
കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ Xray ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകി എന്നത് വലിയ വാർത്തയായിട്ടുണ്ട്.
കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ Xray ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകി എന്നത് വലിയ വാർത്തയായിട്ടുണ്ട്. ഇതിനെ ഒരു നെഗറ്റീവ് സൈഡിൽ നിർത്താതെ ശരിക്കും Xray സൗകര്യങ്ങളുള്ള എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ്. ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കണം എന്നല്ല, പരമാവധി ഫിലിം ഒഴിവാക്കി ഡിജിറ്റലായി എക്സ്-റേ മെയിലിലോ വാട്സാപ്പിലോ ലഭ്യമാക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്.
പ്രധാനപ്പെട്ട പ്രൈവറ്റ് ആശുപത്രികൾ ഏറെക്കുറെ ഇപ്പോൾ ഈ രീതിയാണ് തുടരുന്നത്. Xray, CT, MRI തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിൽ DVD യിലോ പെൻ ഡ്രൈവിലോ Email അറ്റാച്ച്മെൻ്റായോ അയക്കാൻ ഇന്ന് പറ്റും. ഫിലിം വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രം നൽകും. കേരളത്തിലെ സർക്കാർ ആശുപത്രികളിലും ഈ ഫിലിം രഹിത (Filmless / Digital) ഇമേജിംഗ് സംവിധാനം നടപ്പിലാക്കിയാൽ ഒരുപാട് ഗുണങ്ങളുണ്ട്.
1. പ്രിൻ്റ് ചെയ്യാനുള്ള ഫിലിമുകൾ വാങ്ങുന്നതിനും അവ പ്രിന്റ് ചെയ്യുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഫിലിം ഒഴിവാക്കുന്നത് വഴി സർക്കാരിന് ഓരോ വർഷവും കോടിക്കണക്കിന് രൂപ ലാഭിക്കാം.
2. പരമ്പരാഗത ഫിലിമുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകളും പ്ലാസ്റ്റിക് അധിഷ്ഠിത ഫിലിം വേസ്റ്റുകളും ഒഴിവാക്കാൻ സാധിക്കും. അതുമൂലം ഉണ്ടാവുന്ന പാരിസ്ഥിതിക ദോഷങ്ങളും.
3. പഴയ രീതിയിൽ ഫിലിം പ്രിന്റ് ചെയ്ത് ഉണങ്ങി വരാൻ കാത്തുനിൽക്കാതെ മിനിറ്റുകൾക്കുള്ളിൽ ഡോക്ടർക്ക് കമ്പ്യൂട്ടറിൽ ഇമേജ് കാണാം. രോഗനിർണയവും ചികിത്സയും വൈകുന്നത് ഒഴിവാക്കാം.
4. രോഗികൾക്ക് ഇത് നഷ്ടപ്പെട്ടുപോകുമെന്ന പേടിയും വേണ്ട, മൊബൈലിലോ ക്ലൗഡിലോ എപ്പോഴും ലഭ്യമാകും.
5. രോഗിയെ തുടർ ചികിത്സയ്ക്കോ മറ്റോ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയാലും അവിടുത്തെ ഡോക്ടർക്ക് ഇന്റർനെറ്റ് വഴിയോ DVD യിൽ കോപ്പി ചെയ്തോ ഈ ഹൈ-റെസല്യൂഷൻ ഇമേജുകൾ നേരിട്ട് അയച്ചുകൊടുക്കാനാകും.
സർക്കാർ മെഡിക്കൽ കോളേജിലൊക്കെ സ്‌കാനെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യയാണെങ്കിലും മേൽപറഞ്ഞതിൻ്റെ നേരെ ഓപ്പോസിറ്റ് കാര്യമാണ് നിലവിൽ നടക്കുന്നത്. അതായത് എല്ലാവർക്കും ഫിലിം കൊടുക്കും, ആവശ്യപ്പെട്ടാൽ മാത്രം DVD-യും. ഇത് തിരിച്ചാക്കണം. നിലവിലുള്ള e-Health പോർട്ടൽ വഴി എക്സ്-റേ/ സ്‌കാൻ എടുത്ത ഉടൻ തന്നെ അത് രോഗിയുടെ UHID അക്കൗണ്ടിലേക്ക് എത്തിക്കാൻ കഴിയും. അതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കരുതുന്നു.
ഇത് താലൂക്ക്, ജില്ലാ ആശുപത്രികളിലും CHC കളിലും വന്നാൽ നല്ലതല്ലേ. വാർത്തയിൽ പറഞ്ഞതു പോലെ ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കാതെ രോഗിയുടെയോ ബന്ധുവിൻ്റെയോ ഫോണിൽ സേഫായി തുറക്കാവുന്ന ലിങ്കായും JPEG/ PDF ആയും അയച്ചു കൊടുക്കാനും സാധിക്കും. സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും, കോടതി/പോലീസ് കേസുകൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിലും മാത്രം ഫിലിം പ്രിന്റ് ചെയ്തു നൽകുന്ന രീതി സ്വീകരിക്കാം.
നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. ![]()

മനോജ് വെള്ളനാട്
