വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് ഇന്ന് പലയിടങ്ങളിലും പലപ്പോഴും കാണുന്ന അപഭ്രംശങ്ങൾ ആശങ്കാജനകമാണ്.!|(Liturgical aberrations)

Share News

തിരുത്തപ്പെടേണ്ട ആരാധനക്രമ അപഭ്രംശങ്ങൾ!(Liturgical aberrations)

holy mass

സീറോ മലബാർ സഭയിൽ നിലവിൽ വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയുമായി ബന്ധപ്പെട്ട ആശയങ്ങളും വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് ആരാധനക്രമവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങൾ.വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട തെറ്റായ ശൈലികളെയും രീതികളെയും സൂചിപ്പിക്കുന്ന പദമാണ് ആരാധനക്രമ അപഭ്രംശം എന്നത് (Liturgical aberration). അവ തിരുത്തപ്പെടേണ്ടവയാണ്. തിരുസഭ അംഗീകരിച്ച ഔദ്യോഗിക ടെക്സ്റ്റുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഓരോരുത്തരും തങ്ങളുടെ ഭാവനയനുസരിച്ച് പ്രാർത്ഥനകൾ കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതിനെയാണ് പൊതുവേ ഈ വാക്ക് സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം സീറോമലബാർ സഭയിലെ ഒരു ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച ഒരു വ്യക്തി പങ്കുവെച്ച അനുഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. അന്നേദിവസം ഒരു

ഞായറാഴ്ചയായിരുന്നിട്ടു കൂടി വിശ്വാസപ്രമാണം വിശുദ്ധ കുർബാനയിൽ ചൊല്ലിയിരുന്നില്ല എന്നാണ് അദ്ദേഹം പങ്കുവെച്ചത്!സീറോ മലബാർ സഭയുടെ സിനഡിന്റെ നിർദ്ദേശങ്ങൾക്ക്‌ വിരുദ്ധമായി ജനാഭിമുഖമായി അർപ്പിക്കപ്പെട്ട ആ വിശുദ്ധ ബലിയിൽ സുവിശേഷപ്രസംഗത്തിനുശേഷം കാർമികൻ കാറോസൂസ പ്രാർത്ഥനയും വിശ്വാസപ്രമാണവും ഒഴിവാക്കി മറ്റ് പ്രാർത്ഥനകളിലേക്ക് കടക്കുകയാണ് ചെയ്തത്!

സമാനമായ ഒരുവീഡിയോയും ഈയിടെ കാണാനിടയായി. അതിൽ സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന കാർമ്മികൻ സ്ഥാപക വാക്യങ്ങൾക്ക് ശേഷം മൂന്നാം പ്രണാമജപം ചൊല്ലുന്നതായി കാണുന്നില്ല. ആ സമയത്ത് സമൂഹം “ഒന്നുചേർന്നു ദാസര്‍ പാടും ആരാധന…..” എന്ന ഗീതം ആലപിക്കുകയാണ് ചെയ്യുന്നത്. റൂഹാക്ഷണപ്രാർത്ഥനയ്ക്ക് മുമ്പുള്ള നാലാം പ്രണാമജപത്തിന്റെ സമയത്തും ഇപ്രകാരമാണ് ചെയ്യുന്നത്. അതിനിടെ സ്വയംപ്രേരിതമായ പ്രാർത്ഥന സമൂഹത്തെക്കൊണ്ട് കാർമികൻ ചൊല്ലിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വിശുദ്ധ കുർബാന ക്രമത്തിൽ പറയാത്ത സമയങ്ങളിൽ ഉദാഹരണമായി, സ്ഥാപക വാക്യങ്ങൾ ചൊല്ലുന്ന സമയത്ത് ജനങ്ങളിലേക്ക് തിരിഞ്ഞ് കാർമികൻ അപ്പവും വീഞ്ഞും ഉയർത്തിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

