കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.

Share News

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു മികച്ച ആരോഗ്യപരിപാലന സമ്പ്രദായം നാം എപ്പോൾ എങ്ങിനെ ആർജ്ജിച്ചെടുത്തു? കേരളം ഇന്ത്യയിലെ മികച്ച ‘ആരോഗ്യ സംസ്ഥാനമായി’ നിലനിൽക്കുന്നതിന്റെ കാരണമെന്താണ്? എന്നുമുതൽക്കാണ് നമ്മുടെ ആധുനിക ആരോഗ്യപരിപാലന സംവിധാനത്തിലെ മികവ് പ്രകടമായി തുടങ്ങിയത്? ആധുനിക കേരളചരിത്രത്തിനു മുന്നേ മികച്ച ചികിത്സ സമ്പ്രദായം കേരളത്തിൽ പടുത്തുയർത്തിക്കഴിഞ്ഞിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ ഭരണാധികാരികൾ അക്കാലത്തു പ്രകടിപ്പിച്ച ദീർഘവീക്ഷണങ്ങളും അവസരോചിത പ്രവർത്തനങ്ങളുമായിരുന്നു കേരളത്തിന്റെ ആധുനിക ആരോഗ്യ പരിപാലനത്തിന്റെ ആണിക്കല്ല്. ജനങ്ങൾ പകർച്ചവ്യാധി പ്രതിസന്ധികളിലകപ്പെട്ടപ്പോൾ സഹസ്രാബ്ദങ്ങളായി തുടർന്നുവന്ന പാരമ്പര്യ ചികിത്സാവിധികൾ അപര്യാപ്തമാണെന്നവർ തിരിച്ചറിഞ്ഞു. പകരം മികച്ച ചികിത്സാവിധികൾ ജനക്ഷേമ തല്പരരായ ഭരണാധിപന്മാർ അന്വേഷിച്ചു. പാശ്ചാത്യ നാടുകളിൽ പ്രചാരത്തിലുള്ള അലോപ്പതി ചികിത്സാരീതി, പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടെയുള്ള രോഗങ്ങളെ നിയന്ത്രിക്കുവാൻ പര്യാപ്തമാണെന്ന തിരിച്ചറിവിൽ അവർ തങ്ങളുടെ നാട്ടുരാജ്യങ്ങളിലെ ആരോഗ്യപരിപാലനത്തിന് അലോപ്പതിയെ സ്വീകരിച്ചു. വേഗത്തിലുള്ള രോഗമോചനം അലോപ്പതിയുടെ സ്വീകാര്യത വർധിപ്പിച്ചു. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് പൊതുജനാരോഗ്യത്തിൽ ഏറ്റവും അധികം ശ്രദ്ധയൂന്നിയ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ മുന്നിൽ നിന്നത് തിരുവിതാംകൂർ ആയിരുന്നു. ജനക്ഷേമത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്ന തിരുവിതാംകൂറിലെ രാജകുടുംബം പല കാലഘട്ടങ്ങളിലായി നടപ്പിൽ വരുത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ പിന്നീട് കേരളം രൂപംകൊണ്ടപ്പോൾ നമ്മുടെ ആരോഗ്യപരിപാലന മേഖലയുടെ കുതിച്ചുചാട്ടത്തിന് ഉത്തേജന മരുന്നായി മാറുകയാണുണ്ടായത്.

1810 മുതൽ 1815 വരെയുള്ള കാലഘട്ടം. അന്ന് തിരുവിതാംകൂറിൽ വസൂരി പടർന്നു പിടിക്കുന്നു. ആയിരക്കണക്കിന് ആളുകൾ വസൂരിബാധയേറ്റ്‌ മരിച്ചുവീഴുന്നു. രോഗബാധിതരായ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചു അവശേഷിക്കുന്നവർ പലായനം ചെയ്യുകയോ രോഗികളെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു. മരണഭയത്താൽ പരസ്പരം നോക്കുന്ന ജനതയുടെ ഭീതിയകറ്റുവാൻ അന്നത്തെ പാരമ്പര്യ ചികിത്സകൾക്ക് കഴിഞ്ഞില്ല. ശവംതീനി കഴുകന്മാർ വട്ടമിട്ടുപറന്നുകൊണ്ടിരിക്കുന്ന രാജ്യത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നത് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആവശ്യമായിരുന്നു. പാരമ്പര്യ ചികിത്സയ്ക്കുപകരം യൂറോപ്യന്മാരുടെ ചികിത്സയാണ് വസൂരിയെ പ്രതിരോധിക്കുവാൻ കൂടുതൽ ഫലപ്രദമെന്ന് മനസിലാക്കിയ തിരുവിതാംകൂറിലെ മഹാറാണിയായ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി പാശ്ചാത്യ ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കി വസൂരിക്കെതിരെയുള്ള പ്രതിരോധമരുന്ന് തിരുവിതാംകൂറിൽ ഇറക്കുമതി ചെയ്യുന്നു.

