നട്ടെല്ലുള്ള ഒരു ഭരണകൂടത്തിന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ….

Share News

കാര്യമായി ആരും സ്മരിച്ചു കണ്ടില്ലെങ്കിലും ഇന്നലെ (മാർച്ച് 21) അന്താരാഷ്ട്ര വന ദിനമായിരുന്നു. ഇന്നലെ രണ്ടു കാര്യങ്ങളാണ് വടക്കൻകേരളത്തിൽ സംഭവിച്ചത്. രണ്ടും മലയാളികൾക്ക് പുതുമയല്ലാത്തതുകൊണ്ട് കാര്യമായ ചർച്ചകളൊന്നും കണ്ടില്ല.

ഒന്നാമത്തെ കാര്യം, വയനാട്ടിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി (എന്റെ നാടാണ്) എന്ന സ്ഥലത്ത് ഒരു ക്ഷീര കർഷകന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടിച്ചു തിന്നു, ഗർഭിണിയായ ഒരു പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, പകലത്തെ കോലാഹലങ്ങളെല്ലാം അടങ്ങി രാത്രിയായപ്പോൾ, ഏകദേശം എട്ടുമണിയോടുകൂടി അതേ കടുവ തന്നെ വീണ്ടുമെത്തി ഭക്ഷിച്ച് ബാക്കി കിടന്ന ഭാഗങ്ങൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആ നാട്ടിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. വയനാട് ജില്ലയുടെ സമീപ പ്രദേശമായ അടയ്ക്കാത്തോട് നിന്ന് മയക്കുവെടി വച്ചു പിടിച്ച കടുവ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചത്തതാണ് രണ്ടാമത്തെ സംഭവം. മയക്കുവെടിവച്ചു പിടിക്കുന്ന കടുവകൾ ചാകുന്നത് പുതിയ സംഭവമല്ലാത്തതിനാൽ അതിനെക്കുറിച്ചും വലിയ ചർച്ചകളൊന്നും കണ്ടില്ല. വന്യമൃഗ പ്രേമികൾ പല്ലുഞെരിച്ച് രോഷം കടിച്ചമർത്തി സംയമനം പാലിച്ചിട്ടുണ്ടാകണം…

കടുവകൾ വ്യാപകമായി നാട്ടിലേക്കിറങ്ങുന്നത് പുതുമയല്ലാത്തതിനാൽ കൂടുതലൊന്നും പറയുന്നില്ല. കഴിഞ്ഞ വർഷം വനംവകുപ്പ് പുറത്തിറക്കിയ “തട്ടിക്കൂട്ട് റിപ്പോർട്ട്” പ്രകാരം, വയനാടൻ കാടുകളിലുള്ള കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മനുഷ്യർ കെണിവെച്ച് പിടിച്ചു തിന്നുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുപോട്ടെ…

ഇന്നലെയും, കഴിഞ്ഞ ചില മാസങ്ങൾക്കിടയിലും ജനവാസ മേഖലകളിൽനിന്ന് മയക്കുവെടി വച്ച് പിടിക്കുകയും എന്നാൽ ചില മണിക്കൂറുകൾക്കുള്ളിൽ ചാവുകയും ചെയ്ത കടുവകൾക്കെല്ലാം തന്നെ ശരീരത്തിൽ കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നു എന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ വെളിപ്പെടുത്തലുകളിൽ സത്യമായിരിക്കാൻ സാധ്യതയുള്ള ഒരേയൊരു കാര്യം അതാവണം. വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വനമേഖലകളിൽ എക്കാലവും കടുവകളുണ്ട്. ചുരുങ്ങിയത് 70 വർഷത്തെയെങ്കിലും കുടിയേറ്റ ചരിത്രമുണ്ട്, വയനാട്ടിലെ കാർഷികമേഖലകൾക്കെല്ലാംതന്നെ. ഇത്രയും കാലത്തിനിടയ്ക്ക് മനുഷ്യരുടെ മുന്നിൽ സാന്നിധ്യം അറിയിക്കാത്ത കടുവകൾ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ എന്നത് ഒരു വലിയ ചോദ്യമാണ്.

