വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല.

Share News

വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല. തിരുവനന്തപുരം നഗരമധ്യത്തിലെ

രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള കോളനി) ജനിച്ചു വളർന്ന ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും പാഠപുസ്തകം. ചെങ്കൽച്ചൂളയുടെ ചരിത്രം, മനുഷ്യരുടെ ജീവിതം, സ്ത്രീ, കുടുംബിനി എന്നീ നിലകളിലെ തന്റെ അതിജീവനം തുടങ്ങിയവയാണ് ധനുജകുമാരി എഴുതിയിരിക്കുന്നത്.

‘ഒരു ചേരിയുടെ കഥ പറയുമ്പോൾ മറ്റെല്ലാ ചേരികളുടേയും കഥ പോലെ തോന്നാമെങ്കിലും ചൂളയിലെ ജീവിതം വ്യത്യസ്തമാണ്’– അവർ പറയുന്നു. ‘സെക്രട്ടേറിയറ്റ് നിർമാണകാലത്ത് പ്രധാന സെറ്റിൽമെന്റായിരുന്നു.കുളം നികത്തിയാണു ചൂള രൂപപ്പെട്ടത്. സ്നേഹമുള്ള ഒരു കൂട്ടം മനുഷ്യരാണ് ഇന്നത്തെ കാഴ്ച. അലോസരമില്ലാത്ത ഒരു സാമൂഹികാന്തരീക്ഷം ഏറെ പരിശ്രമത്തിനൊടുവിൽ നിലവിൽ വന്നിരിക്കുന്നു.’

സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന ധനുജകുമാരിയെ പുസ്തകമെഴുത്തിൽ വിജില എന്ന എഴുത്തുകാരി സഹായിച്ചിരുന്നു.

‘ചൂളയിലെ ആണുങ്ങൾ അടിപിടിക്കാരും അക്രമികളും എന്നായിരുന്നു ആക്ഷേപം. അതുകൊണ്ട് അന്നു കുട്ടികളെ എടുക്കാൻ സ്കൂളുകൾ മടിച്ചു. ഇന്ന് വിദ്യാഭ്യാസമുള്ള കുട്ടികളാണ് കരുത്ത്. പഠിച്ച് ആത്മവിശ്വാസം നേടിയ പെൺകുട്ടികൾ ഞങ്ങൾ ചൂളയിൽ നിന്നാണെന്ന് പറയാൻ മടി കാണിക്കുന്നില്ല.’

മകൻ നിധീഷ് കലാമണ്ഡലത്തിൽ ചെണ്ട പഠിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവവും പുസ്തകത്തിലുണ്ട്.

‘ജാതി പറഞ്ഞും ചേരിക്കാരനെന്ന് വിളിച്ചുമുള്ള ആക്ഷേപം അതിരു വിട്ടതോടെ കലാമണ്ഡലത്തിൽ നിന്ന് മടങ്ങേണ്ടി വന്നു. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ ഇടപെട്ട് വീണ്ടും പോയിത്തുടങ്ങിയെങ്കിലും തുടരാനായില്ല.

5 ഏക്കർ വിസ്തൃതിയുള്ള രാജാജി നഗറിന്റെ ചരിത്രത്തിന്റെ 2–ാം ഭാഗം എഴുതാനുള്ള തയാറെടുപ്പിലാണ്.

‘മാലിന്യനീക്കം, ആരോഗ്യസംരക്ഷണം എന്നിവയിലൊക്കെ ചൂള മുന്നേറാനുണ്ട്. 1200 വീടുകളിലെ 7000 പേരെക്കുറിച്ചുള്ള ഡേറ്റാ ബാങ്കും തയാറാകുന്നു.

ചൂളയിലെ സ്ത്രീകളുടെ കൂട്ടായ്മയ‘വിങ്സ് ഓഫ് വിമനി’ ന്റെ സെക്രട്ടറിയായ ധനുജകുമാരിയുടെ ഉത്സാഹത്തിൽ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്.

‘തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് ചൂളയിലെ സ്ത്രീകൾ കടന്നു പോകുന്നത്. അവർക്കൊപ്പം എന്റെ കഥയും രേഖപ്പെടുത്തി.’

T B Lal 

Share News