വസൂരിയുടെ പ്രതിരോധമരുന്നിന്റെ കുത്തിവെയ്പ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. തിരുവിതാംകൂറിലെ ജനങ്ങൾ പാശ്ചാത്യരീതിയിലുള്ള ചികിത്സയോട് വിമുഖത കാണിച്ചു. കുത്തിവയ്പ് സമ്പ്രദായം അവർക്ക് ശീലമുള്ള ഒന്നായിരുന്നില്ല. അവിശ്വാസം നിറഞ്ഞ ഭയത്തോടെ ജനങ്ങൾ കുത്തിവയ്‌പിനെതിരെ നിലകൊണ്ടപ്പോൾ രാജകുടുംബാംഗങ്ങൾ തന്നെ ആദ്യമായി പ്രധിരോധ കുത്തിവെയ്‌പ്പെടുത്തുകൊണ്ട് പ്രജകൾക്ക് ധൈര്യം പകർന്നു. തുടർന്ന് നടന്ന ബോധവൽക്കരണങ്ങളുടെ ഫലമായി പ്രതിരോധ കുത്തിവയ്‌പ്പെടുക്കുവാൻ ജനങ്ങൾ മുന്നോട്ട് വരികയായിരുന്നു.
സമാനമായ സാഹചര്യം 1819-ന് ശേഷവും ഉണ്ടായി. അന്ന് ജനങ്ങളെ കൊന്നൊടുക്കുവാൻ വന്നത് കോളറ എന്ന മഹാമാരിയായിരുന്നു. ബംഗാളിൽ പടർന്നു പിടിച്ച കോളറ ഇന്ത്യയിലെ പ്രധാന നാട്ടുരാജ്യങ്ങളിലെല്ലാം വ്യാപകമായ മരണങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആഞ്ഞടിച്ചപ്പോൾ വരാനിരിക്കുന്ന അപകടം മുന്നിൽ കണ്ട് പ്രതിരോധത്തിനായി തയ്യാറെടുപ്പുകൾ നടത്തിയത് അന്നത്തെ തിരുവിതാംകൂറിലെ മഹാറാണിയായ ഗൗരി പാർവതി ഭായ് ആയിരുന്നു.


വിരലിലെണ്ണാവുന്ന അലോപ്പതി ഡോക്ടർമാരായിരുന്നു അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്. പ്രതിരോധ മരുന്നും രാജ്യത്ത് ലഭ്യമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ പ്രധിരോധ മരുന്ന് നാട്ടിലെത്തിച്ചെങ്കിലും പരിചയസമ്പന്നരായ അലോപ്പതി ഡോക്ടർമാരുടെ അഭാവം വലിയൊരു വൈതരണിയായി. അത് മറികടക്കുവാനായി ഒരു വിളംബരം ദിവാനായ ജനാർദ്ദനരായർ വെങ്കിട്ടരായർ പുറത്തിറക്കി. ആ വിളംബര പ്രകാരം തിരുവിതാംകൂറിലെ അലോപ്പതി ഡോക്ടർമാരിലൊരാളായ ഡോക്ടർ ബ്രൗണിനെ കോളറ പ്രതിരോധത്തിന്റെ പ്രധാന ചുമതല ഏൽപ്പിച്ചു.

അലോപ്പതി ഡോക്ടർമാരുടെ അഭാവമെന്ന പോരായ്മ പരിഹരിക്കുവാനായി നാട്ടുവൈദ്യന്മാരെ പ്രതിരോധ ചികിത്സാരീതി പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു ഡോ: ബ്രൗണിനെ രാജഭരണം ഏൽപ്പിച്ച പ്രധാന ദൗത്യം. തുടർന്ന് ഡോ: ബ്രൗണിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ ഫലമായി പ്രതിരോധ മരുന്ന് നൽകുന്നതിലെ പരിശീലനം നാട്ടുവൈദ്യന്മാർക്ക് നൽകുകയും, ബോധവൽക്കരണങ്ങളിലൂടെ ജനങ്ങളെ മരുന്ന് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.