അതിന് ഉത്തരമാണ് കാടുവിട്ടിറങ്ങുന്ന കടുവകളുടെ ശരീരത്തിൽ കാണുന്ന പരിക്കുകൾ. കടുവകൾക്ക് പരിക്ക് പറ്റാൻ ഏറ്റവും പ്രധാന കാരണമാണ് “ടെറിട്ടോറിയൽ ഫൈറ്റുകൾ” എന്നറിയപ്പെടുന്ന കടുവകൾ തമ്മിലുള്ള പോരാട്ടം. ഒറ്റയ്ക്ക് സഞ്ചരിക്കുകയും ഒറ്റയ്ക്ക് ഇരതേടുകയും ചെയ്യുന്ന കടുവകൾ തങ്ങളുടെ “ടെറിട്ടറി” സംരക്ഷിക്കാനും വികസിപ്പിക്കാനും നടത്തുന്ന പോരാട്ടങ്ങളാണ് അത്. ലോകത്തിൽ ഏറ്റവും കുറഞ്ഞ ടൈഗർ ടെറിട്ടറിയുള്ള വനമേഖലയാണ് വയനാട്ടിലേത്. കേരളത്തിലെ കടുവാസങ്കേതങ്ങളായ പെരിയാറിലും പറമ്പിക്കുളത്തും പോലും പത്തു ചതുരശ്ര കിലോമീറ്റർ എങ്കിലും ഒരു കടുവയ്ക്ക് ലഭിക്കുമെങ്കിൽ, വയനാട്ടിൽ രണ്ടു ചതുരശ്ര കിലോമീറ്റർ കിട്ടിയാൽ ഭാഗ്യം (വനംവകുപ്പ് എന്ത് കള്ളം പറഞ്ഞുണ്ടാക്കിയാലും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം 344 ചതുരശ്ര കിലോമീറ്റർ വരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ 200 നടുത്ത് കടുവകളുണ്ട്).

കടുവകളുടെ എണ്ണം വർധിക്കുന്നു എന്നതിനർത്ഥം, ആരോഗ്യമുള്ള കടുവകളുടെ എണ്ണവും ആരോഗ്യം കുറഞ്ഞ കടുവകളുടെ എണ്ണവും ആനുപാതികമായി വർധിക്കുന്നു എന്നാണ്. ആരോഗ്യം കൂടുതലുള്ള കടുവകൾ കൂടുതൽ ടെറിട്ടറി സൂക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കടുവകൾ തമ്മിൽ പോരാട്ടങ്ങൾ വർദ്ധിക്കും, ആരോഗ്യം കുറഞ്ഞ കടുവകൾക്ക് പരിക്കേൽക്കുകയും വനത്തിൽനിന്ന് പുറത്താവുകയും ചെയ്യും. പരിക്കേൽക്കാതിരിക്കാൻ പോരാട്ടത്തെ ഭയന്നും കടുവകൾ വനം വിട്ടിറങ്ങും.

വനാതിർത്തിക്കുള്ളിൽനിന്ന് ഇരതേടുന്നതാണ് കടുവകൾക്ക് താൽപ്പര്യം എന്നുണ്ടെങ്കിലും അതിന് സാധിക്കാതെ വരുന്ന പക്ഷം പട്ടിണികിടന്ന് ചത്തേക്കാം എന്ന് ഒരു കടുവയും ചിന്തിക്കാനിടയില്ല. അതുകൊണ്ടുതന്ന, വിശക്കുമ്പോൾ ഏറ്റവും അടുത്ത സാധ്യത – അത് വളർത്ത് മൃഗമായാലും, മനുഷ്യനായാലും – കണ്ടെത്തി വിശപ്പടക്കുമെന്ന് തീർച്ച. ഇത്തരം സംഭവങ്ങൾ ഇനി കുറയുകയല്ല, കൂടുകയാണ് ചെയ്യുക എന്നുറപ്പ്… കാരണം കാടുവിട്ടിറങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന കടുവകളുടെ എണ്ണം നിലവിൽ നാട്ടിലിറങ്ങിയിരിക്കുന്ന കടുവകളുടെ എണ്ണത്തേക്കാൾ ഒരുപാട് അധികമായിരിക്കും…

നട്ടെല്ലുള്ള ഒരു ഭരണകൂടത്തിന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ….

വിനോദ് നെല്ലിക്കൽ

Share News