“കാതൽ”|ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോ ഈ സിനിമ എന്ന് പലരും ചോദിച്ചെന്നും വരാം.

Share News

“കാതൽ”

ആരാലും അത്ര ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന കാതൽ എന്ന സിനിമക്ക് മാർക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ഇതിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളുമാണ്. ഞാനും കാതൽ കാണാൻ പോയത് സാമൂഹ്യമാധ്യമങ്ങളിൽ വായിച്ച വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ മൂലമാണ്.

കേരളസിനിമയിൽ അധികമാരും ഇതുവരെ പ്രമേയമാക്കാത്ത വിഷയമാണ് കാതലിൽ പ്രമേയം. ഇതുപോലുള്ള വിഷയങ്ങൾ ആഗോളസിനിമയിൽ പണ്ടേ ഉണ്ട്.

ഒട്ടും കളർഫുൾ അല്ലാത്ത തരക്കേടില്ലാത്ത മ്യുസിക്കോടെയുള്ള തുടക്കം.

ഇടക്കുള്ള മ്യുസിക്കും പാട്ടും കൊള്ളാം. ഡാൻസ്‌ യുറോപ്പിൽ സ്‌കൂൾകുട്ടികൾ കളിച്ചു കണ്ടിട്ടുള്ള സാദാ. എങ്കിലും തരക്കേടില്ല.

ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ സീനുകൾ വൈകാരികമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.

സംഭാഷണം മിക്കതും കാച്ചിക്കുറുക്കിയതുതന്നെ. ഓവർ ആയ ചിലത് ഒഴിവാക്കിയിരുന്നെങ്കിൽ സിനിമക്ക് കുറച്ചുകൂടി മേന്മ കൈവരുമായിരുന്നു.

ഇത്തരമൊരു പ്രമേയം സിനിമക്ക് എടുത്തതിന് എന്തെങ്കിലും ലക്‌ഷ്യം നിർമ്മാതാവിനും കഥാകൃത്തിനും സംവിധായകനും ഉണ്ടിയിരുന്നോ എന്ന് അവർക്കേ അറിയൂ. പശ്ചാത്തലം ക്രൈസ്തവമോ ഇസ്ലാമികമോ ഹിന്ദുവോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കിലും ഈ വിഷയത്തിന് ചേരുമായിരുന്നു. പിന്നെ എന്തുകൊണ്ട് ക്രൈസ്തവപശ്ചാത്തലം എന്ന ചിലരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതും അവരാണ്. അതിന് പ്രത്യേക കാരണമൊന്നും ഇല്ലെന്നോ ഉണ്ടെന്നോ ചിന്തിക്കാം. എന്തെങ്കിലും ഒരു പശ്ചാത്തലം വേണമെന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല.

അധികം കാശു മുടക്കാതെ എടുത്ത സിനിമയാണിത്. കാശ് കുറെ നേടുകയും ചെയ്തു. ഇതിലെ പുരോഹിതന്റെ കർമ്മങ്ങളിലെ ചില പിഴവുകള്‍പോലെ അശ്രദ്ധമായും പണച്ചിലവില്ലാതെയുമാണ് ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും സംവിധാനം മികവുറ്റതാണ്.

മമ്മൂട്ടിക്ക് ഏതു റോളും ചേരുമെന്ന് വീണ്ടും അദ്ദേഹം തെളിയിച്ചു. ഓമനയായി അഭിനയിച്ച ജ്യോതികയുടെ അഭിനയം നന്നായി. എഡിറ്റിങ് കൊള്ളാം.

കേരളത്തിൽ “പ്രതിശ്ചായ” എന്ന “മുഖംമൂടി” ഉണ്ടെങ്കിലെ പൊതുജനം അംഗീകരിക്കൂ എന്ന ധാരണ ഈ സിനിമ വലിച്ചുകീറുന്നുണ്ട്.

