വൈദികർ : ആരാധനാ സമൂഹത്തെ വിനയത്തോടെ നയിക്കേണ്ടവർ|വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക്

Share News

വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക്

വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാന ഇന്ന് സീറോ മലബാർ സഭയിൽ വിവാദത്തിന്റെ ഒരു അടയാളമായി മാറിയിരിക്കുകയാണ്. സീറോ മലബാർ സഭയിലെ ബലിപീഠത്തിന്റെ ഐക്യം യാഥാർത്ഥ്യമാക്കാൻ സഭയിൽ എല്ലായിടത്തും ഏകീകൃത ബലിയർപ്പിക്കാൻ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ 2021ൽ എടുത്ത തീരുമാനമാണ് ഇന്ന് സഭയിലെ ഒരു കൂട്ടർ വിവാദ വിഷയമാക്കി മാറ്റിയിരിക്കുന്നത്.

ഉപരിപ്ലവതയിൽ അടിസ്ഥാനം

വിശുദ്ധ കുർബാനയെ ഇന്ന് വിവാദ വിഷയമാക്കി മാറ്റിയവർ അടിസ്ഥാനമിട്ടിരിക്കുന്നത് കേവലം ഉപരിപ്ലവമായ വാദഗതികളിലാണ്. സഭാ പഠനങ്ങളോടും സഭയുടെ നിർദ്ദേശങ്ങളോടുമുള്ള എതിർപ്പും തികഞ്ഞ ധാർഷ്ട്യവുമാണ് ഇത്തരക്കാരുടെ മുഖമുദ്ര. സഭയെ അംഗീകരിക്കാൻ ഇക്കൂട്ടർ തയ്യാറാകണം. കർത്താവിന്റെ ശരീരമായ സഭയോട് ചേർന്നാണ് നാം നമ്മുടെ വിശ്വാസത്തെ നോക്കിക്കാണേണ്ടത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധനക്രമവുമായി ബന്ധപ്പെട്ട് ഇപ്രകാരം പഠിപ്പിക്കുന്നു : “ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളെ മാത്രം അതായത് പരിശുദ്ധ സിംഹാസനത്തെയും നിയമം അനുവദിക്കുന്നെങ്കിൽ മെത്രാനെയും ആശ്രയിച്ചിരിക്കുന്നു”(ആരാധനക്രമം,No.22.1). അടിസ്ഥാനപരമായ ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാതെയുള്ള വാദങ്ങൾ തീർത്തും ദുർബലങ്ങളാണ്. ഈയടുത്ത നാളിൽ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു പള്ളിയുടെ മുറ്റത്ത് നടത്തിയ സമരത്തിലെ ബാനറിൽ എഴുതിയത് ഇപ്രകാരമായിരുന്നു : “——- പള്ളി ജനാഭിമുഖകുർബാനയ്ക്കൊപ്പം “.ഈ ബാനറിന് പിന്നിൽ അണിനിരന്ന കുട്ടികളെയും മുതിർന്നവരെയും കാണാൻ സാധിച്ചു. ഇതിൽ സംസാരിച്ച ചില വ്യക്തികൾ സഭയുടെ നിലപാടുകൾക്കെതിരെയാണ് നിലകൊണ്ടത്. സഭയില്ലെങ്കിൽ പൗരോഹിത്യം ഇല്ലെന്നും സഭയോടും മെത്രാനോടും ചേർന്ന് നിർവഹിക്കുന്നതാണ് പൗരോഹിത്യശുശ്രൂഷ എന്നും മനസ്സിലാക്കാത്തവരാണ് കേവലം പ്രാദേശിക വികാരം ആളിക്കത്തിച്ചുകൊണ്ട് വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട തങ്ങളുടെ ചില താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇപ്രകാരം അല്മായരെക്കൊണ്ട് സമരം ചെയ്യിക്കുന്നത്!

