മുല്ലപ്പെരിയാർ ;മൗനം പരിഹാരമല്ല |ദീപിക

Share News

പാട്ടക്കരാര്‍ റദ്ദാക്കുന്നതില്‍ കേരളത്തിന്
മൗനം:

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു തമിഴ്‌നാട് പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള അവകാശം ഉണ്ടെങ്കിലും കേരളസര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നു സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. സോനു അഗസ്റ്റിന്‍.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ട്രസ്റ്റിന്റെ ഹര്‍ജിക്കൊപ്പം ഡോ. ജോ ജോസഫിന്റെ ഹര്‍ജിയും പരിഗണിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് 2006 ല്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ 2014 ല്‍ സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ നിര്‍ണായകമായ ആറു വ്യവസ്ഥകള്‍ തമിഴ്നാട് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നഗ്‌നമായ ലംഘനമാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.ഏതൊരു കരാറിന്റെയും ലംഘനം പ്രസ്തുത കരാര്‍ റദ്ദാക്കാന്‍ എതിര്‍ കക്ഷിക്ക് അവകാശം നല്‍കുന്നതാണ്.

കേരളം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ ഇതുവരെ തുടര്‍ന്നു വന്ന അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടാല്‍ തമിഴ്‌നാടുമായുള്ള 999 വര്‍ഷത്തെ പാട്ടക്കരാര്‍ വെറും ഒറ്റ ദിവസം കൊണ്ട് റദ്ദാക്കാനാകും.എന്നാല്‍ ഈ കാര്യത്തില്‍ കേരളം എന്തു കൊണ്ടോ മൗനം പാലിക്കുകയാണ്.
കേരള സര്‍ക്കാരിന്റെയും കേരളത്തിന്റെ പ്രതിനിധികളുടെയും നിസംഗതയും മെല്ലെപ്പൊക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശിച്ച സുരക്ഷാ നടപടികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല എന്നു മാത്രമല്ല, അറ്റകുറ്റപ്പണികള്‍ പോലും തമിഴ്‌നാടിനെ കൊണ്ടു ചെയ്യിക്കുവാന്‍ കേരള സര്‍ക്കാരിനോ മേല്‍നോട്ട സമിതിയുടെ ചെയര്‍മാനോ സാധിച്ചിട്ടില്ല എന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. കാലം തെറ്റിയുള്ള മഴയില്‍ മലയോരമേഖലകളില്‍ മേഘവിസ്‌ഫോടനവും ഉരുളുപൊട്ടലും അടിക്കടി നാശം വിതയ്ക്കുമ്പോള്‍ അഞ്ചു ജില്ലകളിലെ അമ്പതുലക്ഷം ജനങ്ങള്‍ ഭീതിയോടെയാണ് മുല്ലപ്പെരിയാറിനെ നോക്കി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രതീക്ഷ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ പ്രതീക്ഷയോടെയാണ് സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് നോക്കി കാണുന്നത്. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടതും ജനങ്ങളുടെ ആഗ്രഹം പോലെയാണെന്നും അഡ്വ. സോനു അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.

സുപ്രീംകോടതി നിര്‍ദേശം

2014ല്‍ സുപ്രീംകോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിധി പറഞ്ഞപ്പോള്‍ ആറു വ്യവസ്ഥകളില്‍ അടിയന്തര ശ്രദ്ധ വേണമെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഡാമിന്റെ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തെ കേടുപാടുകള്‍ അടിയന്തരമായി പരിഹരിക്കണം, വെള്ളം ഒലിച്ചു പോകുന്നതിനുള്ള ഒവുചാലുകള്‍(സ്വീപ്പേജുകള്‍) മാലിന്യങ്ങള്‍ അടിഞ്ഞു കൂടാതെ വൃത്തിയാക്കണം, ഭൂകമ്പ ആഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള ചലനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ കൃത്യമായി സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടില്‍ നിന്ന് യഥാകാലം അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യണം, ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം,ഡാമിന്റെ വെള്ളമുള്ള ഭാഗം സിമന്റും മറ്റ് രാസപദാര്‍ത്ഥങ്ങളും ചേര്‍ത്ത് നിലവില്‍ ഡാം തകരാത്ത രീതിയില്‍ ബലിഷ്ടമാക്കി നിലനിര്‍ത്തണം എന്നീ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നല്‍കിയിരുന്നത്. ഇവയ്ക്കു പുറമേ ഉത്തരവിന്റെ 214-ാം ഖണ്ഡികയില്‍ മറ്റൊരു സുപ്രധാന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ടു വച്ചിരുന്നു. അടിയന്തിര സാഹചര്യത്തില്‍ വളരെ പെട്ടെന്നു ജലം ഒഴുക്കിക്കൊണ്ടു പോകുന്നതിനുള്ള ടണലുകള്‍ ഡാമുകളുടെ അടിഭാഗത്ത് നിര്‍മ്മിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിഭാഗത്തു നിന്ന് 106 അടി ഉയരത്തിലാണ് നിലവില്‍ ടണലുകള്‍ ഉള്ളത്. ഇത് 50 അടി താഴ്ചയിലാക്കി പുതിയ ടണല്‍ നിര്‍മ്മിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും 2014 ലെ ഉത്തരവില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ ആയിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍ നിര്‍ദേശങ്ങളില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. സുപ്രീംകോടതി നിര്‍ദേശം പോലും ്അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

ഏതു പഠനത്തിന്റെ അടിസ്ഥാനത്തില്‍?

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഭയപ്പെടേണ്ട അവസ്ഥയില്ലെന്നു വെളിപ്പെടുത്തിയത് ഏതുപഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു മാത്രം മനസിലാകുന്നില്ല. സോഷ്യല്‍മിഡീയില്‍ ഭയപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു ഒരു പഠനറിപ്പോര്‍ട്ടുമില്ല. പകരം യുഎന്‍ പഠനറിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും ഡീ കമ്മീഷന്‍ ചെയ്യണമെന്നും വ്യക്തമാക്കുന്നുണ്ട്.

പുതിയ ഡാം

Mullaperiyar long view

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 2010ല്‍ നിര്‍ദേശിച്ചപ്രദേശത്ത് പുതിയ ഡാം നിര്‍മിക്കണം. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും 500 മീറ്റര്‍ താഴെയാണ് ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ പുതിയ ഡാം നിര്‍മിക്കുകയും നിലവില്‍ തമിഴ്‌നാടിനു നല്‍കുന്ന വെള്ളം വിട്ടുനല്‍കുകയും വേണം. രണ്ടു സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരമായ ഡാമായി പുതിയ ഡാം മാറുകയും ചെയ്യും. ഇതിനു രണ്ടുസംസ്ഥാനങ്ങളും ഒന്നിച്ചിരുന്നു ചര്‍ച്ച നടത്താനും തീരുമാനം എടുക്കാനും ശ്രമിക്കണം. മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയതു നല്ലകാര്യം തന്നെയാണ്. എന്നാല്‍ ഇതു സംബന്ധിച്ചു സംസാരിക്കാനും തയാറാണം. എങ്കില്‍ മാത്രം അമ്പതു ലക്ഷം ജനങ്ങളുടെ ഭീതി മാറി കിട്ടുകയുള്ളൂവെന്നും അഡ്വ. സോനു അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.

ജോണ്‍സണ്‍ വേങ്ങത്തടം

Share News