ആദരവും സ്നേഹവും അറിയിക്കണം പറത്തറയച്ചന്

Share News

മനസ്സുനിറയെ സമൂഹത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളുമായി പൗരോഹിത്യ ശുശ്രൂഷയിൽ 50 ആണ്ടുകൾ പൂർത്തീകരിക്കുകയയാണ് ഫാ.തോമസ് പറത്തറ.
വ്യക്തിപരമായ സൗഹൃദത്തിന്റെ ആഴവും ദൈർഘ്യവും അത്ര വലുതല്ല. പക്ഷേ, എന്നും ആദരവോടെയാണ് പറത്തറയച്ചനെ ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. അതിന് കാരണം അദ്ദേഹത്തിന്റെ സാമൂഹ്യ സംഭാവനകൾ തന്നെയാണ്.

കുമ്പളങ്ങിവഴിയിൽ പണ്ടൊരു ലെറ്റർ പ്രസുണ്ടായിരുന്നു. അതിന്റെ നടത്തിപ്പുകാരൻ പറത്തറയച്ചനും. അവിടെ നിന്നാണ് അച്ചന്റെ മാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ‘സദ് വാർത്ത’ വാരിക. പിന്നീട് അച്ചനത് സായാഹ്ന പത്രമാക്കി. ഡമ്മി സൈസിൽ രണ്ട് പേജുള്ള സായാഹ്ന പത്രം. പശ്ചിമ കൊച്ചിയുടെ ശബ്ദമായി മാറിയത്. വിശുദ്ധ തോമസ് മൂറിന്റെ പുതിയ ദേവാലയ നിർമ്മിതിയ്ക്കായി പറത്തറയച്ചൻ കൊച്ചി ബിഷപായിരുന്ന ജോസഫ് കുരീത്തറ പിതാവിന്റെ അനുവാദത്തോടെ പ്രസ് തോപ്പുംപടിയിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കൊച്ചിൻ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി (CIPT) എന്നാക്കി പ്രസിന്റെ പേര്.

അവിടെയും തീർന്നില്ല കഥ. രണ്ട് പത്രങ്ങൾ ഒരേ സമയം പ്രസിദ്ധീകരിച്ച് -ഒന്ന് ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും – മലയാള പത്രലോകത്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു .
സദ് വാർത്തയും ഇന്ത്യൻ കമ്മ്യൂണിക്കേറ്ററും.
വിശുദ്ധ മദർ തെരേസയാണ് പത്രങ്ങളുടെ പ്രകാശനം നടത്തിയത്. ഷെവലിയർ പ്രൊഫ.എബ്രഹാം അറക്കൽ അതിന്റെ ചീഫ് എഡിറ്ററായിരുന്നു.

ദാരിദ്ര്യമകറ്റാൻ പളളികളിൽ നിന്ന് അമേരിക്കൻ മാവും എണ്ണയും വിതരണം ചെയ്തിരുന്ന 1970കൾ. അക്കാലത്ത് തന്റെ ഇരുചക്രവാഹനത്തിൽ അതിന് നേതൃത്വം കൊടുത്തിരുന്ന യുവവൈദികന്റെ കഥ കുമ്പളങ്ങിക്കാർ ഇന്നും മറന്നിട്ടില്ല. എന്നും പുതിയ പ്രസ്ഥാനങ്ങൾ തുടങ്ങാൻ അദ്ദേഹം കാണിച്ച താത്പര്യം പ്രത്യകം രേഖപ്പെടുതേണ്ടതാണ്. യുവജന ക്ലബുകൾ, സ്ത്രീകൾക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, കുമ്പളങ്ങിയിൽ മോൺ. മാത്യു കോതകത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ച ലൈബ്രറി ഇതൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം.

യൗസേപ്പിതാവിന്റെ തിരുന്നാൾ ദിനത്തിൽ (മെയ് ഒന്ന്) INTUCയെ പോലെ AlTUCയെ പോലെ നമുക്കും ഒരു തൊഴിലാളി പ്രസ്ഥാനം വേണമെന്ന് അൾത്താരയിൽ നിന്ന് പ്രസംഗിക്കാൻ തക്കവിധം ക്രാന്തദർശിത്വം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ന് KLM സജീവമായി പ്രവർത്തിക്കുമ്പോൾ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ പറത്തറയച്ചനും ഉണ്ടാകും. തോപ്പുംപടിക്കപ്പുറത്തുള്ള സാൻ തോം ദേവാലയ നിർമ്മിതിയിലും ഇടവക സ്ഥാപിക്കുന്നതിലും അദ്ദേഹം നേതൃത്വം കൊടുത്തു. കുമ്പളങ്ങിയോടുള്ള പറത്തറയച്ചന്റെ സ്നേഹം വെളിപ്പെടുത്തുന്നതാണ് സെന്റ് പീറ്റേഴ്സ് ഇടവകയിലെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സേവനം. KLCA സംസ്ഥാന സമിതിയുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവായിരുന്ന ഫാ.ജോയിചക്കാലക്കച്ചനാണ് അവിടത്തെ വികാരി. ജോയിയച്ചനെ സന്ദർശിക്കുമ്പോഴൊക്കെ പറത്തറയച്ചനെയും കാണാറുണ്ട്. വ്യത്യസ്ത കാലയളവിൽ കൊച്ചി രൂപത ചാൻസലർമാരായി സേവനം ചെയ്ത രണ്ടു വൈദികരുടെ ഇടയ നേതൃത്വം ചരിത്ര പ്രസിദ്ധമായ കുമ്പളങ്ങി ഇടവകയെ ഇപ്പോൾ ധന്യമാക്കുന്നു.(ജോയിയച്ചനും രൂപതാ ചാൻസലറായിരുന്നു)

മാധ്യമരംഗത്തെ ഈ ഗുരു ശ്രേഷ്ഠന്,ഫാ തോമസ് പറത്തറയ്ക്ക് ആദരപൂർവ്വം നന്മകൾ നേരുന്നു. ജൂബിലി മംഗളങ്ങളും.

ഷാജി ജോർജ്

Share News