കത്തോലിക്കാ സഭ തെറ്റു തിരുത്തുകയല്ല ചെയ്തിരിക്കുന്നത്, സഭയിൽ ഉയർന്നു വന്ന സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠിപ്പിക്കലുകളെ തള്ളിക്കളയുക മാത്രമാണ് ചെയ്തിരിക്കുന്നത്

Share News

കത്തോലിക്കാ സഭ

ഒടുവിൽ തെറ്റു തിരുത്തിയോ ?

ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery for the Doctrine of the Faith) പുറത്തിറക്കിയ ഒരു പ്രബോധന രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഈ വാർത്ത വന്നയുടൻ പ്രൊട്ടസ്റ്റൻ്റ്/ പെന്തക്കോസ് മൂപ്പന്മാർ “കത്തോലിക്കാ സഭ തെറ്റുതിരുത്തി, തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ശരി” എന്ന നിലയിൽ വസ്തുതകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിനാൽ ഈ വിഷയത്തിൽ ചില വ്യക്തത വരുത്തുന്നു.

ദൈവ മാതാവായ പരിശുദ്ധ മറിയം ‘സഹ-രക്ഷക’യാണെന്നോ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’യാണെന്നോ (Mediatrix of all Graces) കത്തോലിക്കാ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. തന്നെയുമല്ല, ദിവ്യരക്ഷകൻ ക്രിസ്തു മാത്രമാണെന്ന വെളിപ്പെടുത്തപ്പെട്ട സത്യത്തെ മറയ്ക്കാൻ ഇപ്രകാരമുള്ള പദപ്രയോഗങ്ങൾ കാരണമാകുമെന്ന് സഭ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

എന്നാൽ പരിശുദ്ധ മറിയത്തിന് ​സഹ-രക്ഷക’ (Co-redemptrix) എന്ന സ്ഥാനപ്പേര് നൽകണമെന്ന ഒരാവശ്യം വിവിധയിടങ്ങളിൽ നിന്നും നൂറ്റാണ്ടുകളായി ഉയരുന്നുണ്ട്. ദൈവശാസ്ത്രപരമായ ചർച്ചകളിലും ഭക്തരുടെയിടയിലെ പ്രാർത്ഥനകളിലും ഇപ്രകാരമൊരു സങ്കൽപ്പം കാണാൻ കഴിയും. അനൗദ്യോഗികമായി ചിലർ ഇതു പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

​മറിയം സഹരക്ഷകയാണെന്നത് ഒരു വിശ്വാസ സത്യമായി (Dogma) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചില മധ്യകാല സന്യാസസമൂഹങ്ങളും ചില മാരിയോളജിസ്റ്റുകളും ഇൻ്റർനാഷണൽ മാരിയൻ അസോസിയേഷൻ (International Marian Association) പോലുള്ള സംഘടനകളും വത്തിക്കാനിൽ കഴിഞ്ഞ കാലങ്ങളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി സഭയുടെ ഔദ്യോഗിക നിലപാടും ഉപദേശവും തയ്യാറാക്കിയത്. അവരുടെ റിപ്പോർട്ട് മാർപാപ്പ അംഗീകരിക്കുകയായിരുന്നു.

ഈ വിഷയത്തിൽ കത്തോലിക്കാ സഭ തെറ്റു തിരുത്തുകയല്ല ചെയ്തിരിക്കുന്നത്, സഭയിൽ ഉയർന്നു വന്ന സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠിപ്പിക്കലുകളെ തള്ളിക്കളയുക മാത്രമാണ് ചെയ്തിരിക്കുന്നത്.

(ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ വിശകലനം പിന്നീട്)

മാത്യു ചെമ്പുകണ്ടത്തിൽ

*വർഷങ്ങളായി ഉയരുന്ന മുറവിളിക്ക് ഒടുവിൽ ഉത്തരമെത്തി!*

1995ൽ വൈദികപട്ടം കിട്ടി തോപ്പുംപടി കൊച്ചുപള്ളിയിൽ കൊച്ചച്ചനായി ചെന്നപ്പോൾ സ്ഥലത്തെ മരിയൻ സൊഡാലിറ്റി അംഗങ്ങൾ വത്തിക്കാനിലേക്കുള്ള ഒരു മെമ്മോറാണ്ടത്തിൽ ഒപ്പ് ശേഖരണത്തിനായി എന്നെ സമീപിച്ചു. മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കാനുള്ള അന്തർദേശീയമായ ഒരു നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.

