പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്.

Share News

പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.

രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

നാളെ തുറമുഖത്തണയുന്ന ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് നാം. നിരവധി പ്രതിസന്ധികൾ മറികടന്ന് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നതിൽ നാടിനാകെ അഭിമാനിക്കാം. ഈ നേട്ടത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് മുന്നോട്ടു പോകാനും കൂടുതൽ ഉയരങ്ങളിലേയ്ക്ക് കേരളത്തെ നയിക്കാനും നമുക്കൊരുമിച്ചു നിൽക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News