എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജിന്റെ പ്രണത ബുക്സ് ആണ് സാനുമാഷിന്റെ കഥകൾ പുസ്തകമാക്കിയിരിക്കുന്നത്.

Share News

ഞാൻ സാനുമാഷിന്റെ വിദ്യാർഥിയായിരുന്നില്ല. മാഷു റിട്ടയർ ചെയ്ത് എത്രയോ കാലങ്ങൾക്കു ശേഷമാണ് ഞാൻ മാഷു പഠിപ്പിച്ച മഹാരാജാസ് കോളജിലെ ക്ലാസുമുറിയിൽ വിദ്യാർഥിയായി എത്തിയത്. പക്ഷേ മാഷു പഠിപ്പിക്കുന്നതു റിപ്പോർട്ടു ചെയ്യാനുള്ള ഭാഗ്യം അഞ്ചു വർഷങ്ങൾക്കു മുമ്പുണ്ടായി. മലയാള മനോരമയിലെ ആ റിപ്പോർട്ടു കണ്ട് മാഷെന്നെ വിളിപ്പിച്ചു. ഞാൻ കാരിക്കാമുറിയിലെ ‘സന്ധ്യ’യെന്ന വീട്ടിലെത്തി. റിപ്പോർട്ടിനെപ്പറ്റി അധികമൊന്നും പറഞ്ഞില്ല. ശ്രീനാരായണഗുരുവിനേയും വൈക്കം മുഹമ്മദ് ബഷീറിനെയും പറ്റി മാഷെന്നോടു സംസാരിച്ചു.

മഹാരാജാസ് കോളേജിൽ സാനുമാഷ് വീണ്ടും ക്ലാസെടുക്കാൻ എത്തുകയായിരുന്നു. അതാണു വാർത്തയായത്. ഭാഷയിലെ ജീവിച്ചിരിക്കുന്ന അതികായൻ.മഹാരാജാസിലെ പ്രൗഡമായ ഗാലറി ക്ലാസിൽ നിന്നാണു മാഷ് പഠിപ്പിച്ചത്. ഗാലറി ക്ലാസ് ഒരു കാഴ്ച തന്നെയാണ്. പൂർണമായും തടി കൊണ്ടുള്ള ക്ലാസ്. താഴത്തെ പ്ലാറ്റ് ഫോമിൽ കൂറ്റൻ ബ്ലാക്ക് ബോർഡിനു മുന്നിൽ അധ്യാപകൻ നിൽക്കും. മുകളിലേക്ക് തട്ടുതട്ടായി നീളൻ ബഞ്ചുകളും മേശകളുമാണ്. ഏറ്റവും പിന്നിലിരിക്കുന്ന വിദ്യാർഥിയെ കാണണമെങ്കിൽ അധ്യാപകർ മുകളിലേക്ക് തല ഉയർത്തി നോക്കണം. അതികായരും ആജ്ഞാശക്തിയുമുള്ള അധ്യാപകർക്കു മാത്രമേ ഗാലറി ക്ലാസുകൾ കൈകാര്യം ചെയ്യാനാകൂ.

എൽ.വി രാമസ്വാമി അയ്യർ മുതൽ സാനുമാഷും ലീലാവതി ടീച്ചറുമൊക്കെ ചരിത്രം സൃഷ്ടിച്ചിട്ടുള്ളതാണ് ഗാലറി ക്ലാസുകൾ. ഗാലറി ക്ലാസുകൾ കാണുന്നത് ഇന്നും കട്ട നൊസ്റ്റാൾജിയ തന്നെ. പൂർ‍വിദ്യാർഥികളും എറണാകുളത്തെ സാംസ്കാരിക പ്രമുഖരുമായിരുന്നു സാനൂമാഷിന്റെ ക്ലാസിൽ ‘വിദ്യാർഥി’കളായി എത്തിയത്. എല്ലാം ക്ലാസ് മുറിയിലെ അതേ ചിട്ടവട്ടങ്ങൾ തന്നെ. ആദ്യം മാഷു ഹാജർ വിളിച്ചു. ‘വിദ്യാർഥികൾ’ ഓരോരുത്തരും എഴുന്നേറ്റു നിന്ന് ഹാജറും പ്രസന്റുമൊക്കെ പറഞ്ഞു.