അന്ന് ഞാൻ അവരോട്, “മനുഷ്യർക്ക് രക്ഷ നല്കാൻ ക്രിസ്തുവിൻ്റെ പീഡാസഹന മരണോത്ഥാനങ്ങൾ മതിയായിരുന്നില്ലേ?”,

“മറിയത്തിന് യേശുക്രിസ്തുവിന്റെ രക്ഷ ആവശ്യമുണ്ടായിരുന്നോ?” എന്നീ ചോദ്യങ്ങൾ ചോദിച്ചു. രണ്ടിനും അവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. നിശ്ശബ്ദത മറുപടിയായപ്പോൾ ഞാൻ അവരോടു പറഞ്ഞു: ‘സഹരക്ഷക’ എന്ന പ്രയോഗം രക്ഷകനായ ക്രിസ്തുവിൻ്റെ അതുല്യതയെ സാരമായി compromise ചെയ്യാൻ സാധ്യതയുണ്ട്. മാത്രമല്ല, യേശുക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളുടെ ഫലം മുൻകൂട്ടി നൽകിയാണ് പിതാവായ ദൈവം മറിയത്തെ അമലോൽഭവയായി സൃഷ്ടിച്ചത് എന്ന 1850-ലെ വിശ്വാസത്യപ്രഖ്യാപനവും ഞാൻ അവരെ ഓർമിപ്പിച്ചു. മെമ്മോറാണ്ടത്തിൽ ഞാൻ ഒപ്പിട്ടില്ല എന്നു മാത്രമല്ല, ആ ശ്രമത്തിൽ നിന്ന് മരിയൻ സൊഡാലിറ്റിക്കാരെ അന്ന് പിന്തിരിപ്പിക്കാനും എനിക്ക് കഴിഞ്ഞു.

ഏതാനും വർഷങ്ങൾക്കു മുമ്പ് ഈ വിഷയത്തിൽ ഒരു ലേഖനം ഞാൻ എഴുതിയതും ഓർക്കുന്നു. ഇന്നലെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പുറപ്പെടുവിച്ച, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” ഏറെ സന്തോഷം നല്കുന്നു.

ഫാ. ജോഷി മയ്യാറ്റിൽ

സഭയുടെ പഠനങ്ങളെ നിരസിച്ച് സ്വന്തം വിശ്വാസങ്ങളിൽ അള്ളിപ്പിടിച്ച് കിടക്കുന്നവർ ചെയ്യുന്നത് ശരിയാണെന്ന് അവർക്ക് സ്വയം തോന്നിയാലും, അതങ്ങനെയല്ലെന്ന് അവർ മനസിലാക്കിയാൽ അവർക്ക് തന്നെ കൊള്ളാം.

കത്തോലിക്കാ സഭ 2000 വർഷങ്ങൾക്കു മുകളിൽ പാരമ്പര്യമുള്ള ഒരു സംവിധാനമാണ്. ഓരോ കാലത്തിലും ഉണ്ടാകുന്ന തെറ്റായ പ്രവണതകളെ തിരുത്തേണ്ടത് സഭയുടെ കടമയാണ്. അതാണ് ഇപ്പോൾ ചെയ്തതും. മാർപാപ്പയെ തെറി പറഞ്ഞതുകൊണ്ട് സത്യം സത്യമല്ലാതാകില്ല. നമ്മൾ സത്യവിശ്വാസത്തിൽ ജീവിക്കേണ്ടത് പ്രധാനമായും ന്നമ്മുടെ കടമയാണ്. പറയേണ്ടത് സഭയുടെ കടമയാണ്. അത് എത്ര കാലം കഴിഞ്ഞാലും, എത്ര ചീത്ത പറഞ്ഞാലും സഭ ചെയ്യുക തന്നെ ചെയ്യും. സഭ എന്നത് മാർപാപ്പയും കർദ്ദിനാൾമാരും, മെത്രാൻമാരുമൊക്കെ ചേർന്ന ഒരു സെറ്റപ്പാണെന്ന ചിന്ത മാറ്റാതെ അനാവശ്യമായ എതിർചിന്ത മാറില്ല. ആത്മീയ കാര്യങ്ങളിൽ സഭയാണ് അവസാന വാക്ക്. അതനുസരിക്കുക എന്നത് മാത്രമാണ് നമ്മുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം.

വൈകാരികതയ്ക്കും ആൾക്കാരുടെ കേൾവി സുഖത്തിനും അനുസരിച്ച് ചിലർ തട്ടിവിടുന്നതൊക്കെ അനുദിന പ്രശ്നങ്ങളിൽ വലയുന്ന സാധാരണക്കാരായ മനുഷ്യരിൽ തെറ്റായ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് ന്യായയായും സംശയിക്കാവുന്ന സാഹചര്യമാണ്. അപ്പപ്പോൾ തിരുത്തേണ്ട കടമയുള്ളവർ കണ്ണടച്ച് വിട്ടതിൻ്റെയാണ് ഈ കാണുന്നത്.

ഏതായാലും ഒന്ന് പറയാം. സ്ഥിരതയുളള , പക്വതയുള്ള ഒരു വിശ്വാസം നയിക്കാൻ ഏറ്റവും നല്ലത് സഭയെ കണ്ണുംപൂട്ടി വിശ്വസിക്കുക എന്നതാണ്. അത് നൽകുന്ന സുരക്ഷിതത്വം വലുതാണ്.

മനുഷ്യരൊക്കെ കടന്നുപോകും , അപ്പോഴും സത്യ വിശ്വാസത്തിന് കാവലായി കത്തോലിക്കാ സഭ ലോകാവസാനം വരെ ഇവിടെ തന്നെ കാണും.

Mathews Theniaplackal

Share News