സന്തോഷ് ട്രോഫി താരം ബിബിന്‍ അജയന്പാരിതോഷികമായി ജനസേവ വക 7 സെന്റ് സ്ഥലം:വീടൊരുക്കാന്‍ സുമനസുകളുടെ സഹായം വേണം

Share News

ആലുവ ജനസേവ ശിശുഭവനിലെ സന്തോഷ് ട്രോഫി താരം ബിബന്‍ അജയന് ഇനി സ്വന്തമായി ഒരു വീട് കൂട്ടാം. ജനസേവ ശിശുഭവന്‍ തന്നെയാണ് അതിനായി സ്ഥലം നല്കുന്നത്. അത്താണിക്ക് സമീപം മേയ്ക്കാട് നേരത്തെ ബോയിസ്‌ഹോം പ്രവര്‍ത്തിച്ചിരുന്ന കോമ്പൗണ്ടില്‍ നിന്നാണ് 7 സെന്റ് സ്ഥലം നല്കുന്നത്. ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അഡ്വ. ചാര്‍ളിപോളിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ബിബിന് സ്ഥലം പാരിതോഷികമായി നല്കാന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച രേഖകള്‍ ബിബിന് കൈമാറി. തന്റെ അമ്മയേയും വിവിധ അഗതിമന്ദിരങ്ങളിലായി കഴിയുന്ന സഹോദരങ്ങളെയും ഒരുമിച്ചു കൂട്ടാന്‍ താനും സഹോദരങ്ങളും പഠിച്ചുവളര്‍ന്ന മണ്ണ് തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിബിന്‍. ബിബിന് മൂന്ന് അനിയത്തിമാരും മൂന്ന് അനിയന്മാരുമുണ്ട്. ഇനി ഇവര്‍ക്കെല്ലാം ഒരുമിച്ച് കഴിയാന്‍ ഈ മണ്ണില്‍ പാര്‍പ്പിടമൊരുക്കാനാണ് ബിബിന്റെ തീരുമാനം. ബിബിന്‍ചേട്ടന്റെ നേട്ടത്തില്‍ വാനോളം സന്തോഷത്തില്‍ കഴിയുന്ന അനിയത്തിമാരായ റീതു, കാവ്യ, ഭുവനേശ്വരി എന്നിവരും അനിയന്മാരായ അഖില്‍, സൂധീഷ്, ആദിത്യന്‍ എന്നിവരും ചേട്ടന്‍ ഉടനെ തങ്ങളെ സ്വന്തമായി വീടുണ്ടാക്കി കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ വിവിധ കെയര്‍ ഹോമുകളില്‍ കഴിയുന്നു. ജനസേവ നല്കിയ സ്ഥലത്ത് വിടൊരുക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ബിബിന്‍.


2006 ജൂണ്‍ 27-നാണ് അന്ന് എട്ടുവയസ്സുണ്ടായിരുന്ന ബിബിന്റെയും സഹോദരങ്ങളുടേയും സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. കൊല്ലം പാലക്കാകടവില്‍ സ്വദേശിനിയായ വസന്തയുടെയും നെടുമങ്ങാട് ആനപ്പാറ സ്വദേശിയും കൂലിപ്പണിക്കാരനുമായിരുന്ന അജയന്റെയും മകനാണ് ബിബിന്‍. വസന്തയുടെ വിവാഹ ജീവിതം ദുസ്സഹമായിരുന്നു. കൂലിപ്പണിയ്ക്കായി പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ഇവര്‍ മക്കളോടൊപ്പം തെരുവോരങ്ങളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറങ്ങിയിരുന്നത്. മദ്യപാനിയായ അജയന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്തം വാര്‍ന്ന് തേവരയിലുള്ള കടത്തിണ്ണയില്‍ കിടന്നിരുന്ന വസന്തയെക്കുറിച്ച് ചില സാമൂഹ്യപ്രവര്‍ത്തകരാണ് ജനസേവ ശിശുഭവനില്‍ വിവരം അറിയിച്ചത്. ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ വസന്തയെ ഉടനടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷപെടുത്തി. ഭര്‍ത്താവായ അജയനോടൊപ്പം ജീവിയ്ക്കുവാന്‍ ഇനി ആഗ്രഹമില്ലെന്നും മക്കളുടെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുക്കണമെന്നുമുള്ള വസന്തയുടെ അപേക്ഷപ്രകാരമാണ് 2006ല്‍ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവനുസരിച്ച് കുട്ടികളുടെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്.
2008 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്‌ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും. സ്‌കൂള്‍തലം തുടങ്ങി ഫുട്‌ബോളിനെ സ്‌നേഹിച്ച ബിബിന്‍ ഒന്നിലധികം തവണ ജില്ലാ സബ്ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും, സംസ്ഥാന ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. ജനസേവയുടെ തണലില്‍ ആലുവ യു. സി. കോളജില്‍ ബരുദപഠനം തുടരുന്നതിനിടയിലാണ് ബിബിന് ആദ്യം ഝാര്‍ഖണ്ട് ടീമിലും പിന്നീട് കേരള സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചത്.

ഫോട്ടോയുടെ അടിക്കുറിപ്പ്
സന്തോഷ് ട്രോഫി താരം ബിബിന്‍ അജയന് പാരിതോഷികമായി 7 സെന്റ് സ്ഥലം നല്കാനുള്ള ജനസേവ മാനേജ്‌മെന്റ് കമ്മിറ്റി അനുമതി പത്രം സ്ഥാപകന്‍ ജോസ് മാവേലിയും പ്രസിഡന്റ് അഡ്വ. ചാര്‍ളി പോളും ചേര്‍ന്ന് നല്കുന്നു.

Share News