ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.

Share News

ഒരു കേസ് അതിന്റെ അന്വേഷണ ഘട്ടത്തിലുള്ളപ്പോഴും,അതിന് ശേഷം കോടതിയുടെ പരിഗണനയിൽ വരുമ്പോഴും…

അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളുടെ മുന്നിൽ പോയി നിന്ന് തൊള്ള തുറക്കുന്ന പരിപാടി നല്ല ഒന്നാന്തരം പോക്കണങ്കേടാണ്.പ്രത്യേകിച്ചും വിവരങ്ങൾ പൂർണ്ണമായും വെളിവാകാനുള്ളപ്പോൾ.

ഇനി അങ്ങനല്ലെങ്കിൽ പോലും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം ആര്‍ക്കാണ് ലഭിക്കുക എന്നത് നിയമ കാര്യങ്ങളിൽ അത്യാവശം ബോധമുള്ള ആർക്കും മനസ്സിലാകേണ്ടതാണ്.

എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ മൂല്യവും കല്പിച്ച് കൊടുക്കേണ്ട കാര്യം ശാസ്ത്രത്തിനില്ല. അത് കൊണ്ട് തന്നെ ഇനി പറയുന്ന കാര്യങ്ങൾ ഒരു സയന്റിഫിക്ക് സൂക്ഷ്‌മപരിശോധന അതിജീവിക്കില്ല എന്ന മുന്നറിയിപ്പ് തന്നിട്ട് പറയാം.

കൊലപാതകം എന്നല്ല ഏത് കുറ്റകൃത്യം നടന്ന് കഴിഞ്ഞാലും, നടന്ന കാര്യങ്ങൾ സത്യസന്ധവും നിയമവിധേയവുമായ മാർഗ്ഗങ്ങളിലൂടെ അന്വേഷിച്ച് സത്യം കണ്ടെത്തുക എന്നതാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ കടമ. ഇതിനായി കേസിനാസ്പദമായ സാധ്യമായ എല്ലാ തെളിവുകളും കണ്ടെത്തുക (collect ALL evidence) , സാക്ഷികളെ കണ്ടെത്തുക (identify witnesses), അവർ തരുന്ന മൊഴികളേ പരിശോധിച്ച് അവ തെറ്റെങ്കിൽ തള്ളി കളഞ്ഞും, ശരിയെങ്കിൽ അവ ബലപ്പെടുത്തുകയോ ദൃഢീകരിക്കുകയോ സ്ഥിരീകരിച്ച് ഉറപ്പ് വരുത്തുകയോ ചെയ്യാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുക (to collect and preserve evidences of corroborative, confirmatory and diagnostic value), അവ സംരക്ഷിക്കുക (to preserve the evidence), കോടതിയിൽ അവ സമർപ്പിച്ച് (to present THE whole evidence before a competent Court of Law), നിയമം അനുശാസിക്കുന്ന മാർഗ്ഗങ്ങളിലൂടെ നീതിയുക്തവും നിഷ്‌കപടമായ (through a fair trial) വിചാരണയിലൂടെ സത്യം കോടതിയെ ബാധ്യപ്പെടുത്തുക എന്നതാണ് നിയമവാഴ്ച നടപ്പിലുള്ള ആധുനിക പൗരസമൂഹങ്ങളിൽ അന്വേഷണ ഏജൻസികൾ ചെയ്യേണ്ടുന്ന പണി.

ഇപ്പറഞ്ഞ പണി നല്ല വൃത്തിക്ക് ചെയ്യാനറിയാവുന്ന, കാര്യക്ഷമതയും നൈപുണ്യവുമുള്ള ഒത്തിരിയൊത്തിരി പോലീസ് ഉദ്യോഗസ്ഥരെ എനിക്കറിയാം. വെള്ള ഷർട്ടുമിട്ട് നെറ്റിയിൽ സിന്ദൂരവും തേച്ച് വച്ചിട്ട് കൈപിന്നോട്ട് കെട്ടിവെച്ച് ടട്ടട്ട ടടട്ടാ.. എന്ന് ബിജീയെം വിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്ന് കേസ് “തെളിയിക്കുന്ന” സിബിഐ സേതുരാമയ്യരും “മൈ ഫൂട്ട്.. ബ്ലഡി ഷിറ്റ്” എന്നും പറഞ്ഞ് മദയാന നടന്ന് വരുന്ന മാതിരി മണ്ടേം കുണ്ടീം കുലുക്കി ഇംഗ്ലീഷ് ഭാഷയിൽ ഡലോഗും ഡയേറിയയും കാച്ചി തള്ളി നടക്കുന്ന ഭരത്ചന്ദ്രൻ ഐപ്പിയെസ്സുമാരും അല്ല അവരൊന്നും. കേരള പോലീസിലെ “സാദാ” സി.പി.ഓ, എസ് ഐ, ഇൻസ്പെക്ടറർമാരുമാണ് ഇവർ. അതൊന്ന് മനസ്സിൽ വച്ചേക്കണേ എല്ലാവരും.

