
മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം. സുപ്രീംകോടതിയുടേതാണ് തീരുമാനം. ഡാം സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മേല്‍നോട്ട സമിതിക്കാണ് ഇനി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിന്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.
അതുവരെ ഡാമിന്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് എ.എസ്.ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. താൽക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തർക്കം ഉണ്ടാവുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.