
ഉള്ളിൽ സ്നേഹമുണ്ട്പക്ഷെ…പ്രകടിപ്പിക്കാനറിയില്ല…
ഉള്ളിൽ സ്നേഹമുണ്ട്
പക്ഷെ…
പ്രകടിപ്പിക്കാനറിയില്ല…
പലപ്പോഴും പലരും പറഞ്ഞുകേട്ട..
അല്ലെങ്കിൽ പലരെക്കുറിച്ചും പറഞ്ഞുകേട്ട വരികളാവുമിത്…
സ്നേഹം പ്രകടിപ്പിക്കുക എന്നതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്.?
സംസാരത്തിൽ തേനും പാലും ഒഴുക്കുകയോ.?
അതോ
മറ്റുള്ളവരുടെ മുന്നിൽവച്ച് അവരെ കാണിക്കാനെന്നപോലെ മാറോട് ചേർത്തുപിടിക്കുകയോ.?
എന്റെ അഭിപ്രായത്തിൽ ‘സ്നേഹം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇത്തരം പൊള്ളയായ പ്രഹസനങ്ങളല്ല..
മറിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ മനസ്സിൽ നമുക്കൊരു സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന രീതിയിലൊരു നോട്ടം മതി..
വിഷമിച്ചിരിക്കുന്ന നിമിഷങ്ങളിൽ ഒന്ന് ചേർത്തുപിടിച്ച്..
പോട്ടെ സാരമില്ല ഞാനില്ലേ…
എന്നൊരു വാക്കുമതി അവർക്ക് നമ്മോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ.
അത്രമേൽ നൊമ്പരപ്പെട്ടിരിക്കുന്ന നിമിഷങ്ങളിൽ..
നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് നമുക്ക് കിട്ടുന്ന സ്നേഹം കലർന്നൊരു നേർത്ത തലോടൽ..
അവരുടെ മനസ്സിൽനിന്ന് കണ്ണുകളിൽ പ്രതിഭലിച്ചുകാണുന്ന ഒരു കുഞ്ഞു പുഞ്ചിരി അത്രയും മതി നമ്മോടവർക്കുള്ള സ്നേഹം പ്രകടമാകാൻ.
ഒരു വ്യക്തിക്ക് നമ്മോടുള്ള ആത്മാർത്ഥമായ സ്നേഹം മനസ്സിലാക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല..
അയാളുടെ ഓരോ ചെയ്തികളിലും ആ കരുതൽ..സ്നേഹം…അത് പ്രതിഭലിക്കും.
ഇനി ചിലരുണ്ട് മനപ്പൂർവമായി നമുക്ക് പിടിതരില്ല.
നമ്മൾ ചിലരുടെയെങ്കിലും അച്ഛന്മാർ അക്കൂട്ടത്തിൽപ്പെടുന്നവരാകും…
പക്ഷെ അപ്പോഴും..
ആൾക്കൂട്ടത്തിൽ നമുക്കുനേരെ പാളിവീഴുന്ന അവരുടെ കരുതൽ നിറഞ്ഞ മിഴികളിലൂടെ..
അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ കഴിച്ചോ എന്നൊരു കുഞ്ഞന്വേഷണത്തിലൂടെയൊക്കെ അവർ പോലുമറിയാതെ അവരുടെ ഉള്ളിലെ സ്നേഹം വെളിവാകുക തന്നെ ചെയ്യും.
ഒന്ന് നാം എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്..
എത്ര അമൂല്യമായ വസ്തു തന്നെയായാലും അർഹതപ്പെട്ട കൈകളിൽ എത്തിയില്ലയെങ്കിൽ അതിന് പാഴ് വസ്തുവിന്റെ വിലപോലുമുണ്ടാവില്ല…
നമുക്കുള്ളിലെ സ്നേഹം..
അതിനർഹതപ്പെട്ടവർക്ക് പകർന്നുനൽകണം.
അവർ നമ്മളിൽ നിന്ന് സ്നേഹം കൊതിക്കുന്ന നിമിഷങ്ങളിലെല്ലാം അത് മനസ്സിന്റെ ഉള്ളറകളിൽ പൂട്ടിവച്ച്…ഒടുക്കം നഷ്ടപ്പെടുത്തിയ നിമിഷങ്ങളെയോർത്ത് വിഷമിക്കാനിടവരരുത്.
ആവോളം പകർന്നുനൽകുമ്പോഴല്ലേ എന്തും മഹത്വപൂർണമാകൂ…!
ഐശ്വര്യ സോഹൻ