കോളറ, വസൂരി, പ്ളേഗ്, മലേറിയ, ക്ഷയം, കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികൾ നിരന്തരമായി വേട്ടയാടിയിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂർ. ഇവയെ തിരുവിതാംകൂറിന് നിയന്ത്രിക്കുവാനായത് ചികിത്സയെക്കാൾ  അഭികാമ്യം പ്രതിരോധമാണ് എന്ന തിരിച്ചറിവ് ആ രാജ്യം ആർജ്ജിച്ചതുകൊണ്ടാണ്.  പകർച്ചവ്യാധി പ്രതിരോധമരുന്ന് ഉപയോഗിച്ചുകൊണ്ട്  ഒരു പകർച്ചവ്യാധിയെ ഒരു പരിധിവരെ നിയന്ത്രിച്ചു തുടങ്ങുമ്പോൾ അടുത്ത പകർച്ചവ്യാധി തലയുയർത്തും. ഇതൊരു തുടർക്കഥയായപ്പോൾ ശുചിത്വത്തിന്റെ പ്രാധാന്യം രാജ്യത്തിന് ബോധ്യപ്പെട്ടു. പകർച്ചവ്യാധികൾ ആവർത്തിക്കുന്നതിന്റെ പ്രധാന കാരണം ശുചിത്വത്തിന്റെ അഭാവവും, മുൻകരുതലില്ലായ്മയും കൊണ്ടാണെന്ന റിപ്പോർട്ടാണ് കൊട്ടാരം ഡോക്ടറായ ഡോ: റോസ് രാജാവിന് നൽകിയത്.

ജനങ്ങളുടെ ജീവൻ എടുക്കുന്ന പകർച്ചവ്യാധികൾ പകർന്നുപടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ശുചിത്വമാണെന്ന തിരിച്ചറിവ് രാജ്യം ആർജ്ജിച്ചതോടെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശുചിത്വത്തിനും, ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനും സർക്കാർ പ്രാധാന്യം നൽകി.പകർച്ചവ്യാധികൾ പകരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്  പൊതുഇടങ്ങളിലെ ഒത്തുചേരലാണെന്ന് മനസിലാക്കിയ അധികൃതർ 1879-ൽ വിദ്യാർഥികൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും, ജയിലിലെ ജീവനക്കാർക്കും അന്തേവാസികൾക്കും പ്രതിരോധ കുത്തിവയ്പ് നിർബന്ധമാക്കി.

ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലുമേറേ വിജയം കണ്ടപ്പോൾ  1895 ആയതോടെ ശുചിത്വ വകുപ്പും സ്ഥാപിച്ചു. ഈ വകുപ്പിന്റെ കീഴിൽ നഗര ഗ്രാമീണ സമിതികൾ രൂപീകരിച്ച്  നടപ്പിലാക്കിയ പ്രവർത്തനങ്ങൾ മുൻകാല പ്രതിരോധങ്ങളെ അപേക്ഷിച്ച് ഏറെ ഫലപ്രദമായിരുന്നു. വിസർജ്യ, മാലിന്യ നിർമ്മാർജ്ജനം, ജലശുദ്ധീകരണം, നിരത്തുകളുടെ ശുദ്ധീകരണം, മാംസ്യ സസ്യ ഭഷ്യ വസ്തുക്കളുടെ വിൽപ്പന സ്ഥലങ്ങളുടെ ശുദ്ധീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധി വ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്തുവാൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ തിരുവിതാംകൂറിന് കഴിഞ്ഞു.


പകർച്ചവ്യാധി നിർമ്മാർജ്ജനത്തിനൊപ്പം സമ്പൂർണ്ണ ആരോഗ്യ സംരക്ഷണത്തിനും തിരുവിതാംകൂർ പ്രാധാന്യം നൽകി. ഒരു ആരോഗ്യ വിദഗ്ധന്റെ സേവനം ലഭിക്കുവാനായി ദി റോക് ഫെല്ലർ ഫൗണ്ടേഷനെ തിരുവിതാംകൂർ സമീപിക്കുകയും അവർ ഡോ: ജക്കോക് എന്ന വിദഗ്ധന്റെ സേവനം തിരുവിതാംകൂറിന്‌ വിട്ടു നൽകുകയും ചെയ്തു. ജക്കോകിന്റെ നേതൃത്വത്തിൽ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പഠിക്കുവാൻ വിശദമായ ഒരു പഠന സർവ്വേ തന്നെ നടന്നു.മാത്രവുമല്ല, ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള പരിശീലനത്തിനായി രണ്ട് ഡോക്ടർമാരെ അമേരിക്കയിൽ അയച്ച് പഠിപ്പിച്ചു.രോഗങ്ങൾ പരത്തുന്ന ജീവജാലങ്ങളിൽ തുടങ്ങി പൊതുജനാരോഗ്യ  വിദ്യാഭ്യാസത്തിന്റെ ആവശ്യകത, ശിശുക്ഷേമം, പ്രസവവും പ്രസവാനന്തര പരിചരണവും, പകർച്ച വ്യാധികൾ തുടങ്ങിയ നിരവധി ജനകീയ ആരോഗ്യ പ്രശ്നങ്ങളെ പറ്റി പഠിക്കുകയും, അവയ്ക്ക് പരിഹാരം കാണുവാനായി മുൻപ് സ്ഥാപിച്ച ശുചിത്വവകുപ്പ് പുനഃസംഘടിപ്പിച്ചുകൊണ്ട് 1933-ൽ പൊതുജനാരോഗ്യവകുപ്പ് സ്ഥാപിക്കുകയും ചെയ്തു.

