“ലോകത്തെ ഏറ്റവും പരിസ്ഥിതിവിനാശകാരിയായ ഉൽപ്പനം എന്നാണ് പാമോയിൽ വിശേഷിപ്പിക്കപ്പെടുന്നത്”

Share News

ബാല്യത്തിൽ ഏറെ പേടിപ്പിച്ച ഒന്നായിരുന്നു വെളിച്ചെണ്ണയ്ക്കെതിരെ “ആരോഗ്യവിദഗ്ധർ” സ്ഥിരമായി നടത്തിയിരുന്ന ഹൃദ്രോഗപ്രചാരവേല.

പിൽക്കാലത്ത് അതു പൊളിഞ്ഞെങ്കിലും അതിന്റെ മറവിൽ കയറിവന്ന പാമോയിൽ ഇന്നും വിപണിയിൽ വലിയ സ്വാധീനം തുടരുന്നു. ഈ പാചക എണ്ണയ്ക്കു പിന്നിലുള്ള വിശാലവും ഭയാനകവുമായ വാണിജ്യ, കൊളോണിയൽ താൽപ്പര്യങ്ങൾ തിരഞ്ഞുപോയ ഒരു പത്രപ്രവർത്തക, ജോസ്ലിൻ സി. സൂക്കർമാൻ തന്റെ ഗവേഷണഫലങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് – Planet Palm.

അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഒരു ഉജ്ജ്വലോദാഹരണം! ലോകത്തെ ഏറ്റവും വലിയ പാമോയിൽ ഇറക്കുമതിരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിവരങ്ങളാണ് ജോസ്ലിൻ കണ്ടെത്തിയിരിക്കുന്നത്.

പാമോയിലിന്റെ കഥ കൊളോണിയലിസത്തിന്റെ കഥയാണ് എന്ന് പുസ്തകം സ്ഥാപിക്കുന്നു. വികസ്വരരാജ്യങ്ങളിൽ മാഫിയ പിൻബലത്തോടെ 1.04 ലക്ഷം ചതുരശ്രമൈൽ പ്രദേശത്തെ ആരോഗ്യകരമായ കൃഷികളെയാണ് എണ്ണപ്പനയ്ക്കായി നശിപ്പിച്ചത് – പോഷകങ്ങൾ തീരെയില്ലാത്ത, ദോഷകരമായ പൂരിതകൊഴുപ്പ് കൂടുതലുള്ള പാമോയിൽ ഉൽപ്പാദനത്തിനുവേണ്ടി. മാഫിയ പിൻബലത്തോടെ നടക്കുന്ന ഈ കൃഷിമാറ്റത്തിൽ 2019 ൽ മാത്രം 106 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു.

ലോകത്തെ ഏറ്റവും പരിസ്ഥിതിവിനാശകാരിയായ ഉൽപ്പനം എന്നാണ് പാമോയിൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, വിലക്കുറവ് എന്ന ഒരൊറ്റക്കാരണത്താൽ സാധാരണക്കാരുടെ അടുക്കളയിൽമുതൽ സോപ്പുകളിലും കൃത്രിമ ശിശു ആഹാരക്കൂട്ടുകളിലുംവരെ ഈ എണ്ണ സ്ഥാനമുറപ്പിച്ചിരിക്കുന്നു.

കേരളരാഷ്ട്രീയത്തിൽ ഒരുകാലത്ത് പാമോയിൽ വൻവിവാദമുയർത്തിയപ്പോഴൊന്നും നമ്മുടെ പത്രപ്രവർത്തക ശിങ്കങ്ങൾ തിരയാതെപോയ കാര്യങ്ങളാണ് ഇന്ത്യയടക്കം നാല് വൻകരകളിലെ രാജ്യങ്ങളിൽ വർഷങ്ങളോളം ചുറ്റിസഞ്ചരിച്ച് ഈ വനിത കണ്ടെത്തി പുസ്തകമാക്കിയിരിക്കുന്നത്!

(The Hindu 27/02)

P. V. Alby

Share News