വടം കെട്ടുന്ന പ്രോട്ടോക്കോൾ|റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.|മുരളി തുമ്മാരുകുടി

Share News

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടിവീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു എന്ന വാർത്ത സങ്കടകരമാണ്.

സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണസംവിധാനങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിച്ചുതുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും.

പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും വായിച്ചു. വാഹനത്തിൽ പോകുന്ന ഒരാൾക്ക് മുൻപിലെ പ്രതിബന്ധങ്ങൾ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കിൽ രണ്ടു സെക്കൻഡ് വേണമെന്നാണ് കണക്ക്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരാൾക്ക് മുപ്പത്തി മൂന്നു മീറ്റർ മുന്നേ എങ്കിലും സൂചന കിട്ടണം.

റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിന്റെ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ? രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാം.

മരിച്ചയാളുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു.

മുരളി തുമ്മാരുകുടി

Share News