ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ അദ്ദേഹത്തിനുള്ള കാരണമെന്തായിരിക്കും?

Share News

ഇന്നായിരുന്നു മൈനർ സെമിനാരിയിലെ ജൂൺ മാസ ധ്യാനം!

അതു നയിക്കാനെത്തിയ ഗീവർഗ്ഗീസ് വലിയചാങ്ങവീട്ടിലച്ചനാണ് വൈദിക വിദ്യാർത്ഥികളോട് ആ ചോദ്യം ചോദിച്ചത്!

“Are you happy?”

“Yes… Yes! ഉത്തരം പെട്ടന്നു വന്നു.

“Are you really happy when you are alone?”

കുട്ടികൾ ഒന്നു പകച്ചു. ഒരുപക്ഷേ അങ്ങനെയൊരു ചോദ്യത്തെ അവർ അത്രനാളും നേരിട്ടിട്ടുണ്ടാവില്ല! തീർച്ചയായും കൂടുതൽ ആലോചന അർഹിക്കുന്ന ചോദ്യമായതുകൊണ്ടാവും മറുപടി അത്ര പെട്ടന്നു വന്നില്ല!

ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമുക്കുള്ള കാരണമെന്താണ്?

അതിനുള്ള ഉത്തരം തന്ന ഒരാളുണ്ട്!

ബഥനി സന്യാസ സഭാംഗമായ ഫാ. ഗബ്രിയേൽ പൊസേന്തി!

ഒരപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എഴുനേൽക്കാനാവാതെ തിരുവനന്തപുരം, നാലാഞ്ചിറ ബഥനി ആശ്രമത്തിലെ ഒരു മുറിയിൽ ഗബ്രിയേലച്ചൻ കിടക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടാവുന്നു. പാതിതുറന്ന ഒരു ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഒരു തുണ്ട് ആകാശത്തിനു കീഴെ ആ ജീവിത പുസ്തകം മലർക്കെ തുറന്നു വച്ചിരിക്കുന്നു. ആ നാലു ചുവരുകൾക്കുള്ളിൽത്തന്നെയാണ് അദ്ദേഹത്തിന്റെ അൾത്താര; രോഗക്കിടക്ക തന്നെ ബലിപീഠവും! ഉയരുന്ന ധൂപാർപ്പണങ്ങളുടെ ഗന്ധം കുന്തുരുക്കത്തിന്റെതല്ല, മരുന്നുകളുടേതാണ്. കത്തിച്ചു വച്ച മെഴുകുതിരികളില്ല, പകരം ഒരു പുരുഷായുസ്സുതന്നെ തിരിയായുരുകി വെളിച്ചം പരത്തുന്നത് ചെന്നാൽ കാണാം!

ഊർജസ്വലമായ ഒരു യൗവ്വനകാലം ക്രിസ്തുവിന്റെ കാൽക്കൽ ഉടച്ചൊഴിച്ച്, വേദനയുടെ കാസ കയ്യിലേന്തിനിൽക്കുമ്പോഴും ഈ മനുഷ്യൻ പറയുന്നത് ‘സുകൃതമീ സഹനം’ എന്നാണ്. രോഗക്കിടക്കയിൽ കിടന്നുകൊണ്ട് ആ പേരിലൊരു പുസ്തകം തന്നെ അദ്ദേഹം എഴുതിയിരിക്കുന്നു.

പരസഹായമില്ലാതെ കിടക്കയിൽ ഒന്നെഴുനേറ്റിരിക്കാൻ കഴിയാത്തപ്പോഴും അദ്ദേഹം എത്ര സന്തോഷവാനാണെന്നറിയാമോ! മടുപ്പിക്കുന്ന ആ കിടപ്പിലും അദ്ദേഹം ദൈവത്തെയോ മനുഷ്യരെയോ പഴിക്കുന്നില്ല. കാണാനെത്തുന്ന മനുഷ്യരിലേക്ക് ദൈവികമായ ഊർജമല്ലാതെ മറ്റൊന്നും പ്രസരിപ്പിക്കുന്നില്ല. പ്രതീക്ഷാനിർഭരമായ ഒരു ജീവിതത്തെക്കുറിച്ചല്ലാത മറ്റൊന്നും സംസാരിക്കുന്നില്ല. സന്തോഷമല്ലാതെ മറ്റൊന്നും പങ്കുവയ്ക്കുന്നില്ല. പാത്രങ്ങൾ തുറന്ന് വിളമ്പിത്തരുന്ന മധുരം, നിറയ്ക്കുന്നത് ഉദരത്തെയല്ല, ഹൃദയത്തെയാണ്!

ഇതു വെറും സന്തോഷമല്ല, ആനന്ദമാണ്. ഈ ആനന്ദം അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നുവരുന്നതാണ്.

ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ അദ്ദേഹത്തിനുള്ള കാരണമെന്തായിരിക്കും?

അടുത്തിരുന്നപ്പോൾ ഞാനതു കണ്ടു – സ്വർഗ്ഗത്തിലെ അപ്പന്റെ വലതുകരം അദ്ദേഹത്തിന്റെ കരത്തോടു ചേർന്നിരിക്കുന്നു!

(പൊസേന്തിയച്ചന്റെ അടുക്കലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ പാറോട്ടുകോണത്തെ എന്റെ ഇടവകയിലെ മദേഴ്സ് ഫോറം അംഗങ്ങൾക്ക് നന്ദി!)

Fr.Sheen Palakkuzhy 

Malankara Syrian Catholic Priest – Major Archdiocese of Trivandrum

Share News