
മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത്?|സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!
മൂന്ന് പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ. ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച് ഇടവഴിയിലൂടെയുള്ള നടത്തം! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലപ്പോഴൊക്കെ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല.
അക്കാലത്ത് ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു ആർക്കും. പറമ്പിനു ചുറ്റും കെട്ടി ഉയർത്തിയ മതിലുകൾ ഇല്ലായിരുന്നു. വിസ്‌തൃതമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ. രാത്രി നിലാവെളിച്ചത്തിൽ നടന്നു പോകുന്ന രൂപം കാണുമ്പോൾ ആരെടാ എന്റെ പറമ്പിൽ എന്നായിരുന്നില്ല ചോദ്യം. മറിച്ച് മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത് എന്നൊരു കുശലാന്വേഷണമായിരിക്കും.. ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറിച്ചെന്നു ഇത്തിരി വെട്ടം തരാമോ ചേടത്തി എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ചൂട്ടുകറ്റ കെട്ടി തീകത്തിച്ചു കൊടുക്കുമായിരുന്നു. ചിലപ്പോൾ മെഴുകുതിരിയും ഒരു ചിരട്ടയുമാകും കൈമാറുക. അതൊക്കെ ഒരു കാലം. സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!
written by Ignatious O M