ഒരു കേസിന്റെ അന്വേഷണം പ്രാഥമികഘട്ടത്തിലുള്ളപ്പോൾ ചെയ്യുന്ന കാര്യങ്ങളും, അറിഞ്ഞ കാര്യങ്ങൾ സ്ഥിരീകരിച്ച് കിട്ടുന്നതിന് മുമ്പ് മനസ്സിൽ തോന്നിയ ഓരോന്നും ആധികാരമെന്ന് തോന്നുന്ന രീതിയിൽ നാട്ടുകാരോടൊക്കെ അന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥരും നടത്തുന്ന പരസ്യ പ്രസ്താവനകൾ ഈ കേസ് കോടതിയിൽ എത്തുമ്പോൾ എന്ത് ഡാമേജാണ് ഉണ്ടാക്കുക എന്നതിന് ഉദാഹരങ്ങൾ ഇത്തരം സംഭവങ്ങൾ നടന്ന പാസ്റ്റ് ഹിസ്റ്ററി നൽകുന്നുണ്ട്. കാര്യങ്ങൾ തെളിവുകളിലൂടെ കോടതിയിൽ നിലനില്ക്കത്തക്ക രീതിയിൽ സ്പഷ്ടമാകുന്നതിനും സ്ഥിതീകരിക്കപ്പെടുന്നതിനും മുമ്പ് നടത്തുന്ന ഇത്തരം പ്രസ്താവനകളെ ചൂണ്ടി കാണിച്ച് പ്രതിഭാഗത്തിന് അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കുന്ന സമയത്ത് biased ആയിരുന്നു എന്നും വാദിക്കാന്‍ കഴിയും.

ഇതൊക്കെ കോടതി വിചാരണ നടക്കുന്ന സമയത്ത് എങ്ങനെ നോക്കിക്കാണും എന്ന് മുന്‍കൂട്ടി പറയാൻ സാധിക്കില്ല. എങ്കിലും, പ്രാഥമിക ഘട്ടത്തിൽ അന്വേഷണം പക്ഷപാതപരവും എല്ലാ വശങ്ങളും നോക്കാതെ ഏകപക്ഷീയമായി നടത്തിയ ഒന്നായിരുന്നു എന്ന് ഒരു വാദത്തിന് വേണ്ടിയെങ്കിലും വാദിക്കാൻ സാധിക്കും.

സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി അപൂർവതകൾ നിറഞ്ഞ രീതികളിൽ നടന്ന കുറ്റകൃത്യങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ വേണ്ടതിലധികം ആകർഷിക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.

ഈ സദ്യയിൽ ഒരു സൈഡ് ഡിഷായി നാട്ടിൽ നടക്കുന്ന എല്ലാക്കാര്യങ്ങളിലും വിദഗ്ധ അഭിപ്രായം കൊണ്ടുനടക്കുന്ന കുറേ സബ്ജക്ട് എക്സ്പേട്സും കൂടെ കൂടും. വാദപ്രതിവാദങ്ങളുമായി അവർ വെന്ത്മുറ്റിയതും പാതിവേവിച്ചതും തുടങ്ങി തങ്ങളുടെ മനോരാജ്യങ്ങളിൽ വിരിയുന്ന ഭ്രമാത്മകതമായ വിചിത്രകല്‍പനകളുമായി അന്തി ചർച്ചകളിൽ വന്നിരുന്ന് രംഗം കൊഴുപ്പിക്കും. എത്രയോ കാലമായി നമ്മളൊക്കെ കാണുന്നതാണ്. മടുക്കില്ലേ മനുഷ്യർക്ക്? കുറേ കാലമായിട്ടും മടുത്തില്ലേ ഇത് വരെ?