ഇത്തരം ഒരു വകുപ്പ് സൃഷ്ടിക്കുന്നതിന് മുന്നോടിയായി 1924 മുതൽ 1933 വരെയുള്ള കാലഘട്ടങ്ങളിലായി തിരുവിതാംകൂർ ഭീമമായ ഒരു തുകയാണ് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. രാജ്യത്തിലെ സമ്പത്തുമുഴുവൻ രാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും സുഖലോലുപതയ്ക്കായി ചിലവഴിച്ചിരുന്ന പല ഇന്ത്യൻ നാട്ടുരാജാക്കന്മാരിൽനിന്നും തികച്ചും വ്യത്യസ്ഥരായിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരികൾ. രാജ്യം ഭരിച്ചവർക്ക് ജനങ്ങളോടുള്ള സ്നേഹവും, ഉത്തരവാദിത്വബോധവുമായിരുന്നു തിരുവിതാംകൂറിൽ ശുചിത്വവകുപ്പും ആരോഗ്യവകുപ്പും രൂപം കൊടുക്കുവാനുള്ള പ്രധാന കാരണം. പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനത്തിനായി തിരുവിതാംകൂറിൽ നിരവധി ഡിസ്പെൻസറികളും, ആശുപത്രികളും നഗര ഗ്രാമീണ മേഖലകളിൽ ആരംഭിച്ചു. അവയിൽ പലതിനും സ്ഥലസൗകര്യങ്ങൾ ഒരുക്കുവാൻ ജനങ്ങളും ഒത്തുചേർന്നു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, വൈദ്യന്മാർ, മിഷനറി പ്രവർത്തകർ തുടങ്ങിയവർക്ക് തിരുവിതാംകൂർ മികച്ച ധനസഹായമാണ് അക്കാലത്ത് നൽകിയത്. ഇതിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സേവന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട ഒന്നാണ്. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ബോധവൽക്കരണവും ആരോഗ്യക്ഷേമ പ്രവർത്തനങ്ങളും നിർവഹിച്ചതിൽ പ്രധാന പങ്ക് ക്രിസ്ത്യൻ മിഷനറിമാർക്കുണ്ട്.ആതുരസേവന രംഗത്ത് ആദ്യമായി എത്തിയ സംഘങ്ങളിൽ പ്രമുഖ സ്ഥാനം ലണ്ടൻ മിഷനറി സൊസൈറ്റിക്കായിരുന്നു. ഇവർ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിലും, മുസ്ലിം വിഭാഗത്തിലെ ദരിദ്രജനങ്ങൾക്കിടയിലും മികവുറ്റ സേവന പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

സർക്കാർ തലത്തിൽ മാത്രം ആശുപത്രികൾ പ്രവർത്തിച്ചിരുന്ന അക്കാലത്ത് നെയ്യൂരിൽ ഒരു ആശുപത്രി 1838-ൽ ലണ്ടൻ മിഷനറി സൊസൈറ്റി സ്ഥാപിച്ചു.
തുടർന്ന് വിവിധ മിഷനറി സംഘങ്ങൾ തിരുവിതാംകൂറിലെത്തി. ലൂർദ്ദ് മിഷനറിമാരും, സാൽവേഷൻ ആർമിയും തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചു. സേവനസന്നദ്ധരായെത്തിയ എല്ലാ മിഷനറിമാർക്കും അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സഹായവും നൽകി തിരുവിതാംകൂറിലെ ഭരണാധികാരികൾ ആരോഗ്യരംഗത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി.

സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനം ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും, പകർച്ചവ്യാധിവ്യാപനവും തടയുവാൻ മുതൽക്കൂട്ടാകുമെന്ന ആധുനിക ചിന്താഗതിയാണ് മിഷനറിമാരെ സ്വാഗതം ചെയ്യുവാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ആ തീരുമാനം ശരിയായിരുന്നുവെന്ന് മിഷനറിമാർ തിരുവിതാംകൂറിന്‌ നൽകിയ സേവനപ്രവർത്തനങ്ങൾ തെളിയിക്കുകയും ചെയ്തു.പകർച്ചവ്യാധി വ്യാപനങ്ങൾക്കെതിരെ മികച്ച പോരാട്ടമാണ് സന്നദ്ധസംഘടനകളിലെ പ്രവർത്തകർ നടത്തിയത്. ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും ജനസമ്പർക്ക, ആരോഗ്യസേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് രാജ്യത്തിൻറെ പല ഭാഗങ്ങളിലും പകർച്ചവ്യാധിവ്യാപനത്തിനെതിരെ പ്രതിരോധ മറ തീർക്കുവാൻ ഇവർക്ക് കഴിഞ്ഞു.