ദൈവാരാധനയ്ക്കും കൂദാശാകാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം 2004 മാർച്ച് 25ന് പ്രസിദ്ധീകരിച്ച ഒരു രേഖയാണ് “Redemptionis Sacramentum” (രക്ഷയുടെ കൂദാശ) എന്നത്. ഈ കാര്യാലയത്തിന്റെ അധ്യക്ഷനായ കർദ്ദിനാൾ ഫ്രാൻസിസ് അരിൻസെ പ്രസ്തുത രേഖയുടെ ആദ്യഭാഗത്തു തന്നെ ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനം ഊന്നിപ്പറയുന്നുണ്ട്. (ആരാധനക്രമം, No. 22).

വൈദികരെക്കുറിച്ച് പറയുന്നിടത്ത് അവർ തങ്ങളുടെ ശുശ്രൂഷയുടെ ആഴമേറിയ അർത്ഥത്തെ ഒരുതരത്തിലും വിലകുറച്ചു കാണാനിടയാകരുതെന്ന് ഈ രേഖ ഓർമിപ്പിക്കുന്നു. പ്രാർത്ഥനകളിൽ വ്യത്യാസം വരുത്തിയോ ഒഴിവാക്കിയോ തോന്നിയതുപോലെ കൂട്ടിച്ചേർത്തോ ആരാധനാക്രമാഘോഷം നടത്തരുതെന്ന് രേഖ നിർദ്ദേശിക്കുന്നു (No. 31). നമ്മുടെ തന്നെ വീഴ്ചകളിലൂടെ സഭയ്ക്ക് ഒരിക്കലും മുറിവ് ഉണ്ടാക്കരുതെന്ന സഭാ പിതാവായ വി. അംബ്രോസിന്റെ വാക്കുകൾ രേഖ ഓർമിപ്പിക്കുന്നു.

വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാന ഭാഗമായ അനാഫൊറയിലെ പ്രാർത്ഥനകളെ ചിട്ടപ്പെടുത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ചില വൈദികർ കരുതുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.(No. 51).അനാഫൊറ പ്രാർത്ഥനകൾ കാർമികൻ ചൊല്ലുന്നതിനു പകരം സമൂഹം മുഴുവൻ ഒരുമിച്ച് ചൊല്ലുന്നതും കാർമികൻ ചൊല്ലുമ്പോൾ ആ സമയത്ത് മറ്റ് പാട്ടുകളോ പ്രാർത്ഥനകളോ ചൊല്ലുന്നതും ആരാധനക്രമവുമായി ബന്ധപ്പെട്ട ദുരുപയോഗമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. കാർമ്മികൻ അനാഫൊറ പ്രാർത്ഥനകൾ ചൊല്ലുന്ന സമയത്ത് ഓർഗനോ അതുപോലുള്ള മറ്റു സംഗീത ഉപകരണങ്ങളോ നിശബ്ദമായിരിക്കേണ്ടതാണെന്നും രേഖ സൂചിപ്പിക്കുന്നു.(No. 52,53).

ഇന്ന് ആരാധനക്രമവുമായി ബന്ധപ്പെട്ട പല ദുരുപയോഗങ്ങളും വേരൂന്നിയിരിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു തെറ്റായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഈ രേഖയുടെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്.നാം ആഗ്രഹിക്കുന്നതു പോലെ എല്ലാം ചെയ്യാനുള്ള മിഥ്യയായ ഒരു സ്വാതന്ത്ര്യം

ദൈവം നമുക്ക് മിശിഹായിൽ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖ ഏതാണ് ഉചിതമെന്നും ശരിയായതെന്നും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ദൈവം നമുക്ക് നൽകിയിട്ടുള്ളതെന്ന് ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ നിന്നും നേരിട്ട് വരുന്ന കൽപ്പനകളുടെ കാര്യത്തിൽ മാത്രമല്ല,മറിച്ച് സഭ പ്രഖ്യാപിക്കുന്ന നിയമങ്ങൾക്കും ഇത് ബാധകമാണെന്ന് രേഖ വ്യക്തമാക്കുന്നു (No. 7).

