
ഒരു സ്യൂട്ട്കെയ്സിൻ്റെ കഥ
സെമിനാരി പഠനകാലത്ത്
രണ്ടു വർഷത്തെ ഫോർമേഷൻ പ്രോഗ്രാം ഫിലിപ്പീൻസിൽ വച്ചായിരുന്നു.
പാസ്പോർട്ട് എടുത്തതും
ആദ്യമായ് നടത്തിയ
വിമാനയാത്രയുമെല്ലാം ഓർക്കുന്നു.
വിദേശയാത്രയ്ക്കുള്ള ടിക്കറ്റ്
ലാസലെറ്റ് സഭയാണ് നൽകിയത്.
എന്നാൽ മറ്റ് സാധനങ്ങളെല്ലാം
ഞങ്ങൾ തന്നെ വാങ്ങിക്കണമായിരുന്നു.
അത്യാവശ്യം വേണ്ട വസ്ത്രങ്ങൾക്കുള്ള പണമെല്ലാം വീട്ടുകാർ സ്വരൂപിച്ചു.
ഒരു സ്യൂട്ട് കേയ്സ് വാങ്ങാൻ
കടയിൽ പോയെങ്കിലും സാധിച്ചില്ല. എയർപോർട്ടിൽ ലഗേജുകൾ വലിച്ചെറിയുമ്പോൾ കേടുപറ്റാത്ത
സ്യൂട്ട്കെയ്സ് വാങ്ങാനുള്ള പണം തികഞ്ഞില്ല.
വിഷമത്തോടെ ഇരിക്കുന്ന സമയത്താണ് അയൽവാസിയായ ആട്ടോക്കാരൻ ദേവസി ചേട്ടനും കുടുംബവും
വിശേഷങ്ങളറിയാൻ വരുന്നത്.
അദേഹം ചോദിച്ചു:
”സാധനങ്ങളെല്ലാം വാങ്ങിയോ?”
”കുറച്ചൊക്കെ വാങ്ങി…
എന്നാൽ സ്യൂട്ട്കെയ്സ് മാത്രം
വാങ്ങിച്ചിട്ടില്ല” ….
”അതിനെന്താ അതു ഞാൻ ഏർപ്പാടാക്കാം” എന്നു പറഞ്ഞ് അപ്പോൾ തന്നെ
ഭാര്യയോടൊപ്പം അദ്ദേഹം വീട്ടിലേക്ക് പോയി.
അധികം വൈകാതെ അവർ തിരിച്ചെത്തി.
കയ്യിൽ മിന്നിത്തിളങ്ങുന്ന സ്യൂട്ട്കെയ്സ്!
അതെനിക്ക് സമ്മാനിച്ച് ദേവസി ചേട്ടൻ പറഞ്ഞു:
“കഴിഞ്ഞയാഴ്ച ഞാൻ ഗൾഫിൽ നിന്നു വന്നപ്പോൾ കൊണ്ടുവന്നതാണ്.
ഒന്നും വിചാരിക്കണ്ട,
ഇത് നിനക്കുള്ളതാണ്!”
അവർ യാത്രയായപ്പോൾ എൻ്റെ കുടുംബത്തിലെ അന്ധകാരത്തിൽ
അവർ തെളിച്ച തിരിവെട്ടം
എത്ര വലുതാണെന്ന്
ഞാൻ തിരിച്ചറിയുകയായിരുന്നു.
വർഷങ്ങൾക്കു ശേഷം
മൂന്നാഴ്ച മുമ്പ് ദേവസി ചേട്ടനെ
കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു:
“അച്ചനിതെല്ലാം ഓർത്തിരിക്കുന്നുണ്ടോ…. ഞാനതെല്ലാം എന്നേ മറന്നു”
എന്നായിരുന്നു അദേഹത്തിൻ്റെ വാക്കുകൾ…
അപ്പോൾ ഞാൻ പറഞ്ഞു:
“ദേവസി ചേട്ടനറിയുമോ,
നമ്പർ ലോക്കുള്ള സ്യൂട്ട്കെയ്സ്
ആയിരുന്നു അത്.
ചേട്ടൻ പറഞ്ഞുതന്ന 650 എന്ന
ലോക്ക് നമ്പർ പോലും
ഞാൻ ഇന്നും ഓർത്തിരിപ്പുണ്ട്.”
അദ്ദേഹത്തിൻ്റെ കണ്ണുകളിലെ
വിസ്മയ തിളക്കം ഇതു കുറിക്കുമ്പോഴും കൺമുമ്പിലുണ്ട്.
”നിന്നിലുള്ള വെളിച്ചം
ഇരുളാകാതിരിക്കാന്‍
സൂക്‌ഷിച്ചുകൊള്ളുക ” (ലൂക്കാ 11 : 35)
എന്ന ക്രിസ്തുവചനം വായിച്ചപ്പോൾ
പെട്ടെന്ന് മനസിൽ പതിഞ്ഞതാണ്
ഈ സംഭവം.
മറ്റുള്ളവൻ്റെ ആവശ്യങ്ങൾ കണ്ട്
അവരെ സഹായിക്കാൻ കഴിയുന്ന
കാഴ്‌ചയുള്ള മിഴികളാണ്
സമൂഹത്തിനാവശ്യം.
അല്ലാതെ കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ച് കടന്നു പോകുന്ന
കണ്ണുകളല്ല…
ഇന്നിലെ എന്നിലേയ്ക്ക് എത്തിച്ചേരാൻ അനേകം പേരുടെ പ്രകാശമുണ്ടെന്ന്
ഞാൻ തിരിച്ചറിയുന്നു.
എന്നിലെ പ്രകാശം അന്ധകാരമാകാതിരിക്കാൻ
കൃപയാകണമേ എന്നു പ്രാർത്ഥിക്കുന്നു.

ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 12-2020