പാരമ്പര്യ വൈദ്യശാലകൾ ധാരാളമുണ്ടായിരുന്ന തിരുവിതാംകൂറിൽ ആധുനിക ചികിത്സ സമ്പ്രദായത്തിന്റെ പ്രാധാന്യം മനസിലാക്കി നിരവധി ആശുപത്രികൾ സ്ഥാപിച്ചതോടെ പാശ്ചാത്യ രീതിയിലുള്ള ചികിത്സാസേവനം തിരുവിതാംകൂറിലെ ജനങ്ങൾക്കും പ്രാപ്യമായി. തിരുവിതാംകൂറിലെ രാജകുടുംബാംഗംപോലും അലോപ്പതി ചികിത്സ പഠിച്ചിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ അനുജൻ ഉത്രം തിരുനാൾ തിരുവിതാംകൂറിലെ പ്രമുഖ അലോപ്പതി ഡോക്ടർമാരിൽ ഒരാളായിരുന്നു. സമ്പൂർണ്ണ ആരോഗ്യമുള്ള ജനതയ്ക്കുവേണ്ടി ഏതു സേവനവും നൽകുവാൻ രാജകുടുംബം എക്കാലവും സജ്ജമായിരുന്നു. 

1811-ലാണ് തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിച്ചത്. വസൂരി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധങ്ങൾക്കായി അലോപ്പതി ചികിത്സയെ ആശ്രയിച്ച തിരുവിതാംകൂർ, ആ ചികിത്സാരീതിയ്ക്ക്  ആരോഗ്യസേവനമേഖലയിലുള്ള പ്രാധാന്യം മനസിലാക്കി 1819-ൽ പൊതുജനങ്ങൾക്കുള്ള ചികിത്സക്കായി ആദ്യത്തെ അലോപ്പതി ഡിസ്‌പെൻസറി തിരുവനന്തപുരത്ത് തൈക്കാട് എന്ന സ്ഥലത്ത് അന്നത്തെ രാഞ്ജിയായിരുന്ന റാണി ഗൗരി പാർവതി ഭായി ആരംഭിച്ചു. ഈ ഡിസ്‌പെൻസറി പൊതുജനങ്ങളുടെ ആവശ്യാർഥം പിന്നീട് വികസിപ്പിച്ചു. 1837-ൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായി തൈക്കാട് ഡിസ്‌പെൻസറി മാറി. മഹാരാജാവിന്റെ സഹോദരൻ മുൻപ് സൂചിപ്പിച്ച  ഉത്രം തിരുനാൾ ഈ ആശുപത്രിയിലെ ഡോക്ടർമാരിൽ ഒരാളായിരുന്നു. 1864-ൽ ആണ് തിരുവിതാംകൂറിലെ ആദ്യ സിവിൽ ആശുപത്രി ആരംഭിക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ ആധുനിക ചികിത്സ നൽകുക എന്ന ലക്ഷ്യമായിരുന്നു ഈ ആശുപത്രി നിർമ്മാണത്തിന് പിന്നിൽ. അക്കാലത്ത് പാശ്ചാത്യനാടുകളിൽ ലഭ്യമായിരുന്ന ഏകദേശം എല്ലാ മരുന്നുകളും സിവിൽ ആശുപത്രിയിലും ഉണ്ടാകണമെന്ന് അധികൃതർ ആശുപത്രി തുടങ്ങിയ അവസരത്തിൽത്തന്നെ നിഷ്കർശിച്ചിരുന്നു. ഈ സിവിൽ ആശുപത്രിയാണ് പിൽക്കാലത്ത് ജനറൽ ആശുപത്രിയായി അറിയപ്പെട്ടത്.

