
തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്.
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക സുതാര്യതയും ദേശീയ താൽപര്യങ്ങളും മുൻനിർത്തി “Foreign Contribution (Regulation) Act” (FCRA) നിയമങ്ങൾക്കു കേന്ദ്രസർക്കാർ വരുത്തിയ ചില പരിഷ്കരണങ്ങൾ ഇന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ ഈ നിയമപരമായ നീക്കത്തെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള വേട്ടയാടലായി ചിത്രീകരിക്കാനും വിശ്വാസികൾക്കിടയിൽ ഭീതി പടർത്താനുമാണ് ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) പേരിൽ കണ്ടിരുന്ന അതേ ‘ഭയപ്പെടുത്തൽ രാഷ്ട്രീയം’ ഇവിടെയും ആവർത്തിക്കപ്പെടുമ്പോൾ, വസ്തുതകൾ ആത്മീയമായ ഉൾക്കാഴ്ചയോടെ വിലയിരുത്താൻ ഇന്ത്യയിലെ ക്രൈസ്തവ സഭകൾക്കു ബാധ്യതയുണ്ട്.
വിദേശ ഫണ്ടുകളുടെ സ്രോതസ്സും വിനിയോഗവും വ്യക്തമാക്കാൻ സർക്കാർ ആവശ്യപ്പെടുന്നത് ഇരുട്ടിന്റെ മറവിൽ നടക്കാൻ സാധ്യതയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ തടയാനാണ്. സത്യസന്ധമായി പ്രവർത്തിക്കുന്ന സഭയ്ക്ക് ഈ നിയമം ഒരു സുരക്ഷാകവചമാണെന്നു കരുതുന്നു. സത്യത്തിലും നീതിയിലും വ്യാപരിക്കുന്നവർക്ക് ഒന്നും ഒളിച്ചുവെക്കാനില്ലാത്തതിനാൽ അവർക്ക് പരിശോധനകളെ ഭയപ്പെടേണ്ട കാര്യവുമില്ല.
സേവനത്തിന്റെയോ പുണ്യപ്രവൃത്തികളുടെയോ മുഖംമൂടിയണിഞ്ഞ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനുമെതിരെ പ്രവർത്തിക്കുന്ന ചില ശക്തികളെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. വിദേശത്തുനിന്ന് എത്തുന്ന പണം വിഘടനവാദത്തിനോ, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനോ ഉപയോഗിക്കുന്നത് രാജ്യദ്രോഹമാണ്. ഇത്തരം “ഇരുട്ടിന്റെ സന്താനങ്ങളെ” നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു സർക്കാരിനു പൂർണ്ണപിന്തുണ നൽകാൻ സഭയ്ക്കു ബാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്. സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ “ന്യൂനപക്ഷ പീഡനം” എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് യഥാർത്ഥത്തിൽ ഇരുട്ടിന്റെ ശക്തികളെ സംരക്ഷിക്കാനുള്ള ചിലരുടെ തന്ത്രങ്ങളുടെ ഭാഗമാണ്. ഇത്തരം ഘട്ടങ്ങളിൽ ‘മാപ്രകളുടെ’ സ്വാധീനത്തിലകപ്പെട്ടു നടത്തുന്ന പ്രതികരണങ്ങൾ സഭയെ സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ചെയ്യുന്നത്. “ഞങ്ങൾ സുതാര്യതയെ സ്വാഗതം ചെയ്യുന്നു” എന്ന നിലപാടിൽ ഭാരതസഭ ഉറച്ചുനിൽക്കേണ്ട സമയമാണിത്. ഭൗതികമായ ലാഭനഷ്ടങ്ങൾക്കപ്പുറം സഭയുടെ വിശുദ്ധിയും സത്യസന്ധതയും കാത്തുസൂക്ഷിക്കാൻ ഇത്തരം കർക്കശമായ നിയമങ്ങൾ അത്യന്താപേക്ഷിതമാണ്.