വിശുദ്ധ കുർബാനയുടെ പേരിൽ നടത്തുന്ന ഇത്തരം സമരങ്ങൾ പൊതു സമൂഹത്തിന് ഒരു കോമാളിക്കാഴ്ചയാണ്. കാരണം, വിശുദ്ധ കുർബാന എന്നത് ആത്യന്തികമായി “അവസാനം വരെ സ്നേഹിച്ചു കൊണ്ട് “(യോഹ 13: 1) ഈശോ അർപ്പിച്ച ബലിയുടെ പുനരവതരണമാണ്. സ്നേഹത്തിന്റെ ഈ കൂദാശയെ തെരുവിൽ വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

സാർവത്രികത വേണം, ശ്ലൈഹികത വേണ്ട!

holy-mass

വിശുദ്ധ കുർബാനയിലെ നിഖ്യാ- കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നാം ഇപ്രകാരമാണ് ചൊല്ലുന്നത്: “ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു”. എന്നാൽ സഭ സാർവത്രികമാണ് എന്ന് അംഗീകരിക്കുന്ന ഒരു കൂട്ടർ സഭയുടെ ശ്ലൈഹിക സ്വഭാവത്തെ തള്ളിപ്പറയുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്!സോഷ്യൽ മീഡിയയിലെ ചില യുക്തിരഹിത പ്രസ്താവനകൾ ഇതിന് ഉദാഹരണമാണ്.അത്തരത്തിൽ ഈയിടെ വന്ന ഒന്നാണ് മാർപാപ്പയുടെയും സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പിന്റെയും ഫോട്ടോ താരതമ്യപ്പെടുത്തിക്കൊണ്ട് ക്രിസ്ത്യാനി ക്രിസ്തുവിന്റെ യഥാർത്ഥ കുരിശും കൽദായ വിശ്വാസി ക്ലാവർ കുരിശും ഉയർത്തിക്കാണിക്കുമെന്ന വികലപ്രസ്താവന! യുക്തിരഹിതമായ ഇത്തരം സമീപനങ്ങൾ സഭയുടെ ശ്ലൈഹികതയെക്കുറിച്ചും ആരാധനാ പാരമ്പര്യങ്ങളെക്കുറിച്ചും എത്രയേറെ അജ്ഞരാണ് ഇക്കൂട്ടർ എന്ന് വെളിവാക്കുന്നു.ഇന്ന് നാം ഉപയോഗിക്കുന്ന കുരിശുകളെല്ലാം തന്നെ രക്ഷാകരരഹസ്യത്തിന്റെ വ്യത്യസ്ത ചിത്രീകരണങ്ങളാണ്. പീഡാനുഭവത്തെ സൂചിപ്പിക്കുന്ന കുരിശും ഉത്ഥാനത്തെ സൂചിപ്പിക്കുന്ന കുരിശും ഇതിന് ഉദാഹരണങ്ങളാണ്.ഈ യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ട് നിന്ദ്യമായ ഭാഷയിൽ കുരിശിനെ അവഹേളിക്കുന്നത് അപക്വമായ വിശ്വാസവീക്ഷണത്തിന് ഉദാഹരണമാണ്.

വിശുദ്ധ കുർബാനയെയും അതുമായി ബന്ധപ്പെട്ട പ്രതീകങ്ങളെയും വിവാദത്തിൽ നിർത്തുകയും സോഷ്യൽ മീഡിയയിലൂടെ യുക്തിരഹിത പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നവർ വരും തലമുറയോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. തങ്ങളുടെ

A priest celebrates Easter Mass via livestream from an empty church in San Giorgio Ionico, Italy, April 12, 2020, during the COVID-19 pandemic. The Italian bishops and government have agreed on a protocol to allow the public to be present for liturgical celebrations starting May 18. (CNS photo/Alessandro Garofalo, Reuters) See COVID-ITALY-MASSES April 27, 2020.

സ്വാർത്ഥ താല്പര്യങ്ങൾ അംഗീകരിച്ചു കിട്ടാൻ തീർത്തും യുക്തിരഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ സഭ എന്നത് കേവലം ഒരു ക്ലബ്ബ് അല്ലെന്നും അത് വിശുദ്ധ കുർബാനയെ വിശ്വാസ രഹസ്യം എന്ന നിലയിൽ അനുഭവിച്ചറിയേണ്ട ഇടമാണെന്നും ബെനഡിക്ട് പതിനാറാമൻ “സ്നേഹത്തിന്റെ കൂദാശ” എന്ന തന്റെ സിനഡനന്തര ശ്ലൈഹികാഹ്വാനത്തിൽ പറയുന്നത് തിരിച്ചറിയേണ്ടതുണ്ട്.(സ്നേഹത്തിന്റെ കൂദാശ,No.34). കത്തോലിക്കാസഭ എന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്ലൈഹിക സഭകളുടെ കൂട്ടായ്മയാണെന്ന കാഴ്ചപ്പാടിലേക്ക് കടന്നു വരാത്തവർ സഭയിലെ വ്യത്യസ്തങ്ങളായ ആരാധനാ പാരമ്പര്യങ്ങളെ അംഗീകരിക്കാൻ തയ്യാറാവുകയില്ല.