പാരമ്പര്യ ചികിത്സയുടെ കാലത്തുപോലും രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും പൊതുജനങ്ങൾക്ക് ചികിത്സ ലഭിക്കണം എന്ന ചിന്താഗതി രാജകുടുംബത്തിനുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ വിദൂര ഭാഗങ്ങളിൽപ്പോലും അന്ന് ആയുർവേദ, സിദ്ധ, യുനാനി ചികിത്സാലയങ്ങൾ ആരംഭിച്ചിരുന്നു. അലോപ്പതിയുടെ കാര്യത്തിലും ആ പാത തന്നെ തിരുവിതാംകൂർ പിന്തുർന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി വിവിധ ആവശ്യങ്ങൾക്കായുള്ള ആശുപത്രികൾ അധികൃതർ സജ്ജമാക്കി. 1866-ൽ കോട്ടയത്തും ആലപ്പുഴയിലും തിരുവനന്തപുരം മാതൃകയിൽ ജില്ലാ ആശുപത്രികൾ നിലവിൽ വന്നു. രാജ്യത്തെ കുഷ്ഠരോഗികൾ അനുഭവിക്കുന്ന അവഗണന ഉൾക്കൊണ്ടുകൊണ്ട് അവരുടെ ചികിത്സക്കും താമസത്തിനുമായി തിരുവനന്തപുരത്തെ ഊളൻപാറയിൽ കുഷ്ഠരോഗാശുപത്രി 1896-ൽ സ്ഥാപിച്ചു. മനസികരോഗികൾക്ക് മികച്ച പരിചരണം ലഭിക്കുന്നതിനായും ഊളൻപാറയിൽ 1903-ൽ ആശുപത്രി തുറന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം ആവശ്യമാണെന്ന് മനസിലാക്കി തൈക്കാട് അവർക്കായി ആശുപത്രി ആരംഭിച്ചു. നേത്ര ചികിത്സയിൽ അലോപ്പതി ചികിത്സയുടെ പ്രാധാന്യം മനസ്സിലായതോടെ തിരുവനന്തപുരത്തു കണ്ണാശുപത്രിയും സ്ഥാപിച്ചു.

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപായി  തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിരതിരുനാൾ രാജ്യഭരണം പൂർണ്ണമായും നഷ്ടമാകുമെന്നറിഞ്ഞിട്ടും തനിക്ക് അവസാനമായി ലഭിച്ച സമയപരിധിക്കുള്ളിൽനിന്നുകൊണ്ട് ആരോഗ്യമേഖലക്ക് ആവുന്നത്ര സഹായങ്ങൾ ചെയ്തു. 1951-ൽ തിരുവനന്തപുരത്ത് ആദ്യത്തെ മെഡിക്കൽ കോളേജ് ആരംഭിച്ചത് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ്. ഭക്ഷ്യവസ്തുക്കളുടെ  സംഘടിത വിപണനം വ്യാപകമായ ഘട്ടത്തിൽ പൊതുജനാരോഗ്യത്തെയും, ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി ഭക്ഷണത്തിന് മായം ചേർക്കുന്നതിനെതിരെയുള്ള നിയമം 1954-ൽ തിരുവിതാംകൂറിൽ പ്രാബല്യത്തിൽ വരുത്തി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച പരിശീലനം ലഭിക്കുന്നതിനായി അവരിൽ പലരെയും വിദേശത്ത് അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്ന മികച്ച ആതുരാലയമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭിക്കുന്ന മെഡിക്കൽ കോളേജുകളിൽ ഒന്നായിരുന്നു തിരുവനന്തപുരത്തേത്. 1955-ൽ നടപ്പിൽ വരുത്തിയ സമഗ്രപൊതുജന ആരോഗ്യനിയമം സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും, എല്ലാ പ്രായത്തിൽപ്പെട്ടവരുമായ ആൾക്കാർക്ക് ലിംഗഭേദമന്യേ സമ്പൂർണ്ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുവാനുള്ളതായിരുന്നു. നഗരഗ്രാമീണ ജനങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾ, വൃദ്ധജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി സമൂഹത്തിലെ ഓരോ പൗരനും ഏത് ആരോഗ്യ പ്രതിസന്ധിഘട്ടത്തിലും ചികിത്സ ലഭിക്കാനുള്ളതായിരുന്നു ഈ നിയമം.

തിരുവിതാംകൂറിൽ രാജഭരണം പൂർണ്ണമായും അവസാനിക്കുമ്പോൾ ഇന്ത്യ പാഠമാക്കേണ്ട മികച്ച നിലവാരത്തിലുള്ള ആരോഗ്യ മാതൃകയായി ആ രാജ്യം മാറിക്കഴിഞ്ഞിരുന്നു. പതിറ്റാണ്ടുകളായി നടത്തിയ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിലൂടെ ജനസംഖ്യനിയന്ത്രണം, കുറഞ്ഞ മരണസംഖ്യ, മാതൃ ശിശു മരണനിരക്കിലെ വലിയ കുറവ്, മരുന്നുകളുടെ വിപണനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയെല്ലാം ആർജ്ജിച്ചെടുത്ത ഇന്ത്യയിലെ അപൂർവ്വ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ.തിരുവിതാംകൂറിന്റെയത്ര വിപുലമായ തോതിലല്ലെങ്കിൽപ്പോലും കൊച്ചിയിലും രാജഭരണ കാലയളവിൽ ആരോഗ്യമേഖലയ്ക് പ്രാധാന്യം നൽകിയിരുന്നു.

