മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. |പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… |ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്.
കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു.
പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.
എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസ്സിൽ പ്രവാസിയായി മരണപ്പെട്ടു.
പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള്‍ അവർ പറഞ്ഞു മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം… എന്റെ കടമ എനിക്ക് നിർവ്വഹിച്ചേ മതിയാവൂ…. അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ…
മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു.ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു.
ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല.
മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ.
..നമുക്കും ഒരു ശരീരമുണ്ട്…
നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ… നമുക്ക് പ്രാർത്ഥിക്കാം…
അഷ്റഫ് താമരശ്ശേരി