മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിക്കു താഴെയാക്കണമെന്ന് കേരളം: സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു താഴെയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കനത്ത മഴയാണ് ഡാമിനു സമീപം പെയ്യുന്നതെന്നും സമീപത്തു താമസിക്കുന്നവര്‍ ആശങ്കയിലാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതി കേസ് മറ്റന്നാളത്തേക്കു മാറ്റി.
ജലനിരപ്പ് കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നു കോടതി പറഞ്ഞു.
ജനങ്ങള്‍ പരിഭ്രാന്തിയിലാണന്നും അടിയന്തര കോടതി ഇടപെടല്‍ വേണമെന്നും കേരളം ആവശ്യപ്പെട്ടു. തമിഴ്‌നാട് ഇതിനെ എതിര്‍ത്തു. ഇന്നു രാവിലത്തെ ജലനിരപ്പ് 137ക്കു മുകളിലാണെന്ന് തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പിന്റെ കാര്യത്തില്‍ കേരളവുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്താമെന്ന് തമിഴ്‌നാട് വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസയമം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് ജല നിരപ്പ് വീണ്ടും കൂടാന്‍ കാരണം. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.