കൊച്ചിയിൽ തയ്യൽ മിച്ചങ്ങൾ ഇനി മാലിന്യമല്ല. ഭംഗിയുള്ള കളിപ്പാവകൾ

Share News

കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നതാണ്. മാത്രമല്ല പ്രകൃതിയ്ക്ക് വിനാശകരവുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കി പൂർണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകൾ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്.

കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യൽ മിച്ചങ്ങൾ കൊണ്ട് കളിപ്പാവ നിർമ്മിക്കുവാനുള്ള ഒരു യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു.

കൊച്ചി നഗരസഭയുടെ ഹീൽ (Health Environment Agriculture Livelihood) പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നമ്മൾ നടപ്പിലാക്കുന്നത്. കൊച്ചി നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന തയ്യൽ മിച്ചങ്ങൾ മാലിന്യ പ്രശ്നം ഉണ്ടാക്കാതെ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിലൂടെ കൊച്ചി നഗരസഭ ലക്ഷ്യം വെക്കുന്നത്. കൊച്ചി നഗരസഭയുടെ കച്ചേരിപ്പടിയിലുള്ള സി-ഹെഡ് ബിൽഡിങ്ങിലാണ് കളിപ്പാവ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്കിന്റെ സി എസ് ആർ ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മാലിന്യത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ബ്രഹ്മപുരം വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്ക് പോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുവാനും സാധിക്കും. അങ്ങനെ മാലിന്യ പുനരുപയോഗത്തിന്റെ ഏറ്റവും നല്ല മാതൃക ആകുകയാണ് കൊച്ചിയുടെ ഈ സംരംഭം.

മറ്റൊരു സന്തോഷകരമായ കാര്യം ഭിന്നശേഷിക്കാരായ രണ്ടു കുട്ടികൾക്കും അവരുടെ അമ്മമാർക്കും മറ്റു നാലു സ്ത്രീകൾക്കും തൊഴിലും വരുമാനം ലഭിക്കുന്ന തരത്തിലാണ് നമ്മളീ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കൊച്ചി നഗരസഭയുടെ ഹീൽ കൊച്ചി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം, തൊഴിൽ എന്നിവയെല്ലാം സാധൂകരിക്കുന്ന തരത്തിൽ നൂതനവും ശാശ്വതവുമായ പരിഹാരമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തനത്തിന് നഗരസഭയുടെ എല്ലാ പിന്തണയും തുടർന്നും ഉണ്ടാകും.

കൊച്ചി നഗരസഭയുടെ കച്ചേരിപ്പടിയിലുള്ള സി-ഹെഡ് ബിൽഡിങ്ങിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കളിപ്പാവ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മെഷീൻ സ്വിച്ച് ഓൺ കർമ്മം ഡെപ്യൂട്ടി മേയർ ശ്രീമതി കെ എ അൻസിയയും നിർവഹിച്ചു.

ഈ പരിപാടിക്ക് നേതൃത്വം നൽകുകയും നടപ്പിലാക്കുകയും ചെയ്ത സെന്റ് തെരേസാസ് കോളേജിലെ മുൻ അദ്ധ്യാപിക ഡോ. നിർമ്മല പത്മനാഭനെ അഭിനന്ദിക്കുന്നു. ഈ പരിപാടിയുമായി സഹകരിക്കുന്ന സെന്റ് തെരേസാസ് കോളേജിനോടുള്ള നന്ദി അറിയിക്കുന്നു. ഒപ്പം സി എസ് ആർ ഫണ്ടിലൂടെ പണം ലഭ്യമാക്കിയ ഫെഡറൽ ബാങ്കിനോടുള്ള നന്ദിയും അറിയിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ കളിച്ചു വളരട്ടെ. പ്രകൃതിയെ നോവിക്കാതെ .

Adv M Anilkumar

Kochi Mayor

Kochi Municipal Corporation

Share News