
കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഒരു കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അമ്മ. രാഷ്ട്രീയത്തിലും സമൂഹത്തിലും ഊർജ്ജസ്വലനായിരുന്ന ഭർത്താവ് അസുഖബാധിതനായി കുറെ നാളായി വീട്ടിൽ തന്നെയാണ്.
പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുവാൻ ആഗ്രഹിക്കുന്ന പുത്രൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ തീരുമാനം വരുന്നത്; മക്കൾ-രാഷ്ട്രീയം പ്രൊത്സാഹിപ്പിക്കരുത്. എന്തു ചെയ്യും? നല്ല ശതമാനം രാഷ്ട്രീയക്കാരെ പോലെ അതിമോഹിതനായ ആ മകൻ തന്റെ സ്വപ്നം സഫലമാക്കാൻ സാഹചര്യം പ്രതികൂലമാണെന്ന് കണ്ടപ്പോൾ പതിയെ ബിജെപിയിലേക്ക് നടന്നു കയറി. വിഷണ്ണനായി നിന്നിരുന്ന അവനെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.

ഇതാണ് ആ അമ്മ കടന്നുപോയ സംഘർഷം. ഒരുവശത്ത് പ്രഗൽഭനായ കോൺഗ്രസുകാരൻ ഭർത്താവ് അസുഖബാധിതനായി കിടക്കുന്നു. മറുവശത്ത് നിരാശയുടെ പടുകുഴിയിൽ വീണു കിടക്കുന്ന മകനും. എന്തു ചെയ്യും എന്ന ചിന്തയിലായിരിക്കണം ആ അമ്മ കൃപാസനത്തിൽ എത്തിയിട്ടുണ്ടാവുക.
Time is the Healer എന്നാണല്ലോ പറയുന്നത്. കാലം കടന്നപ്പോൾ നിത്യത ആ കുടുംബത്തെ സ്പർശിച്ചതായി ആ അമ്മയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം. കാരണം, നിരാശനായ തൻ്റെ മകനെ ശത്രു എന്ന് കരുതിയ രാഷ്ട്രീയ പ്രസ്ഥാനംതന്നെ ഉയർത്തിക്കൊണ്ടുവരുന്നത് അവർക്ക് നേരിട്ട് കാണാൻ സാധിച്ചുവത്രേ. തന്റെ ഭർത്താവ് ചങ്ക് പറിച്ചു കൊടുത്തു വളർത്തിയ പ്രസ്ഥാനം മകനെ തഴഞ്ഞപ്പോൾ ഒരു അമ്മയെന്ന നിലയിൽ അവർ കടന്നുപോയ സംഘർഷത്തെ മനസ്സിലാക്കാവുന്നതാണ്. കൃപാസനത്തിൽ വന്ന് പ്രാർത്ഥിച്ചപ്പോൾ ആ സംഘർഷത്തെ അതിജീവിക്കാൻ സാധിച്ചു എന്നാണ് ആ അമ്മ വിശ്വാസാനുഭവമായി സാക്ഷ്യപ്പെടുത്തുന്നത്.
ഈ അമ്മയുടെ സാക്ഷ്യത്തിൽ എന്താണ് പ്രശ്നമുള്ളത്?

സാക്ഷ്യത്തിൽ ഒരു പ്രശ്നവും കാണുന്നില്ല. പക്ഷേ അതിനെ കൃപാസനം പരസ്യമാക്കാൻ ശ്രമിച്ചത് ഔചിത്യം ഇല്ലായ്മയാണ്. രാഷ്ട്രീയപാർട്ടികളെ പച്ചയായി പരാമർശിക്കുന്ന ഇങ്ങനെയുള്ള സാക്ഷ്യങ്ങളെ എഡിറ്റ് ചെയ്യാമായിരുന്നു. പകരം അതിനെ ഒരു മാർക്കറ്റിംഗ് തന്ത്രമാക്കിയോ എന്നതാണ് ഈയുള്ളവന്റെ സംശയം. രാഷ്ട്രീയ കുതന്ത്രങ്ങൾക്കായി ആർക്കും ഉപയോഗിക്കാവുന്ന ഒരു പേരായി കൃപാസനം ഉപയോഗിക്കപ്പെടരുത്. പല രാഷ്ട്രീയ വൈകൃതങ്ങളെയും ന്യായീകരിക്കാനും സാധൂകരിക്കാനും നാളെയും ചിലപ്പോൾ പലരും കൃപാസനത്തിലേക്ക് കടന്നുവരാൻ സാധ്യതയുണ്ട്.

അതിനാൽ, ദൈവത്തെയോർത്ത്, അവിടെ വരുന്ന സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കൃപാസനത്തിന്റെ പേരിൽ പരിശുദ്ധ അമ്മയും സാമൂഹ്യമാധ്യമങ്ങളിൽ അവഹേളിക്കപ്പെടുന്നത് കാണുമ്പോൾ ഉള്ളം നൊമ്പരംകൊണ്ട് നിറയുന്നതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്.

/// ഫാ .മാർട്ടിൻ N ആന്റണി ///