വൈദികർ : ആരാധനാ സമൂഹത്തെ വിനയത്തോടെ നയിക്കേണ്ടവർ

ജനാഭിമുഖമോ അല്ലാത്തതോ ആയ കുർബാനയർപ്പണരീതിയെല്ലാം നിയതമായ സഭാധികാരത്തിന് വിധേയപ്പെട്ടാണ് നിൽക്കേണ്ടത് .ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ സിനഡനന്തര ശ്ലൈഹിക ആഹ്വാനത്തിൽ വൈദികരെ ഓർമ്മിപ്പിക്കുന്നത് അവർ കർത്താവിന്റെ കയ്യിലെ വിനയമുള്ള ഒരു ഉപകരണം ആകണമെന്നാണ്. കർമ്മാനുഷ്ഠാന ക്രമത്തോടുള്ള അനുസരണത്തിലും സ്വന്തം വ്യക്തിത്വത്തിന് ഊന്നൽ നൽകുന്ന ക്രമവിരുദ്ധമായ എല്ലാത്തിനെയും ഉപേക്ഷിച്ചു കൊണ്ടും ആരാധനാ സമൂഹത്തെ വിനയത്തോടെ നയിക്കേണ്ടവരാണ് വൈദികർ എന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം തുടരുന്നു : “തങ്ങളുടെ ശുശ്രൂഷയിൽ തങ്ങൾക്ക് തന്നെയോ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ അല്ല പിന്നെയോ ഈശോമിശിഹായ്ക്ക് ആണ് വൈദികർ പ്രഥമ സ്ഥാനം നൽകേണ്ടത്. ആരാധനക്രമവുമായി ബന്ധപ്പെട്ട കർമ്മത്തിൽ തങ്ങളെത്തന്നെ കേന്ദ്രമാക്കാൻ ചെയ്യുന്ന ഏതൊരു പരിശ്രമവും വൈദികരെന്ന അവരുടെ തനിമയ്ക്ക് തന്നെ വിരുദ്ധമാണ്” ( സ്നേഹത്തിന്റെ കൂദാശ,No.23).

സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാന ഇന്ന് വിവാദത്തിന്റെ അടയാളമായി നിലകൊള്ളുന്നത് അത്യന്തം ഖേദകരമാണ്. ദൈവജനത്തെ നയിക്കുന്ന വൈദികർക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രഥമ ഉത്തരവാദിത്വമുള്ളത്. വൈദികരെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡിക്രിയിൽ ഇപ്രകാരം പറയുന്നു :” സ്വന്തം ഇഷ്ടങ്ങളെയല്ല അനേകരുടെ ആത്മരക്ഷയ്ക്കുതകുന്ന കാര്യങ്ങളെയായിരിക്കണം വൈദികർ ആരായേണ്ടത്….. ക്രിസ്തുവിനോടുള്ള വിശ്വസ്തത സഭയോടുള്ളതിൽ നിന്ന് വ്യത്യസ്തമല്ല. തങ്ങളുടെ ഓട്ടം വ്യർത്ഥമായിത്തീരാതിരിക്കാൻ മെത്രാന്മാരോടും സഹ വൈദികരോടും തികഞ്ഞ സഹകരണാടിസ്ഥാനത്തിൽ പ്രയത്നിക്കണമെന്ന് ഇടയനടുത്ത ഉപവി ആവശ്യപ്പെടുന്നു”(വൈദികർ,No.13&14).ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർമ്മിപ്പിക്കുന്നതുപോലെ “വിശുദ്ധ കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്.

നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും ചുരുക്കവുമാണത്. സഭയുടെ വിശ്വാസം സാരാംശപരമായി കുർബാനപരമായ വിശ്വാസമാണ്” (സ്നേഹത്തിന്റെ കൂദാശ, No.6). വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയായി സഭയിൽ എല്ലായിടത്തും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന സാഹചര്യം സംജാതമാകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.

ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

Share News