മെഡിക്കൽ സ്റ്റോറിലെ പെൺകുട്ടി|”ഈ ലോകം മുഴുവൻ നന്മയുള്ള ഹൃദയങ്ങൾ കൊണ്ട് നിറഞ്ഞതാണ്…”
മെഡിക്കൽ സ്റ്റോറിലെ പെൺകുട്ടി—-
മകളെ ഡോക്ടറെ കാണിച്ചപ്പോൾ കുറിച്ച് തന്ന മരുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ കിട്ടിയില്ല.ടൗണിൽ കിട്ടുമെന്ന് കടക്കാരൻ പറഞ്ഞു.അന്ന് സ്വന്തമായി വാഹനമൊന്നും ഇല്ലാത്തത് കൊണ്ട്,ബസ്സിന് ടൗണിലെത്തി.
സർക്കാർ ആശുപത്രിക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറിലെത്തി.കൗണ്ടറിലുണ്ടായിരുന്ന പെൺകുട്ടിക്ക്കുറിപ്പ് നൽകി.
മരുന്ന് എടുക്കാനായ് അവർ അകത്തേക്ക് പോയിമരുന്നിനായ് കാത്തു നിൽക്കുന്നതിനിടയ്ക്ക്അവിടേക്ക് പർദ്ദ ധരിച്ച കുറച്ച് പ്രായമുള്ള ഒരുമ്മ വന്നു.ചെറിയ പഴയ ഒരു പ്ലാസ്റ്റിക് കവറിൽ നിന്നുംമടക്കി വെച്ച ഒരു മരുന്നിന്റെ കുറിപ്പ് എടുത്ത് കടക്കാരനു നേരെ നീട്ടി,
ഞാൻ ശ്രദ്ധിച്ചു,അത് കുറച്ച പഴക്കമുള്ള ലിസ്റ്റ് പോലെ തോന്നിയെനിക്ക്.കടക്കാരൻ കുറിപ്പ് വായിച്ചു നോക്കി ചോദിച്ചു,
“എത്ര ദിവസ്സത്തേക്കുള്ളത് വേണം”
“പത്ത് ദിവസ്സത്തേക്കുള്ളത് മതി”“എത്രയാകും?”കടക്കാരൻ തുക പറഞ്ഞു.പ്ലാസ്റ്റിക് കവറിലേക്ക് വീണ്ടും കൈകളിട്ടു കുറച്ചു നോട്ടുകളും,നാണയങ്ങളും കൗണ്ടറിനു മേലെ വെച്ച് എണ്ണി നോക്കുകയായിരുന്നു ആ ഉമ്മ.
അപ്പോഴേക്കും എനിക്കുള്ള മരുന്നുമായ്പെൺകുട്ടി എത്തി,ഞാൻ തുക ചോദിച്ചു,കാശെടുത്ത് കൊടുത്തു .
എനിക്ക് എന്തോ ആ ഉമ്മയുടെ ദയനീയമായമുഖം കണ്ട് വിഷമം തോന്നി,ഞാൻ അവിടെ നിന്നു.ആ ഉമ്മ കാശ് എണ്ണിയതിന് ശേഷം,പത്ത് ദിവസത്തെ മരുന്നിനുള്ള കാശ് കൗണ്ടറിൽമാറ്റി വെച്ചു എന്നിട്ട്,“ശരി എടുത്തോളു« എന്ന് പറഞ്ഞു.
വീണ്ടും കവറിനകത്ത് നിന്നും മറ്റൊരു കുറിപ്പ്എടുത്തു അത് പുതിയ കുറിപ്പ് പോലെ തോന്നിഎനിക്ക്,
“ഇതിനെത്രയാകും?”ഇപ്രാവശ്യം കുറിപ്പ് വാങ്ങിയത് പെൺകുട്ടി ആയിരുന്നു.എന്നിട്ട് ആ കുട്ടി പറഞ്ഞു,
“ഇതിൽ ഒരു മാസത്തേക്ക് ഏഴുതിയിട്ടുണ്ട്അതിന് ഇത്ര കാശ് ആകും”ഉമ്മ വീണ്ടും ചോദിച്ചു,“അപ്പോൾ പകുതിക്ക് എത്രയാകും?”
വീണ്ടും ആ പാവം ഉമ്മ കാശുകൾ എണ്ണി നോക്കി,പകുതി മരുന്നിനുള്ള തുക പെൺകുട്ടി പറഞ്ഞു,പെൺകുട്ടിയുടെ വിനയത്തോടെയും,സ്നേഹത്തോടെയുമുള്ള സംസാരം കേട്ട് ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചുനല്ല വട്ടമുഖമുള്ള, ഇരു നിറമുള്ള,പൊട്ട് തൊട്ട ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ.
