വിജയിപ്പിക്കുന്ന കേരള ജനത തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുണ്ട്. ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പാര്‍ട്ടിയുടെ അമരത്തു മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസിലും സഖ്യകക്ഷികളിലുമായിട്ട് ഒരു ഡസന്‍ മന്ത്രിമാര്‍ കഴിഞ്ഞ നാളുകളില്‍ രാജ്യതലസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നു. ഇവര്‍ അഴിമതിയുടെ അവതാരങ്ങളായി സ്വയം കീശ വീര്‍പ്പിച്ചതല്ലാതെ എന്തു വളര്‍ച്ചയും നേട്ടവും ഈ സംസ്ഥാനത്തിനുണ്ടാക്കി? കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വളംവെച്ച സ്വതന്ത്ര വ്യാപാരക്കരാറുകള്‍ക്ക് വിത്തുപാകിയത് ഇവരല്ലേ? പരിസ്ഥിതിലോല നിയമങ്ങള്‍ നിര്‍മ്മിച്ചതും അടിച്ചേല്‍പ്പിച്ചതും കര്‍ഷകദ്രോഹ സമീപനം സ്വീകരിച്ചതും ഇക്കൂട്ടര്‍തന്നെ. പ്രവാസികളുടെ പണംകൊണ്ടുമാത്രം പച്ചപിടിച്ച കേരളത്തെ പിച്ചച്ചട്ടിയിലേയ്ക്ക് തള്ളിവിട്ടതിന്റെയും പിന്നിലാര്? വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ മതേതര രാഷ്ടീയ പ്രസ്ഥാനം ഭീകരവാദശക്തികള്‍ക്ക് ഇന്ത്യയില്‍ വിളഭൂമി സൃഷ്ടിച്ച ചരിത്രമൊന്നും പെട്ടെന്ന് മറക്കാനാവില്ല. ന്യൂനപക്ഷ മതവിഭാഗത്തിന്റെ പേരില്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ക്ഷേമം മുഴുവന്‍ വാരിക്കോരി കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിലെ ഇന്നലെകള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസും തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ജനങ്ങളുടെ അംഗീകാരമല്ല; ഔദാര്യമാണ്. തമ്മിലടിയും വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് ജനങ്ങളെ സമഭാവനയോടെ കണ്ട് പ്രവര്‍ത്തിക്കാനുള്ള വഴിയും ഇന്ത്യാ മുന്നണിക്ക് തുറന്നിരിക്കുന്നു. ആ വഴിയിലൂടെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി മുന്നേറുവാനും കരുത്തുനേടാനും കിട്ടിയ അവസരം പാഴാക്കിയാല്‍ ഇന്നത്തെ വിജയം നാളെ ആവര്‍ത്തിക്കാനാവില്ലെന്നും ഓര്‍മ്മിക്കുക.
നല്ല നേതാക്കള്‍ വേണം
![](https://nammudenaadu.com/wp-content/uploads/2022/08/Republic-Day-National-Flag.png)
കേരളം നയിക്കാന്‍ പ്രാപ്തരായ നേതാക്കളില്ലെന്നുള്ളതാണ് വാസ്തവം. പഴകിത്തുരുമ്പിച്ച രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്ത്രീ വിഷയങ്ങള്‍ക്കും അഴിമതി കഥകള്‍ക്കും തട്ടിപ്പിനുമപ്പുറം സാക്ഷരകേരളത്തെ നയിക്കുവാന്‍ പറ്റുന്ന ആദര്‍ശശുദ്ധിയും നിസ്വാര്‍ത്ഥ സേവന മനോഭാവവും കൈമുതലായിട്ടുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നുവരാതെ നമുക്ക് നിലനില്പില്ല. മാറി ചിന്തിക്കുന്ന ഒരു തലമുറ അരാഷ്ട്രീയ ശക്തിയായി രൂപപ്പെടുന്നതും കാണാതിരിക്കരുത്. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്‌നേഹ സാഹോദര്യം പ്രകാശിപ്പിക്കുന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പുനരാവിഷ്‌കരണമാണ് ജനമിന്ന് കൊതിക്കുന്നത്. അതിനുള്ള തുടര്‍ ചര്‍ച്ചകള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും 2024ലെ തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിനാകട്ടെ. ഭരണഘടനയെ ചേര്‍ത്തുപിടിച്ചുള്ള ഭരണമുണ്ടാകട്ടെ. തെരഞ്ഞെടുപ്പുഫലം കേരള സര്‍ക്കാരിനും പുത്തന്‍ ഉള്‍ക്കാഴ്ചയോടുകൂടിയ തിരുത്തലിനുള്ള അവസരവും മുന്നറിയിപ്പുമാകട്ടെ.
![](https://nammudenaadu.com/wp-content/uploads/2021/01/AnyConv.com__V-C-SEBASTION.jpg)
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