
എം.സി. ജോസഫൈൻ അന്തരിച്ചു
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്ന എം.സി. ജോസഫൈൻ(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണിരുന്നു. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈനെ പ്രായപരിധി കടന്നതിനാല്‍ ഇത്തവണ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് ജോസഫൈന്‍.
2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെയാണ് ജോസഫൈന്‍ കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചത്. പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മുസ്ലീംലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞിനോടാണ് പരാജയപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.
വൈപ്പിന്‍ സ്വദേശിനിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. ജിസിഡിഎ ചെയര്‍പേഴ്‌സണ്‍, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, അങ്കമാലി നഗരസഭാ കൗണ്‍സിലര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.