ഉമ്മ ഉണ്ടായിരുന്ന കാശിൽ നിന്ന് കുറച്ച് നാണയത്തുട്ടുകൾ എടുത്ത് ബാാക്കി കൗണ്ടറിൽ വെച്ചു പറഞ്ഞു,“ഇതിന് കിട്ടുന്നത് മതി”“വേറെ പൈസ ഇല്ല”കൈയിൽ ചുരുട്ടിപ്പിടിച്ച നാണയത്തുട്ടുകൾ നോക്കി പറഞ്ഞു,“ഇത് ബസ്സിന് വേണം”
പെൺകുട്ടി മരുന്നെടുക്കാൻ പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ വിളിച്ചു,പറഞ്ഞു, “ഉമ്മാക്ക് മുഴുവൻ മരുന്നും,ആദ്യത്തെ ലിസ്റ്റിലുള്ളതും, ഈ ലിസ്റ്റിലുള്ളതും കൊടുത്തേക്കൂ”“കാശ് ഞാൻ തരാം”എന്റെ കൈവശമുള്ള കാശ് തികയുമോ ഇല്ലയോ എന്ന് ഞാൻ ചിന്തിച്ചില്ല.
അത് കേട്ട ഉമ്മ“വേണ്ട മോനെ സാരമില്ല”“ഒരാഴ്ച കഴിഞ്ഞ് ഞാൻ വാങ്ങിച്ചോളാം”“കുഴപ്പമില്ല ഉമ്മാ”“ഉമ്മാന്റെ മോനെപ്പോലെ കണ്ടാ മതി,എന്നെ”ആ കണ്ണുകൾ നിറഞ്ഞു,
“ന്റെ മോനുള്ള മരുന്ന് തന്നെയാ ഈ മരുന്നൊക്കെ”
“ആകെയുള്ള ഒരു ആൺതരി ആയിരുന്നു”“അവൻ അടുത്ത വീട്ടിലെ പ്ലാവിൽ ചക്ക ഇടാൻ കയറിയതാ”
“വെള്ളിയാഴ്ച കാലത്തെ വേണ്ടാന്ന് ഞാൻ പറഞ്ഞതാ, കേട്ടില്ല”“അള്ളാഹുവിൻ്റെ വിധി ആയിരിക്കാം”
“ഞാൻ പറഞ്ഞത് കേൾക്കാതെഅവൻ കയറി”
”ആ വീട്ടുകാരും പറഞ്ഞതാ വൈകിട്ട് ഇട്ടാൽ മതിയെന്ന് ”
“മുകളിൽ എത്തി ഒരു ചക്ക താഴെയിട്ടിരുന്നു”,
“പിന്നീട് ”ഉമ്മാ..”എന്ന് വിളിയോടെ ന്റെ മോൻ താഴേക്ക് വീണു”
“കുറേ നാൾ ആശുപത്രിയിൽ കിടന്നു”“പാവം ആ വീട്ടുകാരും കുറേ പൈസ ചിലവാക്കി”
“അരക്ക് താഴെ തളർന്ന് പോയ എന്റെ മോൻകിടപ്പിലായി”
“ആദ്യമാദ്യം കുറേ പേർ സഹായിച്ചിരുന്നു”
“ഇപ്പോൾ ആരും വരാറോ ചോദിക്കാറോ ഒന്നുമില്ല”
“അവരെയും കുറ്റം പറയാനൊക്കില്ലല്ലൊ?”
“അവർക്ക് നമ്മളെ മാത്രം സഹായിച്ചാൽ പോരല്ലൊ,മറ്റുള്ളവരും ഉണ്ടാകുമല്ലൊ എന്നെപ്പോലെ…”ഉമ്മ പറയുന്നത് കേട്ട് നിന്ന ഞാൻ താഴോട്ടും,മറ്റു ഭാഗത്തേക്കും നോക്കി നിന്നു,എന്തോ, ആ മുഖത്തേക്ക് നോക്കാനുള്ള ശക്തിഎനിക്കില്ലായിരുന്നു.
ഞാൻ കരഞ്ഞു പോകുമെന്ന് പേടിച്ചുഉമ്മയുടെ എല്ലാ മരുന്നുകളും പെൺകുട്ടി കൊടുത്തു.ഞാൻ കാശ് ചോദിച്ചു പോക്കറ്റിൽ നിന്നും കാശ് എടുത്ത് കൊടുത്തു.
