“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T

Share News

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും.

ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും അനുഭവവും ചേർന്ന ബോധ്യം.

ഒരു മുപ്പതു വർഷം മുമ്പ് എറണാകുളത്തിനുള്ള ട്രെയിൻയാത്രയിൽ സൈഡ് സീറ്റിൽ വെറുതെ പുറത്തേക്കു നോക്കി ഇരിക്കുയായിരുന്നു. കാണുന്നതെല്ലാം പിറകോട്ട് ഓടിമറയുന്നതിനിടയിൽ ഉള്ളിൽ ഒരു കാഴ്ച കണ്ടു. ഒരു ബിന്ദു. അതൊരു വൃത്തമാകുന്നു. അതേ ബിന്ദുവിൽനിന്ന് ആ വൃത്തത്തെ ഉൾക്കൊള്ളുന്ന മറ്റൊരു വലിയ വൃത്തം വികസിച്ചുവരുന്നു. പിന്നെ അതിനെ ഉൾക്കൊള്ളുന്ന കുറേക്കൂടി വലിയ ഒരു വൃത്തം. അങ്ങനെയങ്ങനെ. മനസ്സിൽ അത് എന്നെയും ലോകത്തെയും പ്രപഞ്ചത്തെത്തന്നെയും ചിത്രീകരിക്കുന്ന ഒരു ഡയഗ്രം പോലെ ആയി: ഞാൻ എന്ന ബിന്ദു; എന്നെ ഉൾക്കൊള്ളുന്ന വീട്/കുടുംബം; വീടിനെ ഉൾക്കൊള്ളുന്ന പഞ്ചായത്ത്; പഞ്ചായത്തിനെ ഉൾക്കൊള്ളുന്ന താലൂക്ക്, ജില്ല, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം, ഗ്രഹം, സൗരയൂഥം,…… അങ്ങനെ പ്രപഞ്ചം മുഴുവൻ. സ്നേഹതാളം നിറഞ്ഞ പ്രപഞ്ചം.

എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകം നന്നാകുന്നു. ഇങ്ങനെ ഒരു ജീവിത ഡയഗ്രം ഉള്ളിൽ തെളിഞ്ഞതിന്റെ വിസ്മയവുമായി പിറ്റേന്ന് കോളജിൽ ചെല്ലുമ്പോൾ ബി.കോം.കാർക്കുള്ള ഇംഗ്ലീഷ് ക്ളാസ്സിൽ പഠിപ്പിക്കാൻ കിട്ടുന്നത് ബ്രിട്ടീഷ് ആസ്ട്രോഫിസിസ്റ്റ് ജയിംസ് ജീൻസിന്റെ “The Mysterious Universe” എന്ന പുസ്തകത്തിലെ ഒരധ്യായം. അതോടെ പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയിൽ സ്നേഹജീവിതത്തിന്റെ അനുഭവപരത ചേർത്തുവച്ച് ധ്യാനിക്കുക പതിവായി. വിശ്വാസവും യുക്തിയും ഇഴുകിച്ചേരുന്നതിലെ ആനന്ദത്തിന്റെ ആദ്യരശ്മികൾ കണ്ടുതുടങ്ങി.

ശമ്പളം കിട്ടുന്ന ഒരു ജോലി ഉപേക്ഷിച്ച് ‘വൃത്താന്ത’ത്തിൽ മാനവ സാംസ്കാരിക പരിണാമത്തെക്കുറിച്ച് പങ്കാളി Jose T Thomas സ്വതന്ത്ര എഡിറ്റോറിയൽ റിസർച്ച് തുടങ്ങി. അതിന്റെ പുരോഗതിക്കിടയിൽ ഞങ്ങളുടെ പഠന – മനന – ധ്യാനങ്ങൾക്കും പുരോഗതി ഉണ്ടായി. ജോസ് ടി സ്വന്തമായി നാലു പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും ഞങ്ങൾ രണ്ടുപേരും ചേർന്നുള്ള പുസ്തകങ്ങൾ ഇപ്പോഴാണു പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. അതിൽ ആദ്യത്തേതിന്റെ കവർ ഇവിടെ പങ്കുവയ്ക്കുന്നു.

ഞങ്ങൾ Compassionate Intelligence- ആധാരമാക്കിയ Universe-ന്റേതായ ചിത്രം അവതരിപ്പിക്കുന്നു. Compassion എന്നു പറഞ്ഞാൽ അൻപ്, മൈത്രി, കരുണാർദ്രസ്നേഹം, തന്നെ.

ലീന ജോസ് ടി

Prof. Leena Jose T

Share News