ഈ സദ്യക്ക് മറ്റോരു പാർശ്വഫലം കൂടിയുണ്ട്. അത് പൊതുബോധം സൃഷ്ടിക്കലാണ്. രാഷ്ട്രിയ പ്രബുദ്ധതയും സാക്ഷരതയും ഒക്കെ അവകാശപ്പെടുന്ന മലയാളി പൊതു സമൂഹം പക്ഷെ ഇതിലും മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഒരു പ്രാകൃത മതസമൂഹത്തേപ്പോലെയാണ് ചിന്തിക്കുന്നത് എന്നാണ് എന്റെ പക്ഷം. സംഭവം നടന്നു എന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങൾ ഏറെ കഴിഞ്ഞ്, കാലപ്പഴക്കം കൊണ്ട് മൃതശരീരങ്ങളും (അവശിഷ്ടങ്ങളും) അഴുകിചീയുന്നത് കൊണ്ടും വരുന്ന മാറ്റങ്ങൾ കാരണം biological evidences നഷ്ടപ്പെടുകയോ തെളിവ്പരമായി ഉപയോഗശൂന്യമാവുകയോ integrity നഷ്ടപ്പെടുകയോ ചെയ്യാം.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളല്ലാതെയുള്ള ഇൻഡിപ്പെന്ററ്റ് സാക്ഷികളുടെ അഭാവവുമെല്ലാം ഇത്തരം കേസുകൾ അന്വേഷിക്കുന്നവരും കോടതികളും അഭിമുഖീകരിക്കാൻ പോകുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ഈ ബുദ്ധിമുട്ടുകളെ എളുപ്പം മറികടന്ന് പോകാൻ കുറെ പേരെങ്കിലും കണ്ട് പിടിച്ചു വച്ചിരിക്കുന്ന ഒരു സൂത്രവിദ്യയാണ് പൊതുബോധം സൃഷ്ടിക്കുക എന്നത്. മാധ്യമങ്ങളെ അവർ അതിനായി സമർത്ഥമായി ഉപയോഗിച്ചെന്നും വരാം.

തങ്ങൾ അറിയാതെ ഇതിന്റെ ഭാഗമാകുന്ന നിഷ്കു മാധ്യമങ്ങളുണ്ട്. അറിഞ്ഞിട്ടും ഭാഗമാകുന്ന ചില്ലറ കച്ചവടക്കാരുണ്ട്. പിന്നെ ഇതിന്റെ തന്നെ ഭാഗമായ embedded കക്ഷികളും ഉണ്ട്. അവരായി അവരുടെ വയറ്റിപിഴപ്പായി. പക്ഷെ അങ്ങനെയാവരുതല്ലോ കോടതികൾ വഴി നീതി നടപ്പിലാകേണ്ടത്. അവിടെ സത്യം തെളിയണം. എന്നേ സംബന്ധിച്ചിടത്തോളം ബോട്ടം ലൈനിതാണ്. തെളിയിക്കപ്പെട്ടതാവരുത് സത്യം. സത്യം മാത്രമാകണം തെളിയിക്കപ്പെടേണ്ടത്. അതിന് വെല്ലുവിളികളേറെയാണ്

ഈ വെല്ലുവിളികളെ നേരിടേണ്ടതും മറി കടക്കേണ്ടതും തികച്ചും കാര്യക്ഷമമായ സാമർത്ഥ്യവും പ്രോഫഷണലിസവും കൊണ്ടാണ്. അത്, സത്യസന്ധവും നാട്ടിലെ നിയമങ്ങളും അനുസരിച്ചുമാകണം. അതിന് ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് വേണ്ടത് ഡെമോക്രാറ്റിക് സ്ഥാപനങ്ങളാണ്. അതിൽ സ്വതന്ത്ര ജ്യുഡിഷ്യറിയും സ്വതന്ത്ര മാധ്യമങ്ങളും, സ്വതന്ത്ര അന്വേഷണ ഏജൻ്സികളുമാണ്. എന്തിൽ നിന്നും സ്വതന്ത്രർ എന്ന് ചോദിച്ചാൽ ഈ ബഹളങ്ങളിലും കോലാഹലങ്ങളിലും അവയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന അപകടകരമായ പൊതുബോധങ്ങളിൽ നിന്നും സ്വതന്ത്രരായി നിലത്ത് കാലുറപ്പിച്ച് നിന്ന് സത്യത്തിനോട് മാത്രം കൂറ് കല്പിച്ച് കാര്യക്ഷമമായി, നിശ്ശബ്ദമായി quality work ചെയ്യാനുള്ള സാഹചര്യമൊരുക്കുന്ന സ്ഥാപനങ്ങൾ. ഇവിടെ വ്യക്തികൾ അപ്രസക്തമാണ്.