സഭയുടെ പേരിൽ വരുന്ന ഓരോ രൂപയും വിദേശത്തു നിന്നും അയച്ചുകൊടുക്കുന്ന സുമനസ്സുകളുടെ അധ്വാനഫലങ്ങളാണ്. അതുകൊണ്ട് അത് എന്തിനു ചെലവാക്കുന്നു എന്ന് അറിയാൻ അവർക്ക് അവകാശമുണ്ട്. വിദേശ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ, സർക്കാരിന് കണക്കുകൾ നൽകുന്നത് ഒരു പ്രതിസന്ധിയല്ല. മറിച്ച്, അത് സഭയുടെ സത്യസന്ധതയ്ക്കുള്ള ഒരു ‘സർട്ടിഫിക്കറ്റ്’ ആയി മാറും. സുതാര്യതയെ എതിർക്കുന്നവർ യഥാർത്ഥത്തിൽ സഭയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
ക്രിസ്തുവിൻ്റെ പീഡാനുഭവങ്ങളെയും പുനരുത്ഥാനത്തെയും കുറിച്ച് ചിന്തിക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യേണ്ട വിശുദ്ധവാരത്തിൽ (Holy Week), ഇത്തരം സാമ്പത്തിക നിയമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് എത്രത്തോളം ഉചിതമാണെന്ന് എല്ലാവരും ചിന്തിക്കണം. ആത്മീയനവീകരണത്തിനു പ്രാധാന്യം നൽകേണ്ട സമയത്ത്, ഭൗതികമായ സാമ്പത്തിക സ്രോതസ്സുകൾക്ക് വേണ്ടി ഇത്ര തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് തെറ്റായ സന്ദേശം പൊതുസമൂഹത്തിന് നൽകും. വിശുദ്ധവാരം പോലെ പവിത്രമായ ഒരു സമയത്ത് രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധങ്ങൾക്കും പ്രസ്താവനകൾക്കും പകരം, രാജ്യത്തെ നിയമങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ഉചിതം. സർക്കാർ ചോദിക്കുന്ന കണക്കുകൾ കൃത്യമായി നൽകാൻ തയ്യാറാകുന്നതിലൂടെ “ഞങ്ങൾക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ല” എന്ന കരുത്തുറ്റ സന്ദേശം നൽകാൻ സഭയ്ക്ക് കഴിയും.
ദൈവവചനത്തോടും രാജ്യത്തെ നിയമങ്ങളോടും ഒരുപോലെ കണക്കുബോധിപ്പിക്കാൻ കഴിയേണ്ടതാണ് യഥാർത്ഥ ആത്മീയത. ഭൗതിക സമ്പത്തിനേക്കാൾ സഭ ഉയർത്തിപ്പിടിക്കേണ്ടത് അതിന്റെ ധാർമ്മികമായ ഔന്നധ്യമാണ്. “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ പങ്കുചേരരുത്; പകരം അവയെ വെളിച്ചത്തുകൊണ്ടുവരുക” (എഫേസ്യർ 5:11) എന്ന വചനമാകട്ടെ നമ്മുടെ വഴികാട്ടി. വിശ്വാസികൾ രാഷ്ട്രീയ വ്യാജപ്രചാരണങ്ങളിൽ വീഴാതെ, സത്യത്തോടൊപ്പം നിൽക്കുകയാണ് വേണ്ടത്. ഭരണകൂടങ്ങൾ സുതാര്യത ആവശ്യപ്പെടുന്നത് സഭയെ തകർക്കാനുള്ള നീക്കമായി കാണാതെ, സഭയെ ധാർമ്മികമായി കരുത്തുറ്റതാക്കാനുള്ള അവസരമായി കാണണം.
ഒരു നല്ല ക്രൈസ്തവൻ എപ്പോഴും ഒരു നല്ല പൗരൻ കൂടിയായിരിക്കണം. “സീസർക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നൽകുക” എന്ന തത്വം പാലിച്ച്, രാജ്യത്തെ നിയമവ്യവസ്ഥയോട് സഹകരിച്ചു ജീവിക്കുമ്പോഴാണ് ക്രൈസ്തവ ആത്മീയത അതിൻ്റെ ഔന്നധ്യത്തിൽ എത്തിച്ചേരുന്നത്.
മാത്യൂ ചെമ്പുകണ്ടത്തിൽ
