ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർവ്യക്തിപരമായ പ്രതിസന്ധിയിൽ പോരാടിയില്ല. 

Share News

നിലപാടുകളിൽ ഉറപ്പുള്ള ഒരു വ്യക്തി മരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നത്‌ കൊണ്ടുള്ള ആത്മഹത്യയാണോ ഇത്?അതോ തിരിച്ചറിയപ്പെടാത്ത മാനസികാരോഗ്യ പ്രശ്നത്തിന്റെ വികൃതിയോ? സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്റെ മരണത്തെ കുറിച്ച് മാതൃഭൂമി ദിന പത്രത്തിൽ വന്ന വാർത്തയുടെ ക്ലിപ്പിംഗ് കൊടുക്കുന്നു.

ആത്മഹത്യാ കുറിപ്പുണ്ടായിരുന്നുവെന്നും, ഇതിന്‌ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും അറിയുന്നു. സമൂഹത്തിന് ഏറെ വേണ്ടിയിരുന്ന ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന സൂചനകളുമുണ്ട്. ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർ

വ്യക്തിപരമായ പ്രതിസന്ധിയിൽ പോരാടിയില്ല. ഇതാണ്‌ വിഷാദം ചെയ്യുന്ന ക്രൂരമായ കൊല്ലുന്ന ഇടപെടൽ. വിഷാദത്തെ മയപ്പെടുത്തുന്ന ബദൽ ഇടപെടലുകൾ വേണം. ആവശ്യമായ സന്ദർഭത്തിൽ ചികിത്സ വേണം. അങ്ങനെയുള്ള വ്യക്തികളിൽ കൂടുതൽ ശ്രദ്ധയും വേണം. ഇത് പോലൊരു വിഷയത്തെ ഉയർത്തി കൊണ്ട് വരാൻ അങ്ങയുടെ നിര്യാണത്തെ ഉപയോഗിച്ചതിന്

ക്ഷമിക്കുക കുഞ്ഞാമൻ സർ. ധാരാളം പേർക്ക് അങ്ങൊരു വലിയ മാതൃകയാണ്. എന്നാൽ ഈ ദേഹം വെടിയൽ മാതൃകയാകരുത്‌.

അങ്ങയെ പോലെ വിലപ്പെട്ടവരെയും, സാധാരണ മനുഷ്യരെയും ഇങ്ങനെ നഷ്ടപ്പെടാൻ അനുവദിക്കാതിരിക്കാൻ വേണ്ടിയുള്ള ആദരാഞ്ജലി കുറിപ്പായി ഇതിനെ കണക്കാക്കി ക്ഷമിക്കുക. കേരളത്തിൽ ആത്മഹത്യകൾ ആദ്യമായി പതിനായിരം കടന്നുവന്ന വാർത്ത വന്ന ദിവസം കൂടിയാണിത്.

ആദരാജ്ഞലികൾ.

(ഡോ :സി ജെ ജോൺ)

ഡോക്ടർ എം കുഞ്ഞാമൻ

തൻ്റെ ബാല്യത്തെ പിൽക്കാലത്ത് ഇങ്ങനെ ഓർത്തെഴുതി: l

ഇരുട്ടുനിറഞ്ഞതായിരുന്നു കാലം.

പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളർത്തി.

വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമില്ല, തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.

പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കു ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ.

കുഴിയുടെ അടുത്തേക്കു

കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു.

രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.

ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ.

പുസ്തകവും സ്ലേറ്റും ഷർട്ടുമില്ലാതെ ഞാൻ സ്‌കൂളിൽ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെ ഇരുന്നാൽ ചില ദിവസങ്ങളിൽ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക.

എൽപി വിദ്യാർത്ഥികൾക്ക് അന്ന് സർക്കാർ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും.

കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുതി ‘പാണൻ പറയെടാ’ എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു:

‘സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം’. ‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ’ എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു.

അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ‘കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല’ എന്നായി പരിഹാസം. അടിയേറ്റ് വീങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു:’നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ’.

അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിന്റെ ചോട്ടിൽ പോയിരിക്കും. എന്നെ മർദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: ‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്’. അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.

‘വേണ്ട സർ’.

‘ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?’

സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത്. പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം’.

ആ അദ്ധ്യാപകന്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടർച്ചയായി വായനതുടങ്ങി…

.

ഇന്ന് ഏറെ വേദനിപ്പിച്ച വാർത്ത .അനേകം വ്യക്തികൾ വിവിധ കാരണങ്ങളാൽ പ്രതിസന്ധികളിൽപെട്ട് ജീവിക്കാൻ വിഷമിക്കുമ്പോഴും അവർ ദൈവം നൽകിയ ജീവൻ ,ജീവിതം വിലപ്പെട്ടതായി കാണുന്നു .പ്രത്യാശയോടെ അവരൊക്കെ ജീവിതത്തെ ആദരവോടെ വീക്ഷിക്കുന്നു .കരുത്തുള്ള അദ്ദേഹത്തിന് സ്നേഹവും കരുതലും നൽകുന്ന ആരെയും കണ്ടെത്തുവാൻ കഴിഞ്ഞില്ലേ ? നമ്മുടെ സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുവാൻ നല്ല സുഹൃത്തുക്കൾ ഉണ്ടാകട്ടെ .

സാബു ജോസ്

Share News