മക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ

Share News

കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു .

പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല വിവരങ്ങളും കേട്ടു. ഇടപെടലുകളെ കുറിച്ച് വ്യക്തത കിട്ടുന്ന പലതും സദസ്സിൽ നിന്നും കേൾക്കാൻ ഇടയായി. മക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ ചിലർ പറഞ്ഞു.

പരസ്പര പൂരകമായ പ്രവർത്തനം ഉണ്ടാകേണ്ട ആവശ്യകത ചൂണ്ടി കാണിക്കപ്പെട്ടു. പെരുമാറ്റ പ്രശനങ്ങളുള്ളവരെ കുഴപ്പക്കാരെന്ന മുദ്ര ചാർത്താതെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചുള്ള ടാർഗെറ്റ്ഡ് ഇടപെടലുകൾ വേണമെന്ന് നിർദ്ദേശിക്കപ്പെട്ടു .മാനസികാരോഗ്യ ഇടപെടലുകൾ വേണ്ടവർക്ക് അത് ലഭ്യമാക്കണം. മാർക്കോ ആയാലും വേണ്ടില്ല മാർക്ക് കിട്ടിയാൽ മതിയെന്ന മട്ടിൽ തൻ പിള്ളയുടെ അക്രമ വാസനകളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക്തിരുത്തൽ ഉണ്ടാകണമെന്നആശയ പ്രകടനമുണ്ടായി .

ലഹരി വ്യാപനം വലിയൊരു സാമൂഹിക രോഗത്തിന്റെ ലക്ഷണം മാത്രമാണെന്ന അഭിപ്രായവുമുണ്ടായി.പൊതുവിൽ ഈ പ്രശ്നത്തോടുള്ള സമീപനം രോഗ ലക്ഷണങ്ങളെ മാത്രം ലാക്കാക്കിയുള്ളതാണെന്നും സമഗ്രമായി കണ്ടില്ലെങ്കിൽ പ്രയോജനമുണ്ടാകില്ലെന്നുമുള്ള നിരീക്ഷണവും ഉണ്ടായി.

ഡോ. റ്റിജു തോമസ് ഐ.ആർ .എസ്‌, അധ്യാപികയായ ദുർഗ,മാനസികാരോഗ്യ വിദഗ്ധരായ ഡോ .ജാനകി, ഡോ. മാല,തേവര കോളേജിലെ ബാബു ജോസഫ്, അഭിഭാഷകയായ രെശ്മിത രാമചന്ദ്രൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു .

(ഡോ. സി. ജെ .ജോൺ )

Share News