
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്.. ‘നാക് ‘ അംഗീകാരപരിശോധനയിൽ A++|സാമൂഹിക ചലനങ്ങളോടൊക്കെ ഉയർന്ന സംവേദനക്ഷമത പുലർത്തിപ്പോരുന്ന വിദ്യാർത്ഥിസമൂഹം ഈ ക്യാമ്പസിനെ എന്നും വേറിട്ടു നിർത്തിയതോർക്കുന്നു.
നേതൃശേഷിയും സംഘാടനപാടവവും കലാ-സാഹിത്യ അഭിരുചികളും വികസിപ്പിക്കാൻ നിരവധി വേദികൾ തുറന്നുതന്ന എന്റെ സ്വന്തം കലാലയം..

യുവജനോത്സവ വേദികളിലൂടേയും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടേയും നാടക/സിനിമാ യത്നങ്ങളിലൂടേയും സ്ത്രീ കൂട്ടായ്മകളിലൂടെയും വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തനത്തിലൂടെയും രാഷ്ട്രീയത്തിന്റെ വിശാലമായ പ്രവർത്തന ഇടങ്ങളിലേക്ക് വഴിയേ എത്തിച്ച എന്റെ കലാലയത്തിന്റെ ഉജ്ജ്വലമായ കുതിപ്പ് ഏറ്റവും സന്തോഷഭരിതയാക്കുന്നു.
സെൻ്റ് ജോസഫ്സ് കോളേജിന് ‘നാക് ‘ അംഗീകാരപരിശോധനയിൽ A++…
പൂർവ്വവിദ്യാർത്ഥിയെന്ന നിലയ്ക്കും, കേരളീയ കലാലയങ്ങൾക്കും സർവ്വകലാശാലകൾക്കും നിരനിരയായി മികവിനുള്ള പുരസ്കാരങ്ങൾ വരുന്ന കാലത്ത് വഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ പേരിലും ഗാഢാശ്ലേഷം, എല്ലാവർക്കും..
നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഫോർത്ത് സൈക്കിളിൽ 3.66 പോയിൻ്റോടെയാണ് സെൻ്റ്.ജോസഫ്സ് കോളേജിന്റെ ഈ സുവർണ്ണപദവി.

നിലവിൽ കോളേജിനുണ്ടായിരുന്ന എ ഗ്രേഡിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ് ഞങ്ങളുടെ കലാലയം നടത്തിയിരിക്കുന്നത്.
അങ്ങനെ, ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിൻ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളേജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളേജുമാണ് ഇപ്പോൾ ഇരിങ്ങാലക്കുടസെൻ്റ് ജോസഫ്സ്.2019-20, 2020-21 അധ്യയന വർഷങ്ങളിൽ കേരള സർക്കാരിന്റെ ഇ-ലേണിങ് അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച ഐ ഇ ഡി സി ക്കുള്ള പുരസ്കാരം തുടങ്ങിയവ തേടിവന്ന കോളേജ് കൂടിയാണ് സെൻ്റ്.ജോസഫ്സ്. അസസ്മെൻ്റ് കാലയളവിൽ മൂന്ന് വർഷം മികച്ച എൻ.എസ്.എസ് ഓഫീസർ, എൻ.എസ്.എസ് . യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും, നാലുവർഷം മികച്ച എൻ.എസ്.എസ് വോളൻ്റിയേഴ്സിനുള്ള പുരസ്കാരവും സർവ്വകലാശാലാ തലത്തിൽ കോളേജിന് ലഭിച്ചു. ഗവേഷണരംഗത്തും അതുല്യസംഭാവനകൾ നൽകിയ കോളേജ് കായിക രംഗത്തും നിരവധി നേട്ടങ്ങൾക്കുടമയാണ്.
ലൈബ്രറി, ഹെർബേറിയം, സ്ക്രിപ്റ്റ് ഗാർഡൻ, ഓപ്പൺ ജിം, കൊച്ചിൻ മ്യൂസിയം, സുവോളജി മ്യൂസിയം, സിന്തറ്റിക് കോർട്ട്, മാനു സ്ക്രിപ്റ്റ് റിസർച്ച് ആൻറ് പ്രിസർവേഷൻ സെൻ്റർ, ഗ്രീൻ മാറ്റ് ഐ-ലാബ്,ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സജ്ജീകരണങ്ങളാണ് കോളേജിൽ ഒരുങ്ങിയിരിക്കുന്നത്.
ഞാനടക്കം, എന്റെ സമകാലിക സഖാക്കളെല്ലാമടക്കം, ഉയർന്ന സാമൂഹികബോധമുള്ള പല തലമുറകളെ സൃഷ്ടിച്ച കലാലയമാണിത്.
സാമൂഹിക ചലനങ്ങളോടൊക്കെ ഉയർന്ന സംവേദനക്ഷമത പുലർത്തിപ്പോരുന്ന വിദ്യാർത്ഥിസമൂഹം ഈ ക്യാമ്പസിനെ എന്നും വേറിട്ടു നിർത്തിയതോർക്കുന്നു.
ഇന്നുമത് അങ്ങനെ തന്നെ.
പാഠ്യ-പാഠ്യേതര പ്രവര്ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച കാമ്പസ് സമൂഹത്തെ, വിദ്യാർത്ഥി സുഹൃത്തുക്കളെ, അധ്യാപക-അനധ്യാപക സ്നേഹിതരെ, പ്രിയ കലാലയസാരഥികളെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കട്ടെ.നമ്മുടെ കൂട്ടുപരിശ്രമത്തിന്റെതാണ് ഈ വിജയം.
സ്നേഹം. ആലിംഗനങ്ങൾ..

ഇതേ തുടർപാതയിൽ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് കേരളമൊരുങ്ങുന്നത്. ഇതിനുള്ള പ്രയത്നത്തെ കൂടുതൽ ആത്മവിശ്വാസമുള്ളതാക്കുന്നതാണ്, എന്റെതന്നെ കലാലയം നേടിയെടുത്ത ബഹുമതി.
സ്നേഹാഭിവാദനങ്ങളോടെ,
അഭിമാന നിറവോടെ,

ഡോ. ആർ. ബിന്ദു
Minister for Higher Education and Social Justice, Kerala State
