
*ചെല്ലാനത്തെ കടലാക്രമണം ഒരു കറവപ്പശുവാണ്!*
മനുഷ്യപ്പറ്റുള്ളവരുടെ നെഞ്ചിലെ തീയാണ് ചെല്ലാനം!
ഇനിയും മൂന്നു മാസം കൂടി കഴിഞ്ഞാൽ ചെല്ലാനത്ത് വീണ്ടും കടൽകയറും. ആ ജനവും അവരുടെ പാർപ്പിടങ്ങളും വസ്തുവകകളുമാകെ വെള്ളത്തിലും ചെളിയിലും കുതിരും… അവർ നിസ്സഹായരായി നെട്ടോട്ടമോടേണ്ടി വരും… ഭീതി നിറഞ്ഞ മനസ്സുകളും മിഴിനീരൊഴുകുന്ന കണ്ണുകളും ദു:ഖവും അരിശവും നിറഞ്ഞ ഹൃദയങ്ങളുമായി ചെല്ലാനംകാർ ജീവിതത്തെ പഴിച്ച് ഒരു മഴക്കാലം കൂടി കടക്കേണ്ടി വരും…
പക്ഷേ, ഇത്തരമൊരു കാലം കാത്തു കൊതിച്ചിരിക്കുന്ന പണക്കൊതിയരായ മനുഷ്യ ചെന്നായ്ക്കളും ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്നും നിലവിൽ കാണുന്ന മെല്ലെ പോക്കിൽ നിന്നും ഏതാണ്ട് വ്യക്തമാണ്.
ജിയോ ട്യൂബ് എന്ന ‘പരീക്ഷണ’ വസ്തു ചിലർക്കൊക്കെ തെല്ലൊന്നുമല്ല കറവപ്പശുവായിത്തീരുന്നത് … അതു വാങ്ങാൻ കാണിക്കുന്ന ഉത്സാഹത്തിനാണ് നാം അവാർഡു കൊടുക്കേണ്ടത്! ലോ സീ ലെവലിൽ വേണം ജിയോ ട്യൂബ് സ്ഥാപിക്കാൻ എന്ന് അറിയാത്തവർ ആരുമില്ല. ലോകമെമ്പാടും അതാണ്, അതു മാത്രമാണ് രീതി! തത്സംബന്ധിയായി മദ്രാസ് IIT യുടെ പഠനറിപ്പോർട്ടും ജലസേചന വകുപ്പിൻ്റെ കൈവശമുണ്ട്. അതിനാൽ, ശാസ്ത്രീയമായി അതു സ്ഥാപിക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്കു കഴിഞ്ഞില്ല എന്നത് അവരുടെ വീഴ്ചയായല്ല, മറിച്ച്, അവരുടെ പദ്ധതിയുടെ ഭാഗമായാണ് നാം കാണേണ്ടത്. ‘പരീക്ഷണാർത്ഥം’ എന്നൊരു വാക്കു കുറിച്ചാൽ എന്തും ഇവിടെ അഡ്ജസ്റ്റു ചെയ്യാവുന്നതേയുള്ളൂ. എല്ലായിടത്തും കടലിൽ ചെയ്തു വിജയിച്ചിട്ടുള്ള ഒരു രീതി ചെല്ലാനത്തുമാത്രം എന്തിനാണ് കരയിൽ ‘പരീക്ഷിച്ചത്’? ഓഫ് ഷോർ എന്ന് മുഖ്യമന്ത്രി പരസ്യമായി ഉറപ്പിച്ചു പറഞ്ഞ കാര്യം ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് ഓൺ ഷോർ ആക്കിയത്? ഉത്തരം ഒന്നേയുള്ളൂ: എല്ലാം, ‘തടയാൻ’ വേണ്ടി മാത്രം!
കഴിഞ്ഞ കടലാക്രമണ കാലത്ത് കടലിനെ തടയാൻ ‘പരീക്ഷിച്ച’ ജിയോ ബാഗ് കഴിഞ്ഞ വർഷം മാത്രം ഒരു കോടി എഴുപതു ലക്ഷം രൂപയോളമാണ് ‘തടഞ്ഞത്’. കടലിനെ തടയുന്നതിൽ വിജയമൊന്നുമുണ്ടായില്ലെങ്കിലും ചിലർക്ക് അത് വൻ വിജയമായിരുന്നു … അക്കൂട്ടർ ഇനിയും ട്യൂബും ബാഗുമൊക്കെയായി കാത്തു കാത്തുനില്പാണ്, അടുത്ത കടലാക്രമണത്തിനായി. അതെ, ചെല്ലാനത്ത് കടലാക്രമണം ഉണ്ടായേ തീരൂ… എന്നാലേ, ചിലർക്ക് എന്തെങ്കിലും തടയൂ …
എന്നിട്ടും മുഖ്യമന്ത്രിയോ ജലസേചന വകുപ്പു മന്ത്രിയോ ഫിഷറീസ് വകുപ്പു മന്ത്രിയോ സ്ഥലം എംഎൽഎയോ എംപിയോ ജില്ലാ കളക്ടറോ ഒന്നും അറിയാത്തവരെപ്പോലെ നടക്കുന്നത് എന്തുകൊണ്ടാണ്?*
വാൽക്കഷണം: ചെല്ലാനത്തിന് ശാപമോക്ഷം ലഭിക്കണമെങ്കിൽ ചെല്ലാനത്തിൻ്റെ തീരസംരക്ഷണം കാന പണിതു മാത്രം ശീലമുള്ള ജലസേചനവകുപ്പിൽ നിന്ന് എടുത്തു മാറ്റി മന:സാക്ഷിയും ആത്മാർത്ഥതയും ഉള്ളവരെ ഏല്പിക്കണം.*

ഫാ .ജോഷി മയ്യാറ്റിൽ