വ്യക്തിപരമായ പ്രശ്നമോ സമൂഹത്തിന്റെ നിലവിലുള്ള ബോധത്തിന് യോജിക്കാത്ത രീതികളോ ഉള്ളവരോട്

സമൂഹത്തിലെ ചിലർ എത്ര ക്രൂരമായി പെരുമാറുന്നു എന്നതിന്റെ ആവിഷ്ക്കാരം കൂടിയാണ് ഈ സിനിമ. ഒന്നും തുറന്നു പറയാതെ എല്ലാം ഉള്ളിലൊതുക്കിയും വീർപ്പുമുട്ടിയും പ്രശ്നങ്ങളെ മൂടിവച്ചും ഭീകരമായ സഹനത്തിന്റെ തീച്ചൂളയിൽ കഴിയുന്ന ഒട്ടനവധിപേരുടെ നേർക്കുള്ള മനോഭാവത്തിന് കേരളമനസാക്ഷിയോടുള്ള ചോദ്യം കൂടിയാണ് ഈ സിനിമ. കേരളത്തിലെ മതസംസ്കരികരംഗങ്ങളിൽ ഈ വിഷയം ഇതുവരെ ഒരു പരസ്യമായ ചർച്ചക്കു വിഷയമായിട്ടില്ല. യൂറോപ്യൻ ക്രൈസ്തവസമൂഹം ഏതാനും വർഷങ്ങളായി ചർച്ച ചെയ്യുന്ന വിഷയമാണിത്. ബിഷപ്പുമാരും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന ജർമ്മനിയിലെ സിനഡൽ മാർഗ്ഗത്തിന്റെ 2018 മുതൽ 2022 വരെ നാലു സമ്മേളനങ്ങളിലായി ചർച്ച ചെയ്ത നാല് വിഷയങ്ങളിലൊന്ന് ഇതായിരുന്നു. 2023 ഒക്ടോബർ 4 മുതൽ 29 വരെ റോമിൽ വച്ച് നടത്തപ്പെട്ട കത്തോലിക്കാസഭയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സിൻഡിലും ഈ വിഷയം ചർച്ച ചെയ്തിരുന്നു (A Synodal Church in Mission,Sythesis Report,First Session,15).

നായകന്റെ കുറവെന്നോ, വൈകല്യമെന്നോ, തെറ്റെന്നോ, പാപമെന്നോ, ജനിതക ആഭിമുഖ്യമെന്നൊ എന്ത് വിളിച്ചാലും കത്തോലിക്കാസഭയുടെ ധാർമികബോധം ഈ സ്വഭാവം തെറ്റ് എന്നാണ് പഠിപ്പിക്കുന്നത്. മാത്രമല്ല മനുഷ്യന്റെ വികാരങ്ങളെയും യും ചായ് വ്കളെയും മനസുണ്ടെങ്കിൽ അവന് നിയന്ത്രിക്കാൻ ആവുമെന്ന് പഠിപ്പിക്കുക മാത്രമല്ല ഒട്ടനവധിപേർ സ്വജീവിതത്തിലൂടെ കത്തോലിക്കാസഭയിൽ അക്കാര്യത്തിൽ മാതൃക നല്‍കുകയും ചെയ്യുന്നു. കത്തോലിക്കർ മാത്രമല്ല മുസ്ലീമുകളും ഹിന്ദുക്കളും മറ്റ് പലരും ഏതാണ്ട് ഈ ഒരേ ആശയക്കാരാണ്. എന്നാൽ തങ്ങൾ തെറ്റെന്ന് കരുതുന്നുണ്ടെങ്കിലും ഈ സ്വഭാവക്കാരെയും ദൈവമക്കളായി കണ്ട് സ്നേഹത്തോടും കരുണയോടുംകൂടി അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കത്തോലിക്കാ സഭയുടേത്.

എന്റെ അജപാലനശുസ്രൂഷയിൽ ഇതുപോലുള്ള പല വിഷയങ്ങളിലും ഇടപെടാനും ഇത്തരക്കാരായ പലരുമായി സംവദിക്കാനും പലരെയും സഹായിക്കാനും ഇടയായിട്ടുണ്ട്. പക്ഷെ സിനിമയിൽ അത് വളരെ ഭീകരവും ഭയപ്പെടുത്തുന്നതും തീവ്രവും വൈകാരികവുമായ രീതിയിൽ ഭാവന ചെയ്യപ്പെടുകയും ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. യാഥാർത്ഥജീവിതത്തിൽ അത്ര ഭീകരമായല്ല പൊതുസമൂഹവും മതസമൂഹവും അവരോട് പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. അതിഭാവുകത്വം ആവിഷ്ക്കാരത്തിന്റെ സ്വഭാവം ആണല്ലോ!

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോ ഈ സിനിമ എന്ന് പലരും ചോദിച്ചെന്നും വരാം.

ജോസഫ് പാണ്ടിയപ്പള്ളിൽ

Share News