എം. തോമസ് മാത്യു84-ാം ജന്മദിനം ഇന്ന്: കേരളീയ രീതിയിൽ പറഞ്ഞാൽ ‘ശതാഭിഷേക ദിനം’|ആശംസകൾ

Share News

വിപുലമായ അർത്ഥതലവും ആഴവും ഉള്ള സാഹിത്യ വിമർശം കൊണ്ട് തൻ്റെ തട്ടകം ഉറപ്പിച്ച എഴുകാരനാണ് പ്രൊഫസർ എം. തോമസ് മാത്യു.

ഏറെ എഴുതിയില്ലങ്കിലും, എഴുതിയവയിലൂടെ എഴുതിയവയിലൂടെ തൻ്റെ സ്വതം പ്രകാശിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൂരദർ‍ശൻ്റെ ‘സമീക്ഷ’യെന്ന സാഹിത്യ പരമ്പരയിലെ അഭിമുഖത്തിൽ‍, എം. തോമസ് മാത്യു സാർ തന്നെ പറയും പോലെ എഴുതാതിരിക്കലും ‘എഴുത്തുതന്നെയാണ്’. ഉള്ളിൽ നടക്കുന്ന എഴുത്തു പ്രക്രിയയെ കടലാസിൽ പകർത്താതെ ഉപേക്ഷിക്കാനും , ത്യജിക്കാനും ഒരു മനസ്സുണ്ടാവണം….

എം. തോമസ് മാത്യു സാറിൻ്റെ 84-ാം ജന്മദിനം ഇന്ന്….

മഹാരാജാസ് കോളേജിൽ പഠിക്കുകയോ മലയാളം ഐച്ഛിക വിഷയമായി പഠിക്കുകയോ ചെയ്യാത്ത ഞങ്ങളെപ്പോലുള്ള ചിലർ, തോമസ് മാത്യു സാറിനും മറ്റും സ്വന്തം ശിഷ്യന്മാരെപ്പോലെയാണ്; പോലെയല്ല, ശിഷ്യന്മാർ തന്നെ! ഇത് ഞാനും മറ്റും ന്യൂമാൻ കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്ക്കേ (1973 കാലം മുതൽ) അങ്ങനെയാണ്… ഞങ്ങളൊക്കെ 1970-കളിലേ സംസ്കരിക വസന്തത്തിൻറെ നറുമണം നുകരാൻ പ്രാപ്തരാക്കിയ ഗുഭൂതൻ…..

1940 സെപ്റ്റംബർ 27-ന്‌ പത്തനംതിട്ട ജില്ലയിലെ കീകൊഴൂരിൽ വി.ടി. മാത്യുവിൻ്റെയും മറിയാമ്മ മാത്യുവിൻ്റെയും മകനായി ജനനം. പിതാവിന് എറണാകുളത്തു ജോലിയായതിനാൽ തൃക്കാക്കരയിലാണ് വളർന്നതു പഠിച്ചതും. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

1965-ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് ഗവണ്മെൻ്റ് കോളേജ് അദ്ധ്യാപകനായി, എറണാകുളം മഹാരാജാസ് കോളേജ്‌ ഉൾപ്പെടെ ഉള്ള കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ പ്രൊഫസറായും അവസാനം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ‍ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, നിർ‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം കൺവീനർ നിർ‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

2001-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (‘ആത്മാവിൻ്റെ മുറിവുകൾ’); 2006-ൽ അദ്ദേഹമെഴുതിയ ‘മാരാർ, ലാവണ്യാനുഭവത്തിൻ്റെ യുക്തിശില്പം’ എന്ന പഠനഗ്രന്ഥം 33-ാം വയലാർ പുരസ്കാരം നേടി; 2016 -ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

തോമസ് മാത്യുസാറ് ഇപ്പോഴും കർമ്മനിരതനാണ്; എഴുത്തിലും സാഹിത്യ പ്രഭാഷണങ്ങളിലും എല്ലാം. ഇക്കഴിഞ്ഞ മാസമാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പുസ്തകം പുറത്തുവന്നത്: ‘വാക്കിൻ്റെ വാസ്തുപുണ്യം’. കുട്ടിക്കൃഷ്ണ മാരാരുടെ സമ്പൂർണ്ണകൃതികളുടെ നാല് വാല്യമുള്ള പുതിയ പതിപ്പിൻ്റെ സമാഹരണവും സംശോധനവും വിഷയക്രമമനുസരിച്ചുള്ള എഡിറ്റിങ്ങും ഈയിടെ പൂർത്തിയാക്കിയതേ ഉള്ളു.

സാറിൻ്റെ ആദ്യകൃതി:’ദന്തഗോപുരത്തിലേക്ക് വീണ്ടും’ എന്നതാണ്.

മറ്റു കൃതികൾ: ‘മാരാർ, ലാവണ്യാനുഭവ ത്തിൻ്റെ യുക്തിശില്പം’; ‘എന്റെ വാൽമീകമെവിടെ’; ‘സാഹിത്യ ദർശനം’; ‘വാങ്മുഖം’; ‘ആത്മാവിൻ്റെ മുറിവുകൾ’; ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’; ‘മരുഭൂമിയിൽ വിളിച്ചു പറയുന്നവൻ്റെ ശബ്ദം’; ‘മനുഷ്യൻ്റെ ശബ്ദം സംഗീതം പോലെ’; ‘അന്തഃസംഘർഷത്തിൻ്റെ വരമൊഴി സാക്ഷ്യം’; ‘ന്യൂ ഹ്യൂമനിസം’ (എം.എൻ.റോയ് എഴുതിയ പ്രസിദ്ധ ഗ്രന്ഥത്തിൻ്റെ വിവർത്തനം)

ഇതിനോടൊപ്പം പുതിയതായി വന്ന ‘ആശാൻ്റെ സീതായനം’; ‘വാക്കിൻ്റെ വാസ്തുപുണ്യം’ ഉൾപ്പെട്ടെ ഏതാനും ചില ഗ്രന്ഥങ്ങളും…..

_____________

ആർ. ഗോപാലകൃഷ്ണൻ | 2024 സെപ്റ്റംബർ 27

…………………..

( മലയാളം വിക്കിപീഡിയയിൽ സാറിൻറെ ജന്മദിനം സെപ്റ്റംബർ 25 കൊടുത്തിട്ടുള്ളത് തെറ്റാണ്.)

Share News