പത്രക്കാരുടേയും ചാനലുകാരുടെ തിരക്കു കഴിഞ്ഞപ്പോൾ മാഷ് ശരിക്കും ക്ലാസിലേക്കു കടന്നു.ആധുനികകാലത്തെ സംസ്കാരവുമായി ബന്ധപ്പെടുത്തി ധ്വനിസിദ്ധാന്തമാണു പഠിപ്പിച്ചത്. വെല്ലുവിളികളുണ്ടെങ്കിലും ഭാഷ എത്ര നിസ്സാരമായി കാലത്തേയും സാങ്കേതിക വിനിമയങ്ങളേയും മറികടക്കുന്നു എന്നതായിരുന്നു ആ ക്ലാസിന്റെ ഉളളടക്കം. മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം എന്നിവയപ്പറ്റിയും ലക്ചറിങ് നീണ്ടുപോയി. .

ഗഹനമായ കാര്യങ്ങളാണു പറഞ്ഞതെങ്കിലും ഒരു നിമിഷം പോലും എന്റെ ശ്രദ്ധ പാളിയില്ല. കഥ പറയുന്നതുപോലെയാണ് മാഷിന്റെ പഠിപ്പിക്കൽ. അത്രമേൽ ലളിതം. കൊച്ചുകൊച്ചു ശുദ്ധവും ലളിതവും നൈർമല്യവുമുള്ള വാക്കുകൾ. അതു കേൾക്കുമ്പോൾ ആ വാക്ക് ഇവിടെയുണ്ടായിരുന്നോ നമ്മളിത് ഉപയോഗിക്കുന്നില്ലല്ലോ എന്നു ആശ്ചര്യപ്പെട്ടുപോകും. സാഹിത്യത്തിലെ വലിയ സിദ്ധാന്തങ്ങൾ പോലും ആകർഷമായി കഥ പോലെയാണ് വിശദീകരിക്കുന്നത്. ഇക്കാര്യം ജോൺപോൾ സാറും എന്നോടു പറഞ്ഞിട്ടുണ്ട്. പത്രപ്രവർത്തകനെന്ന നിലയിൽ പിന്നീടു പല വട്ടം മാഷിന്റെ വീട്ടിൽ ചെന്നപ്പോഴൊക്കെയും പത്രപ്രവർത്തകന്റെ കുപ്പായം ഊരിവച്ച് സാഹിത്യവിദ്യാർഥിയായി കടന്നുചെല്ലാനാണ് മാഷു താൽപര്യം കാട്ടിയിട്ടുള്ളത്. അത്തരം സന്ദർഭങ്ങളിൽ പറഞ്ഞുതന്ന വലിയ മനുഷ്യരുടെ ജീവിതങ്ങളും മാഷ് കൊച്ചുകൊച്ചുവാക്കുകൾ കൊണ്ടാണ് ആവിഷ്കരിച്ചത്.

പ്രസംഗവും പഠിപ്പിക്കലും കഥയാക്കുന്ന മാഷിന് കഥയെഴുതിക്കൂടെ എന്നു സംശയിച്ചിട്ടുണ്. മാഷ് കവിതയും നാടകവുമൊക്കെ എഴുതിയതായി അറിയാം. പക്ഷേ കഥ..? മാഷു പക്ഷേ കഥയും എഴുതിയിട്ടുണ്ട്. ജീവിതത്തിലാകെ 11കഥകൾ.അത് ജോൺപോൾ സാറിന്റെയും John Paul Puthussery നോവലിസ്റ്റ് സേതു സാറിൻ്റെയുമൊക്കെ ഉത്സാഹത്തിൽ തപ്പിയെടുത്ത് ഇപ്പോൾ പുസ്തക രൂപത്തിൽ എത്തുകയാണ്.സാനുമാഷ് സാഹിത്യത്തിൽ കൈ വയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിതാ ഈ 94–ാം വയസിൽ അദ്ദേഹം ‘പ്രഖ്യാപിത’ ചെറുകഥാകൃത്തുമാകുന്നു. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജിന്റെ പ്രണത ബുക്സ് ആണ് സാനുമാഷിന്റെ കഥകൾ പുസ്തകമാക്കിയിരിക്കുന്നത്. സേതുവിന്റെ ആമുഖം. ജോൺപോളിന്റെ പിൻകുറിപ്പ്. ഔട്ട്സ്റ്റാൻഡിങ് എന്നു വിളിക്കാനാകുമോ എന്നറിയില്ല. പക്ഷേ മാസ്റ്റർ എഴുതിയതാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകം നിശ്ചയമായും എന്റെ പുസ്തകശേഖരത്തിൽ ഹാജർ വയ്ക്കും.

ടി.ബി. ലാൽ

Share News