
കെപിസിസി അധ്യക്ഷൻ: സോണിയായെ ചുമതലപ്പെടുത്തി ജനറൽ ബോഡി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കെപിസിസി ജനറൽബോഡിയിൽ പാസാക്കി.
കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ജനറൽ ബോഡിയുടെ പ്രഥമയോഗത്തിൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, കെ. മുരളീധരൻ എംപി, കെ.സി. ജോസഫ് എന്നിവർ പിന്താങ്ങി. സമവായത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ തുടരാൻ നേതാക്കൾക്കിടയിൽ നേരത്തേ ധാരണയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കി എഐസിസിക്ക് കൈമാറിയത്.
കെപിസിസി പ്രസിഡന്റിനൊപ്പം എഐസിസി അംഗങ്ങളേയും നാമനിർദേശം ചെയ്യാൻ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയമാണ് ജനറൽ ബോഡിയിൽ അവതരിപ്പിച്ചത്.