രാജഭരണക്കാലത്ത് പാരമ്പര്യ ചികിത്സക്ക് പ്രാധാന്യം നൽകിയിരുന്ന കൊച്ചി നാട്ടുരാജ്യത്ത് ആധുനിക ചികിത്സ സമ്പ്രദായത്തിന് ഡച്ചുകാരുടെ വരവോടെ തുടക്കമിട്ടു. അലോപ്പതി ചികിത്സ സമ്പ്രദായം കൊച്ചിയിൽ വ്യാപകമായി നടപ്പിൽ വരുത്തിയതോടൊപ്പം, കേരളത്തിലെ പാരമ്പര്യ ചികിത്സയെപ്പറ്റിയും, ഔഷധങ്ങളെപ്പറ്റിയും അവർ നിരന്തരം പഠനവിധേയമാക്കുകയും ചെയ്തു. ഔഷധസസ്യങ്ങളുടെ ഗുണമേന്മ മനസ്സിലാക്കിയ ഡച്ചുകാർ അവയെ ലോകത്തിനു പരിചയപ്പെടുത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കി സസ്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥശേഖരം തയ്യാറാക്കുവാൻ തീരുമാനിച്ചു. അങ്ങനെ നമ്മുടെ സസ്യ സമ്പത്തിനെപ്പറ്റിയുള്ള ബ്രഹത്ഗ്രന്ഥമായ ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥസമുച്ചയം പിറവിയെടുത്തു. 1678-നും 1703-നും ഇടയിലായി പന്ത്രണ്ട് വാല്യങ്ങളായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാള ലിപിയിൽ ആദ്യമായി അച്ചടിമഷി പുരണ്ടതും ഈ പുസ്തകത്തിന്റെ അച്ചടിയിലായിരുന്നു എന്ന വാദവും ഈ പുസ്തകവുമായി ബന്ധപെട്ടു നിലനിൽക്കുന്നുണ്ട്.

ഡച്ചുകാർ മറ്റ് അധിനിവേശക്കാരെ അപേക്ഷിച്ച് മാന്യന്മാരും തദ്ദേശീയരുമായി ഇണങ്ങിപ്പോരുന്നവരും ആയിരുന്നു. ഇവിടെ നിലനിന്നിരുന്ന പാരമ്പര്യ ചികിത്സ സ്വായത്തമാക്കിയ ഡച്ച് ഭരണാധികാരികൾ തങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും പാരമ്പര്യ മരുന്നുകൾ ഉപയോഗിക്കുവാൻ പ്രേരിപ്പിച്ചിരുന്നു. തദ്ദേശീയമായ ഔഷധങ്ങളും സസ്യങ്ങളും ചേർത്ത് നിർമ്മിച്ച് ഡച്ചുകാർ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയ്ക്ക് കാഴ്ചവച്ച ‘മരുന്നുകട്ടിൽ’ പദ്മനാഭപുരം കൊട്ടാരത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

തദ്ദേശീയമായ പാരമ്പര്യ മരുന്നുകളെ സ്വാംശീകരിക്കുന്നതിനോടൊപ്പം അലോപ്പതി ചികിത്സയുടെ ആശുപത്രികളും ഡച്ചുകാർ കൊച്ചിയിൽ സ്ഥാപിച്ചു. 1728-ൽ പള്ളിപ്പുറത്ത് ഇവർ സ്ഥാപിച്ച കുഷ്ഠരോഗാശുപത്രി കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക ആശുപത്രിയായി കണക്കാക്കപ്പെടുന്നു.ഡച്ച് അധിനിവേശകാലത്ത് കുഷ്ഠരോഗമായിരുന്നു കൊച്ചിയെ പിടിച്ചുകുലുക്കിയ മഹാമാരി. ഇന്ത്യയിൽ ഏറ്റവുമധികം കുഷ്ഠരോഗികളുള്ള നാട്ടുരാജ്യവും കൊച്ചി ആയിരുന്നു. പാരമ്പര്യ ചികിത്സകൊണ്ട് മാത്രം കുഷ്ഠരോഗം മാറില്ലെന്ന് മനസ്സിലാക്കിയ ഡച്ചുകാർ ആധുനിക വൈദ്യശാസ്ത്രത്തെയും, പാരമ്പര്യ ചികിത്സ സമ്പ്രദായത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സ സമ്പ്രദായം നടപ്പിലാക്കുവാൻ തീരുമാനിച്ചു. തുടർന്ന് ഗൃഹ സന്ദർശനങ്ങളിലൂടെ രോഗികളെ കണ്ടെത്തുകയും രോഗികളായവരെ കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് മാറ്റിപ്പാർപ്പിക്കുകയും പ്രതിരോധ ചികിത്സ നിരന്തരം നൽകുകയും ചെയ്തു.

