
ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍|മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുംതോറും ഗ്രൂപ്പുവൈര്യം കൂടും.
ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ചലനം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പിയാണ്. സംസ്ഥാനത്ത് ഏറ്റവും പ്രതിച്ഛായയുള്ള കോണ്‍ഗ്രസിന്റെ യുവജന നേതാവും മറ്റാരുമല്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തിരഞ്ഞെടുപ്പ് നയിച്ചതെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയത് ഷാഫിയായിരിക്കും. മലബാര്‍ ബെല്‍റ്റ് പിടിച്ചെടുത്തതില്‍ ഷാഫിക്ക് വലിയ പങ്കുണ്ട്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ കഴിയുന്ന നേതാവാണ് ഷാഫി.
ഇടതുപക്ഷം ഏതൊക്കെ വിധത്തില്‍ നോക്കിയിട്ടും ഷാഫിയെ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, ഷാഫി പറമ്പിലിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ അവര്‍ക്കുതന്നെ ബുമാറാംഗ് ആയി മാറുകയും ചെയ്തിരുന്നു.
ഇടപക്ഷം നോക്കിയിട്ട് നടക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകരഹിതമായ മുഖ്യമന്ത്രി ചര്‍ച്ചക്ക് കഴിഞ്ഞിരിക്കുന്നു. ഷാഫിക്ക് എതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍തന്നെ തിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഷാഫി കെ.സി വേണുഗോപാലിന് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ മിക്ക നേതാക്കന്മാര്‍ക്കും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.

ഡല്‍ഹിയില്‍ ഇരിക്കുന്ന ഹൈക്കമാന്റുമാര്‍ക്ക് കേരളത്തിലെ സാധാരണപ്രവര്‍ത്തകരുടെ വികാരം മനസിലാകുന്നില്ലെന്നു തോന്നുന്നു. 10 ദിവസത്തോളമായിട്ട് സംസ്ഥാനത്ത് ഭരണം നിശ്ചലമായ അവസ്ഥയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുംതോറും ഗ്രൂപ്പുവൈര്യം കൂടും. നഷ്ടം കോണ്‍ഗ്രസിനുതന്നെയാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഗ്രൂപ്പുതിരിഞ്ഞ് മത്സരിച്ച് കാലുവാരും. അനന്തരഫലം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ഇടതുപക്ഷം ഭാഗ്യം ചെയ്തവരാണെന്നു പറയേണ്ടിയിരിക്കുന്നു. കനത്ത തോല്‌വിയില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന പൊട്ടിത്തെറികളെല്ലാം മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുങ്ങിപ്പോയി
നടയ്ക്കല്‍കൊണ്ടുപോയി കുടം ഉടയ്ക്കുന്നവരോടു എന്തു പറയാന്‍

നടയ്ക്കല്‍കൊണ്ടുപോയി കുടം ഉടയ്ക്കരുതെന്ന ഒരു പ്രയോഗം മലയാളത്തിലുണ്ട്. ജ്ഞാനികളായ കാരണവന്മാര്‍ പിന്‍തലമുറകള്‍ക്ക് കൈമാറിയ ഒരു ഉപദേശമായിക്കുമത്. കേരളത്തിലെ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഏതാണ്ട് അതു ശരിയായിരിക്കുകയാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുള്ള ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അല്പം സമയം കൂടുതല്‍ എടുത്തെന്നു വരാം.
പക്ഷേ, ഒരാഴ്ച കഴിഞ്ഞിട്ടും തീരുമാനം നീണ്ടുപോകുന്നത് ഒട്ടും നന്നല്ല. വോട്ടുചെയ്തു വിജയിപ്പിച്ചവരെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഇതു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ല, സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഫലത്തില്‍ ഗവണ്‍മെന്റ് ഇല്ലാത്ത ഒരാഴ്ചയാണ് കടന്നുപോയത്. കാവല്‍ ഗവണ്‍മെന്റ് ഉണ്ടെങ്കിലും നയപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലല്ലോ.
ഏതൊക്കെ രീതിയില്‍ പറഞ്ഞാലും ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് കഴിവല്ല ഗ്രൂപ്പാണ്. ഇനി ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താലും മറ്റു രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള അകലം വര്‍ധിച്ചുകൊണ്ടിരിക്കും. പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടായാല്‍ അതു ഭരണത്തെ ബാധിക്കും. തീരുമാനം വലിച്ചുനീട്ടിയ കേന്ദ്ര നേതൃത്വത്തിന്റെ രീതി പൊതുസമൂഹത്തില്‍ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായത് കേന്ദ്ര നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളായിരുന്നു. മെറിറ്റിനു പകരം മറ്റു മാനദണ്ഡങ്ങള്‍ ഇടംപിടിച്ചാല്‍ ഇപ്പോഴത്തെ കാലത്ത് അധികകാലം പിടിച്ചുനില്ക്കാന്‍ കഴിയില്ല.

80 സീറ്റില്‍ കൂടുതല്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ മിനിറ്റുകള്‍വച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേനെ. അല്ലെങ്കില്‍ ഒരു ഘടകകക്ഷി മറുകണ്ടം ചാടിയാല്‍ ചിലപ്പോള്‍ ഭരണംതന്നെ കയ്യില്‍നിന്നുപോകും. കൂടുതല്‍ സീറ്റു കിട്ടിയതാണ് തര്‍ക്കത്തിന് കാരണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നത് ആരും മറക്കരുത്.

എംഎല്‍എ അല്ലാത്തെ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ചിലപ്പോള്‍ പ്രതികരിച്ചെന്നു വരും. കുലുങ്ങാത്ത കോട്ടകൊത്തളങ്ങളൊന്നുമില്ലതിന്റെ ഏറ്റവും നല്ല ഉദാഹരണംകൂടിയായിരുന്നല്ലോ ഇപ്പോഴത്തെ തിരഞ്ഞെടുപ്പു ഫലം
Joseph Michael