ഇവിടെ “സ്റ്റാറാ”വേണ്ട കാര്യമൊന്നും ആർക്കുമില്ല. Just do your work honestly, effectively and efficiently. And, silently ഈ അവസാനം പറഞ്ഞതാണ് ഒന്ന് stress ചെയ്യുന്നത്.

SILENTLY.

മോർച്ചറിയിൽ നിന്നും ഞാൻ മനസ്സിലാക്കിയെടുത്ത, എന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ നിശബ്ദമായി കിടന്ന് എന്നെ പഠിപ്പിച്ച, ഇന്നും പഠിപ്പിച്ച് കൊണ്ടിരിക്കുന്ന ഗുരുനാഥർക്കുള്ള ഒരു character trait ആണത്. നിശ്ശബ്ദത.

Silence.

Mortuary ക്ക് അകത്തും പുറത്തും നമ്മൾ കേൾക്കുന്ന എല്ലാ സംഭാഷണങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കുമിടയിൽ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ കിടന്ന് അവർ നമുക്ക് കാട്ടിത്തരുമത്. ഒരു കോലാഹലങ്ങളിലും പെട്ട് ഉലയാത്ത നിശ്ശബ്ദത. ആ നിശ്ശബ്ദതയുടെ ശക്തി. എന്ത് കാരണങ്ങൾ കൊണ്ടും എത്ര കഷണങ്ങളായി വെട്ടി മുറിക്കപ്പെട്ടാലും അവർക്ക് ഒരുപാട് പറയാനുണ്ട്. പറയുകയും ചെയ്യും. നിശ്ശബ്ദമായാണത് പറയ്ക. നിശ്ശബ്ദരായിട്ടാകണം നമ്മളത് ശ്രദ്ധിക്കേണ്ടത്. എന്നിട്ട് നിശ്ശബ്ദരായി ആ സത്യങ്ങൾ സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക.

എന്നിട്ട് പറയേണ്ട സമയത്ത്, പറയേണ്ടവരോട് വ്യക്തതയോടെ, സത്യം മാത്രം പറയുന്നവരിൽ കാണുന്ന നിർഭയതയോടെ ഉറച്ച വാക്കുകളിൽ വ്യക്തമായി പറയുക. ഇതിന് കഴിയുന്ന ഒത്തിരി പേർ ഇന്ന് കേരളത്തില്‍ പോലീസുകാരായിട്ടുണ്ട്. ഞാൻ അവരിൽ ചിലരേ നേരിട്ട് കണ്ടിട്ടുണ്ട്. ഒത്ത് ജോലി ചെയ്തിട്ടുണ്ട്. കുറേയധികം മുഖങ്ങളും പേരുകളും മനസ്സിൽ വരുന്നുണ്ട്. അവർക്ക് ഞാനീ പറഞ്ഞത് നൂറ് ശതമാനം മനസ്സിലാകും.

മറ്റ് ചിലർക്ക് ഇത് പിടികിട്ടില്ല. അവർ സേതുരാമയ്യന്മാരും ഭരത്ചന്ദ്രനൈപ്പിയെസ്സുകാരുമാണ്. അവർക്ക് ബാക്ക്ഗ്രൌണ്ട് മ്യുസിക്കും ബഹളവും ഒക്കെ വേണ്ടി വരും നേരത്തെ പറഞ്ഞവർക്ക് ഇതൊന്നും വേണ്ട. അവർ പിന്നാമ്പുറത്ത് കാണും.

CPOയും SCPOയും SIയും CIയും ഒക്കെയായി. അവർക്ക് നിശ്ശബ്ദമായി പണിയെടുക്കാനറിയാം. അവരത് ചെയ്തോളും. നിശ്ശബ്ദരായി….

Krishnan Balendran

Share News