കുഷ്ഠരോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേക ഭരണസമിതിയും, പ്രവർത്തനങ്ങൾക്കായി വർഷാവർഷം വലിയൊരു സംഖ്യ മാറ്റിവയ്ക്കുകയും ചെയ്തു. ഡച്ചുഭരണാധികാരികൾ അവസരോചിതമായി നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ കൊച്ചിയിൽ നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരുന്ന കുഷ്ഠരോഗത്തെ തടഞ്ഞു നിർത്തുവാൻ ഏറെ സഹായിച്ചു. 1795-ൽ കൊച്ചിയിലെ ഡച്ച് മേൽക്കോയ്മ അവസാനിച്ചുവെങ്കിലും തുടർന്ന് കൊച്ചി ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കുന്ന രാജ്യമായി മാറി.

ഡച്ചുകാർ നടപ്പിൽ വരുത്തിയ ആരോഗ്യപരിപാലനരംഗത്തെ പ്രവർത്തനങ്ങൾ അവർ കൊച്ചിയിൽ നിന്നും പിന്മാറിയ ശേഷവും രാജഭരണകൂടം പിന്തുടർന്നു.1845-ൽ രാമവർമ തമ്പുരാന്റെ ഭരണകാലത്താണ് എറണാകുളത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ജനറൽ ആശുപത്രി സ്ഥാപിക്കുന്നത്.  ആധുനിക ചികിത്സാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് രാജകുടുംബത്തിന് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നു. 1875-ൽ തൃശ്ശൂരിൽ സ്ഥാപിച്ച ആധുനിക പാശ്ചാത്യ മാതൃകയിലുള്ള ആശുപത്രി തന്നെയാണിതിന്റെ മികച്ച ഉദാഹരണം. 1885-ൽ ചിറ്റൂരിൽ ആശുപത്രി സ്ഥാപിച്ചു. 1888-ൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആശുപത്രികളാണ് അധികൃതർ പടുത്തുയർത്തിയത്. തൃപ്പൂണിത്തുറയിലും, ഇരിങ്ങാലക്കുടയിലും, മട്ടാഞ്ചേരിയിലുമായിരുന്നു ഈ ആശുപത്രികൾ.

ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കോഴിക്കോട്ട് 1845-ൽ ജനറൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പാലക്കാട്ട് ആശുപത്രിയും പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി, കണ്ണൂർ, പൊന്നാനി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ബ്രിട്ടന്റെ പ്രവശ്യ ഭരണകൂടം ആശുപത്രികൾ സ്ഥാപിച്ചു. തിരുവിതാംകൂറുമായും, കൊച്ചിയുമായും താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടീഷ് മലബാറിലെ ആരോഗ്യ പരിപാലന രംഗത്ത് ജനകീയ പങ്കാളിത്തം കുറവായിരുന്നു എന്ന പരാമർശങ്ങൾ അക്കാലത്തുതന്നെ ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ തന്നെയാകണം ഇതിന്റെ കാരണങ്ങൾ. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും സൈനികർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സംരക്ഷണം നൽകുന്ന നയത്തിൽ അധിഷ്ഠിതമായ ഒരു ഭരണ വ്യവസ്ഥ അവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങൾ ആരോഗ്യപരിപാലനരംഗത്തും പ്രതിഫലിച്ചിരുന്നേക്കാം.തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായിരുന്ന ജനക്ഷേമ പദ്ധതി പ്രവർത്തനങ്ങൾക്ക് മലബാറിൽ പരിധികളുണ്ടായിരുന്നു. നാട്ടുരാജാക്കന്മാർ പ്രജകളോട് കാണിച്ച സ്നേഹവും കരുതലും സമ്പത്ത് കൊള്ളയടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രം വികസന പ്രവർത്തനങ്ങൾ നടത്തിയ ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നില്ല. അതിന്റെ അനന്തര ഫലമായി മറ്റ് രണ്ട് നാട്ടുരാജ്യങ്ങളെയുമപേക്ഷിച്ച് ആരോഗ്യപരിപാലനമുൾപ്പെടെയുള്ള ജനക്ഷേമ മേഖലകളിൽ മലബാർ ഏറെ പിന്നോക്ക അവസ്ഥയിലായി.

തുടരും

ഡെന്നി തോമസ് ,വട്ടക്കുന്നേൽ

Share News