ഭാഗ്യത്തിന് എന്റെ കൈവശമുണ്ടായിരുന്ന കാശ് തികഞ്ഞു.ഉമ്മയോട് നിങ്ങൾ പൊയ്ക്കോളൂ ഉമ്മാ എന്ന് പറഞ്ഞു,കുറേ പ്രാർത്ഥനകളും നൽകിയാണ് ആ ഉമ്മ പോയത്.
മരുന്നിന്റെ കാശ് കൊടുത്ത് കഴിഞ്ഞപ്പോൾ, പിന്നെ കൈയിൽ ബസ്സിനുള്ള പൈസയും,പിന്നെ കുറച്ചു പൈസയും ബാക്കിയുണ്ടായിരുന്നു.
വീട്ടിൽ നിന്നും വരുമ്പോൾ അത്യാവശ്യത്തിനുള്ള കാശ് മാത്രമേ കരുതിയിരുന്നുള്ളൂ,മരുന്ന് കിട്ടാതാകും ടൗണിലേക്ക് വരേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
കൂടാതെ ഒരു മരുന്ന് മാത്രം വാങ്ങിക്കാനും ബാക്കിയായ് പിന്നെയും കാശ് ഉണ്ടായിരിന്നു കൈയിൽ.അന്ന് എ ടി എം കാർഡോ മറ്റോ എനിക്കില്ലായിരുന്നു.
മെഡിക്കൽ സ്റ്റോറിൽ നിന്നും, ബസ് സ്റ്റാൻഡിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ,അവിടെ അടുത്ത് തന്നെ ഒരു ജ്യൂസ് കട കണ്ടു,നല്ല ചൂട് കലാവസ്ഥയായിരുന്നു,വല്ലാത്ത ദാഹമുണ്ടായിരുന്നു,അകത്ത് കയറി ഇരുന്നു,വേറെയും കുറെ പേർകടയിൽ ഇരിക്കുന്നുണ്ടായിരുന്നു,
ആരെയും ശ്രദ്ധിച്ചില്ല,വെയിറ്ററോട് ഇഷ്ടപ്പെട്ട ഒരു ജ്യൂസിന്റെ വില ചോദിച്ചു,വില കേട്ടപ്പോൾ ആ ഉമ്മ നോക്കിയത് പോലെ, എനിക്ക് കാശെടുത്ത് എണ്ണി നോക്കേണ്ടി വന്നു,ബസ്സ് ചാർജ് കഴിച്ച് ബാക്കിയുള്ള തുക ജ്യൂസിന് തികയില്ല,“ശകലം ഉപ്പിട്ട് ഒരു ലൈം സോഡാ മതി”
കുറച്ച് നേരം കാത്തിരുന്നു,വെയിറ്റർ ഞാൻ നേരത്തെ വില ചോദിച്ച ജ്യൂസുമായി വരുന്നു..!!“ഞാൻ ഇത് വേണ്ട,ലൈം സോഡാ മതിയെന്ന് പറഞ്ഞതാണല്ലൊ?!”
“ഇത് നിങ്ങൾക്ക് വേണ്ടി ആ കുട്ടി ഓർഡർ ചെയ്തതാ..”“ഏത് കുട്ടി?!”“അതാ, ആ പെൺകുട്ടി…”ചൂണ്ടിക്കാണിച്ച ഭഗത്തേക്ക് നോക്കി,ചന്ദന നിറമുള്ള ചുരിദാർ ഇട്ട ഒരു പെൺകുട്ടിജ്യൂസ് കടയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു,മുഖം കണ്ടില്ല,എങ്കിലും സംശയം തീർക്കാൻ വെയിറ്ററോട് ചോദിച്ചു,
“അത് ആ മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്ന?!!”…
“അതെ, ആ കുട്ടി തന്നെ…”മറ്റൊന്നും ചോദിച്ചില്ല,നല്ല തണുത്ത ജ്യൂസ് കുടിച്ച്,ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുമ്പോൾമനസ്സ് പറഞ്ഞു,”ഈ ലോകം മുഴുവൻ നന്മയുള്ള ഹൃദയങ്ങൾ കൊണ്ട് നിറഞ്ഞതാണ്…”
“ചുരുക്കം ചിലർ കാരണം,ആളുകൾ പറയുന്നു ഇന്നത്തെ കാലം ശരിയല്ല, ആളുകൾ ശരിയല്ല എന്ന്…!!
Courtesy