ആരാധനക്രമം, പ്രത്യേകിച്ച് വിശുദ്ധ കുർബാനയുടെ ആഘോഷം സഭ ആഗ്രഹിക്കുന്നതുപോലെ ശരിയായ രീതിയിൽ പരികർമ്മം ചെയ്യണമെന്നത് എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും അവകാശമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു . ഇത് ആരാധനക്രമ ഗ്രന്ഥങ്ങളും മറ്റു നിയമങ്ങളും രീതികളും നിർദ്ദേശിക്കുന്നതുപോലെ സഭയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കണം.(No. 12). അങ്ങനെയല്ലെങ്കിൽ ആരാധനക്രമം എന്നത് ആരുടെയെങ്കിലും സ്വകാര്യ സ്വത്തായി മാറുന്ന സ്ഥിതിവിശേഷം ഉണ്ടാകും. (No.18).

വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് ഇന്ന് പലയിടങ്ങളിലും പലപ്പോഴും കാണുന്ന അപഭ്രംശങ്ങൾ ആശങ്കാജനകമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്നവർ പലപ്പോഴും ഇത്തരം അപഭ്രംശങ്ങളുടെ നേരെ കണ്ണടയ്ക്കുന്നത് നിർഭാഗ്യകരമാണ്. വൈദികരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ആരാധനക്രമ അപഭ്രംശങ്ങളെ തിരുത്താനുള്ള ഗൗരവമായ ഉത്തരവാദിത്വം ഓരോ പ്രദേശത്തെയും രൂപതാ മെത്രാനാണുള്ളത്.രൂപതാ മെത്രാനെ “ദൈവിക രഹസ്യങ്ങളുടെ പ്രഥമകാര്യസ്ഥൻ” എന്നാണ് വത്തിക്കാൻ രേഖ വിശേഷിപ്പിക്കുന്നത്. ആരാധനാ ജീവിതത്തിന്റെ രക്ഷകർത്താവാണ് അദ്ദേഹം (No. 19). രണ്ടാം വത്തിക്കാൻ കൗൺസിൽ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്:

holy-mass

“ദൈവ രഹസ്യം പകർന്നു കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത് മെത്രാന്മാരാണ്. തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭയിലെ ദൈവാരാധനാപരമായ ജീവിതം മുഴുവന്റേയും ഭരണകർത്താക്കളും പരിപോഷകരും സംരക്ഷകരും അവർ തന്നെ”(മെത്രാന്മാർ, No. 15).ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ “സഭ വിശുദ്ധ കുർബാനയിൽ നിന്ന്” എന്ന തന്റെ ചാക്രികലേഖനത്തിൽ പറയുന്ന വാക്കുകൾ ഇവിടെ പ്രത്യേകം സ്മരണീയമാണ്:

“ആരാധനക്രമം ഒരിക്കലും ആരുടെയും സ്വകാര്യ സ്വത്തല്ല, ആഘോഷിക്കുന്ന കാർമ്മികന്റെയോ രഹസ്യങ്ങൾ ആഘോഷിക്കപ്പെടുന്ന സമൂഹത്തിന്റെയോ സ്വത്തല്ല…… ആരാധനക്രമപരമായ നിയമങ്ങൾ അനുസരിച്ച് വിശ്വസ്തതാപൂർവ്വം കുർബാന ആഘോഷിക്കുന്ന വൈദികരും ആ നിയമങ്ങളോടൊത്തു പോകുന്ന സമൂഹങ്ങളും സഭയോടുള്ള അവരുടെ സ്നേഹം നിശബ്ദമായി എന്നാൽ വാചാലമായി തെളിയിക്കുന്നു”(No. 52).

Share News