
മുട്ടയിലെ പോഷകങ്ങൾ, ആരോഗ്യ ഗുണങ്ങൾ പങ്കുവെക്കുന്നു
അമേരിക്കൻ ഹാർട്ട് ആസോസിയേഷന്റെ അഭിപ്രായത്തിൽ ഏത് പ്രായക്കാർക്കും ദിവസേന കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമാകാറില്ല. മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം ഒവാൽബുമിൻ എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് ബോഡി ബിൽഡിങ്ങ് പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും ശാരീരികമായി അധ്വാനിക്കുന്നവരും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരവുമായ നല്ല കൊളസ്ട്രോൾ (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ (LDL) തീരെയില്ല. അതിനാൽ ആരോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്.
കുട്ടികൾക്കും, ഗർഭിണികൾക്കും, ആർത്തവക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും കഠിനമായ ജോലികൾ ചെയ്യുന്നവർക്കും നൽകാവുന്ന അമൂല്യമായ ഒരു പോഷകാഹാരമാണ് മുട്ട.
തവിട്ടു നിറമുള്ള മുട്ടയും വെള്ള നിറമുള്ള മുട്ടയും തമ്മിൽ പോഷകങ്ങളിൽ യാതൊരു വ്യത്യാസവുമില്ല. മുട്ടയുടെ തൊടിന് ബ്രൗൺ നിറം വരുന്നത് കോഴിയുടെ ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ‘റോഡ് ഐലൻഡ് റെഡ്’ എന്നയിനത്തിലുള്ള തവിട്ട് അല്ലെങ്കിൽ ചുവന്ന നിറമുള്ള മുട്ടക്കോഴിയുടെ മുട്ടയുടെ തോട് ബ്രൗൺ ആകുമ്പോൾ ‘വൈറ്റ് ലെഗോൺ’ എന്നായിനം കോഴിയുടെ മുട്ടയുടെ തോട് വെള്ള നിറത്തിലായിരിക്കും.
എന്നിരുന്നാലും പോഷകത്തിന്റെ കാര്യത്തിൽ ഈ മുട്ടകൾ തമ്മിൽ വ്യത്യാസമില്ല. എന്നാൽ ബ്രൗൺ മുട്ട വെള്ളയെക്കാൾ പോഷകസമ്പുഷ്ടമാണെന്ന ഒരു തെറ്റായധാരണ പൊതുവേ ബ്രൗൺ മുട്ടയുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് തികച്ചും അബദ്ധധാരണയാണ്. കൂട്ടിൽ അടച്ചു വളർത്തുന്ന കോഴിയുടെ മുട്ടയെക്കാൾ തുറന്നു വിട്ടു വളർത്തുന്ന കോഴിയുടെ മുട്ടയിൽ ചില പോഷകങ്ങളുടെ അളവ് അല്പം കൂടുതലാണ്.
കോശസംയോജനത്തിനു വേണ്ട അമിനോ ആസിഡുകളെല്ലാം ശരീരകോശങ്ങളുടെ അതേ അനുപാതത്തിൽ മുട്ടയിലുണ്ട്. അതായത് നാര് തീരെയില്ലാത്തതും പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട.
വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുട്ടയെ ഏതാണ്ട് പൂർണ്ണരൂപത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശരീരത്തിനു കഴിവുണ്ട്. താറാവ് മുട്ടയിൽ കോഴി മുട്ടയെക്കാൾ അല്പം കൂടി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് താറാവ് മുട്ട വിറ്റാമിൻ ബി 12 എന്ന ജീവകത്താൽ സമ്പുഷ്ടമാണ്. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ് മുട്ട. പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രഭാത ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്താറുള്ള ഒരു ഭക്ഷണമാണ് മുട്ട